ADVERTISEMENT

ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ ഓർമയിൽ മകൻ ചാണ്ടി ഉമ്മൻ എംഎൽഎ എഴുതുന്നു;  അന്ന് ജനസമ്പർക്കത്തിൽ കണ്ടറിഞ്ഞതും ഇന്ന് നവ കേരള സദസ്സിൽ കാണുന്നതും... ചാണ്ടി ഉമ്മൻ എംഎൽഎ

പരാതി പരിഹാര പരിപാടിയായിരുന്നു ജനസമ്പർക്കം. എന്നാൽ നവകേരള സദസ്സിൽ പരാതി സ്വീകരണം മാത്രമാണ് നടക്കുന്നത്. കോട്ടയത്ത് അപ്പ നടത്തിയ ജനസമ്പർക്ക പരിപാടിയും നവകേരള സദസ്സുമായി താരത്മ്യം ചെയ്യാനാവില്ല. ജനസമ്പർക്ക പരിപാടിയിൽ 19 മണിക്കൂറും 50 മിനിറ്റും അപ്പ ജനങ്ങൾക്കിടയിൽ പരാതികൾ സ്വീകരിച്ചും പരിഹരിച്ചും ചെലവിട്ടു. വളരെ നിർബന്ധിച്ചപ്പോൾ മാത്രം ഓട്സോ കഞ്ഞിയോ കുടിച്ചാണ് അപ്പ തലേന്ന് രാവിലെ ഒൻപതു മുതൽ പിറ്റേന്ന് വെളുപ്പിന് അഞ്ചുവരെ ജനസമ്പർക്ക വേദിയിൽ നിന്നത്. 

പിന്നീട് നേരെ നാട്ടകം ഗെസ്റ്റ് ഹൌസിൽ പോയി കുളിച്ച ശേഷം തിരുവനന്തപുരത്ത് ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനും പോയി. അവസാനത്തെ ആളെയും നേരിൽക്കണ്ട ശേഷമായിരുന്നു അത്. 

പരാതിയുമായി വന്നവർക്കെല്ലാം അന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ കഞ്ഞിവിതരണത്തിൽ ഞാൻ ആദ്യന്തം പങ്കെടുത്തിരുന്നു. 76345 പരാതികളാണ് അന്നു കിട്ടിയത്. 57111 പരാതികൾക്ക് അന്നു പരിഹാരം കണ്ടു. രണ്ടു കോടി രണ്ടു ലക്ഷം രൂപയാണ് അന്നു മാത്രം വിതരണം ചെയ്തത്. ഒരു ധൂർത്തും ഇല്ലാതെയായിരുന്നു ഇതെല്ലാം. എന്നാൽ ഇന്ന് മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ടെങ്കിലും പരാതി പരിഹാരം ഉണ്ടാകുന്നില്ല.

എല്ലാ പരാതികൾക്കും ഒരേ തരത്തിലുള്ള മറുപടികളാണ് നൽകുന്നതും. ഇങ്ങനെ മറുപടി നൽകാനായിരുന്നെങ്കിൽ സെക്രട്ടറേറിയറ്റിലേക്ക് വിളിച്ച് പരാതി സ്വീകരിച്ചാൽ മതിയായിരുന്നല്ലോ. ഇത്രയധികം മന്ത്രിമാരെല്ലാം പങ്കെടുത്തിട്ടും ആരും പരിഹാരത്തിന് ഇടപെടുന്നില്ല എന്നത് സങ്കടകരമാണ്. 

പൗരപ്രമുഖർ എന്ന പ്രത്യേക പദവി നൽകി ജനങ്ങളെ വേർതിരിക്കുന്ന പരിപാടിയായിരിക്കുകയാണ് ഇത്. ഇന്ത്യയിലെ പൗരന്മാർക്കിടയിൽ വ്യത്യാസമില്ല എന്നുള്ളതിനാലാണ് ഭാരത രത്നം പോലും പദവിയാക്കാതെ ആദരമാക്കിയിരിക്കുന്നത്. 

വേലിക്കെട്ടുകൾ തകർത്ത് ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയായിരുന്നു ജനസമ്പർക്കം. ഇത് വേലിക്കെട്ടുകൾ സൃഷ്ടിച്ച് ജനങ്ങളെ മാറ്റിനിർത്തുകയും പൗരപ്രമുഖർക്ക് പ്രത്യേക പദവി നൽകി സ്വീകരിച്ചിരുത്തുകയും ചെയ്യുന്ന പരിപാടിയായിരിക്കുകയാണ്. ദോഷം പറയരുതല്ലോ, ബസിനു കയറാൻ മിക്കയിടത്തും മതിലുകൾ തകർക്കുന്നുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com