സർവീസ് ബസുകളും ഗതാഗതക്കുരുക്കിൽ
Mail This Article
തുലാപ്പള്ളി ∙ കോസ്‌വേ മൂലം ദുരിതം അനുഭവിച്ച മലയോരവാസികൾക്കു പാലം വന്നിട്ടും യാത്രാക്ലേശം. ശബരിമല തീർഥാടക തിരക്കിൽ കണമലയ്ക്കും തുലാപ്പള്ളിക്കുമുള്ള സർവീസ് ബസുകൾ കടത്തി വിടാത്തതാണ് പമ്പാവാലിക്കാർക്കു വിനയാകുന്നത്.
പമ്പാനദിയിൽ പാലം നിർമിക്കും മുൻപ് കോസ്‌വേയിലൂടെയാണു തീർഥാടക വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. ഇതുമൂലം തീർഥാടന കാലത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണു നേരിട്ടിരുന്നത്. എരുമേലിയിൽ നിന്നു കണമലയ്ക്കും തുലാപ്പള്ളിക്കും എത്തുന്ന ബസുകൾ അന്ന് പാതിവഴിയിൽ സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു.
ജനം കിലോമീറ്ററുകൾ നടന്നാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്. അതേ ദുരിതമാണ് ഏതാനും ദിവസങ്ങളായി മലയോരവാസികൾ അനുഭവിക്കുന്നത്. മുക്കൂട്ടുതറ – കണമല – ഇലവുങ്കൽ പാതയിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് തീർഥാടകരുടെ വാഹനങ്ങൾ.
പമ്പയ്ക്കുള്ള നിരയിൽ മാത്രമാണു കുരുക്കുള്ളത്. സർവീസ് ബസുകളും പൊലീസുകാർ ഈ നിരയിൽ പിടിച്ചിടുന്നു. എരുത്വാപ്പുഴയിലെ ചെക്പോസ്റ്റിലും ഇതേ കാഴ്ചയുണ്ട്. നിരയിൽപെടുന്ന സർവീസ് ബസുകൾ നിശ്ചിത സമയമാകുമ്പോൾ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിട്ടു തിരിച്ചുപോകുകയാണ്. മോട്ടർ വാഹന വകുപ്പും പൊലീസും ഇടപെട്ട് സർവീസ് ബസുകൾ കടത്തിവിടാനുള്ള ക്രമീകരണം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.