ADVERTISEMENT

കോട്ടയം ∙ പമ്പയ്ക്ക് ആവശ്യത്തിനു കെഎസ്ആർടിസി ബസില്ല. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന തീർഥാടകർ വലയുന്നു. പ്രതിഷേധവുമായി യൂണിയനുകൾ. തിരക്ക് അനുസരിച്ച് സർവീസ് ക്രമീകരിക്കുന്നില്ലെന്നാണു പരാതി. കെഎസ്ആർടിസിയുടെ അന്വേഷണ കൗണ്ടർ പോലും വളരെ അകലെയാണെന്നും പരാതിയുണ്ട്. ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്നു പുറത്തേക്കു വരുന്ന അയ്യപ്പന്മാർക്ക് വേഗം കണ്ടുപിടിക്കാവുന്ന സ്ഥലത്തല്ല കൗണ്ടർ. ചുരുങ്ങിയതു 41 തീർഥാടകർ ഉണ്ടെങ്കിൽ പമ്പ സ്പെഷൽ സർവീസ് നടത്താമെന്നിരിക്കെ ഇതനുസരിച്ച് ബസ് ക്രമീകരിക്കാൻ അധികൃതർക്കാവുന്നില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഇതുസംബന്ധിച്ച് എല്ലാ ദിവസവും തീർഥാടകരും ജീവനക്കാരും തമ്മിൽ തർക്കവും ഉണ്ടാകുന്നുണ്ട്. അയ്യപ്പന്മാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

ഇതേസമയം, ഡ്യൂട്ടിയും അലവൻസും ഏകപക്ഷീയമായി വെട്ടികുറച്ചെന്നാരോപിച്ചു പമ്പ സർവീസുകൾ ബഹിഷ്കരിക്കാൻ തയാറെടുക്കുകയാണ് യൂണിയനുകൾ. സമരം സംബന്ധിച്ച് യൂണിയൻ ഭാരവാഹികൾ അധികൃതർക്ക് കത്തുനൽകി. വർഷങ്ങളായി തുടർന്നു വന്നിരുന്ന രീതി ഏകപക്ഷീയമായി മാറ്റി എന്നാണ് ആരോപണം.

കോട്ടയത്തു നിന്ന് എരുമേലി വഴി പമ്പയിലേക്കുള്ള സർവീസ് 2 ട്രിപ് പോയി വരുമ്പോൾ 3 ഡ്യൂട്ടിയായി കണക്കാക്കിയിരുന്നു. ഇതിനു 110 രൂപ സ്പെഷൽ അലവൻസും മുൻ വർഷങ്ങളിൽ നൽകിയിരുന്നു. എന്നാൽ, ഇത് 2 ഡ്യൂട്ടി ആയി കുറച്ചു. എരുമേലി – നിലയ്ക്കൽ ട്രിപ് പോയി കോട്ടയത്ത് തിരികെ എത്താൻ ഏകദേശം 18 മുതൽ 20 മണിക്കൂർ വരെ വേണ്ടി വരുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. ഇതു കൂടാതെയാണ് എരുമേലി മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്ക്. ശബരിമലയിൽ ദീപാരാധനയ്ക്കു ശേഷം അയ്യപ്പഭക്തർ മലയിറങ്ങി വരുന്നതുവരെ ബസുകൾക്ക് കാത്തുകിടക്കേണ്ടി വരുന്നുണ്ട്.

പമ്പ സ്പെഷൽ സർവീസ് സംബന്ധിച്ച് കെഎസ്ആർടിസി 2016ൽ ഇറക്കിയ ഉത്തരവാണ് ഇപ്പോഴും നിലനിൽക്കുന്നത്. ഇതു പരിഷ്കരിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. ഏകദേശം 36 മണിക്കൂർ ജോലി ചെയ്താൽ മാത്രമാണ് ഇപ്പോൾ 2 ഡ്യൂട്ടി ലഭിക്കുക. ഇത്തരത്തിൽ തുടരാൻ കഴിയില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.

ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നീ യൂണിയനുകളാണ് സർവീസ് ബഹിഷ്കരിക്കാൻ തയാറെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com