ADVERTISEMENT

കോട്ടയം ∙ വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ 30 സ്പെഷൽ ട്രെയിനുകൾ; മണ്ഡല തീർഥാടന കാലം അവസാനിക്കുമ്പോൾ സ്പെഷൽ ട്രെയിനുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് കോട്ടയം റെയിൽവേ സ്റ്റേഷൻ.    തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണു സ്പെഷൽ ട്രെയിനുകൾ കൂടുതൽ എത്തിയത്.  കൂടുതൽ ട്രെയിനുകൾ മകരവിളക്കു തീർഥാടന സമയത്തേക്കു ഷെഡ്യൂൾ ചെയ്തിട്ടുമുണ്ട്.

ഇരട്ടപ്പാത, മികച്ച സ്റ്റേഷൻ

ഇരട്ടപ്പാത വന്നതും ഇതിനൊപ്പം കോട്ടയം സ്റ്റേഷൻ നവീകരിച്ചതുമാണു ട്രെയിനുകൾ പരാതികളില്ലാതെ കൈകാര്യം ചെയ്യാൻ സാധിച്ചത്. 5 പ്രധാന പ്ലാറ്റ്ഫോമുകളും ഒരു ചെറിയ പ്ലാറ്റ്ഫോമും (1 എ) അടക്കം 6 പ്ലാറ്റ്ഫോം കോട്ടയത്ത് സജ്ജമാണ്. 1,2 പ്ലാറ്റ്ഫോമുകൾ വഴി ട്രെയിനുകൾ തെക്കോട്ടും വടക്കോട്ടുമുള്ള ട്രെയിനുകൾ കടത്തിവിടുമ്പോൾ. 3,4,5, 1 എ പ്ലാറ്റ്ഫോമുകൾ ട്രെയിനുകൾ നിർത്തിയിടാൻ ഉപയോഗിക്കുന്നു. 1 എ പ്ലാറ്റ്ഫോമിൽനിന്നാണ് 8 കോച്ചുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ പുറപ്പെട്ടത്. കോട്ടയത്ത് എത്തുന്ന ട്രെയിൻ 2–3 മണിക്കൂറിനുള്ളിൽ വൃത്തിയാക്കി വെള്ളം നിറച്ച് പുറപ്പെടാൻ സജ്ജമാക്കുന്നുണ്ട്. ദിവസം 3–4 ട്രെയിനുകൾക്കു കോട്ടയം സ്റ്റേഷനിൽനിന്നു പുറപ്പെടാൻ സാധിക്കും.

സൗകര്യം ഇനിയും വരണം

ട്രെയിൻ അറ്റകുറ്റപ്പണി നടത്താനുള്ള പിറ്റ്‌ലൈൻ സൗകര്യം കോട്ടയം സ്റ്റേഷനിൽ സജ്ജമാക്കണം. നിലവിൽ പുറപ്പെടുന്ന സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടത്തി കോട്ടയത്ത് എത്തി മടങ്ങിപ്പോകുന്ന പ്ലാറ്റ്ഫോം ടേൺ എറൗണ്ട് സംവിധാനത്തിൽ മാത്രമാകും ഇപ്പോൾ ട്രെയിൻ സർവീസ് ആരംഭിക്കാനാവുക. വെറുതെ കിടക്കുന്ന ടണൽ വഴിയുള്ള പഴയ പാത ഉപയോഗപ്പെടുത്തിയാൽ പിറ്റ്‌ലൈൻ നിർമിക്കാൻ സാധിക്കാമെന്ന നിർദേശമുണ്ട്.

കോട്ടയം സ്റ്റേഷനിൽനിന്ന് മുട്ടമ്പലം വരെ ഒരു കിലോമീറ്റർ ദൂരം പാളം വെറുതെകിടക്കുന്നുണ്ട്.  1 എ, 5 പ്ലാറ്റ്ഫോമുകളിലും വെള്ളം നിറയ്ക്കാൻ സൗകര്യം ഒരുക്കണം. വന്ദേഭാരത് സ്പെഷൽ സർവീസ് ആരംഭിച്ചപ്പോൾ മൂന്നാം പ്ലാറ്റ്ഫോമിൽ നിർത്തി വെള്ളം നിറച്ച ശേഷം 1 എയിലേക്ക് മാറ്റിയിടുകയായിരുന്നു. ഈ കാലതാമസം ഒഴിവാക്കാനാവും.പരാതികളില്ലാതെ സ്പെഷൽ ട്രെയിനുകൾ കൈകാര്യം ചെയ്ത മികവ് കോട്ടയത്തുനിന്നു കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിലേക്കു നയിക്കണമെന്നാണു     യാത്രക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com