ചെമ്പിലരയൻ മത്സര വള്ളംകളി: താണിയൻ വള്ളം ജേതാവായി

Mail This Article
വൈക്കം ∙ ചെമ്പിലരയൻ മത്സര വള്ളംകളി ഇരുട്ടുകുത്തി എ ഗ്രേഡിൽ ടിബിസി കൊച്ചിൻ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ജേതാവായി. രണ്ടാം സ്ഥാനം തുരുത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിപ്പുറവും മൂന്നാം സ്ഥാനം തൈക്കൂടം ബോട്ട് ക്ലബ്ബിന്റെ പൊഞ്ഞനത്തമ്മയും നേടി. ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻ ബോട്ട് ക്ലബ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് മത്സര വള്ളംകളി സംഘടിപ്പിച്ചത്. 20 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞപുഴയാറ്റിൽ നടന്ന മത്സര വള്ളംകളി ആസ്വദിക്കാനായി ആറിന്റെ ഇരുകരകളിലും മുറിഞ്ഞപുഴ പാലത്തിലും ആറ്റിലെ ചെറുതും വലുതുമായ വള്ളം, ബോട്ട് എന്നിവയിലുമായി വൻ ജനാവലിയായിരുന്നു. ഇടയ്ക്കിടെ പെയ്ത മഴയിലും ആവേശം ചോരാതെ വിജയി ആരെന്ന് അറിയാൻ ജനം കാത്തിരുന്നു.
മൂവാറ്റുപുഴയാറ്റിലും കരയിലും ശക്തമായ സുരക്ഷയൊരുക്കി പൊലീസും അഗ്നിരക്ഷാസേനയും. ഇവരെ സഹായിക്കാൻ പ്രത്യേക പരിശീലനം നേടിയ റെസ്‌ക്യു ടീം ഒപ്പം ഉണ്ടായിരുന്നു. മുൻ എംഎൽഎയും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. മുൻ എംപി സെബാസ്റ്റ്യൻ പോൾ വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു.ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു.
ചെമ്പിലരയൻ ജലോത്സവ കമ്മിറ്റി ചെയർമാൻ എസ്.ഡി.സുരേഷ് ബാബു, കാംപ്‌കോ ചെയർമാൻ സി.കെ.ശശിധരൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, കെ.എസ്.രത്‌നാകരൻ, കെ.ശെൽവരാജ്, കുമ്മനം അഷറഫ്, എം.കെ.ശീമോൻ, കെ.ബി.രമ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രമുഖ വ്യവസായി വി.കെ.മുരളീധരൻ വാലയിൽ ഇടവട്ടം, ചെമ്പിലരയൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.ജെ.പോൾ ചുമ്മാരുപറമ്പിൽ എന്നിവർ ചേർന്നു നൽകി.