ADVERTISEMENT

കോട്ടയം ∙ ഊർജം പ്രസരിപ്പിക്കുന്ന ചിരിയാണ് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റേത്. ഊർജതന്ത്രത്തിൽ നേടിയ ബിരുദത്തിന് ഇതുമായി ബന്ധമൊന്നുമില്ലെങ്കിലും വിശ്വാസങ്ങളിലുള്ള അടിയുറച്ച ബോധ്യവും ദൈവനടത്തിപ്പിലുള്ള തികഞ്ഞ വിശ്വാസവും അതിനു മാറ്റുകൂട്ടുന്നു. ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നോടു കൂടെയുണ്ട്’ എന്ന ബൈബിൾ വാക്യമാണ് അദ്ദേഹം ശുശ്രൂഷാജീവിതത്തിന്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മെത്രാഭിഷേക രജതജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴും മാർ മൂലക്കാട്ട് നിലപാടുകൾ തുറന്നുപറയുന്നത്. ഇടയശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കുന്ന അദ്ദേഹം സംസാരിക്കുന്നു...

ഇതുവരെ എടുത്തതിലെ ഏറ്റവും ശക്തവും ഉചിതവുമായ തീരുമാനം ഏതാണ് ? 
ക്നാനായ സമൂഹത്തിനു വിദേശത്തും ശുശ്രൂഷകൾ കിട്ടണം എന്ന ആഗ്രഹത്തിൽ നിലപാടുകളെടുത്തു. യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സഭാസംവിധാനം കൊണ്ടുവന്നു. അവിടെ നമ്മുടെതന്നെ വൈദികരെ നിയമിച്ചിരിക്കുകയാണ്.

സാമൂഹികസേവനരംഗത്തെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ് ? 
കാരിത്താസ് ആശുപത്രി നന്നായി പോകുന്നു. ചൈതന്യ സോഷ്യൽ സർവീസ് സൊസൈറ്റി, മലബാറിലെ മാസ് (മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി), ഹൈറേഞ്ചിലെ ഗ്രീൻവാലി, ചേർപ്പുങ്കലിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ഥാപനം എന്നിവയെല്ലാം നല്ല നിലയിൽ പോകുന്നു.

തനതുവാദം ശക്തമാണല്ലോ ?
തനിമ സൂക്ഷിക്കണം എന്നതിൽ സംശയമില്ല. എന്നാൽ, സഭയുടെ കൂട്ടായ്മയിൽ വേണം ആ വളർച്ച. വിചാരിച്ചത്ര വേഗത്തിൽ വളരുന്നില്ല എന്ന പരിഭവങ്ങൾ പല മേഖലയിലുണ്ട്. അത് ശരിയുമാണ്. എന്നാൽ ആഗോള സഭയുടെ അംഗീകാരം വേണ്ട വിഷയങ്ങളാണ് പലതും.

കുർബാന വിവാദത്തെപ്പറ്റി ? 
വാസ്തവത്തിൽ 1999ൽ പൗരസ്ത്യ സഭകളുടെ പാരമ്പര്യം അനുസരിച്ച് ഏകീകൃത രീതിയിലുള്ള കുർബാന വേണമെന്നു സിനഡ് തീരുമാനിച്ചിരുന്നതാണ്. പിന്നീടു തക്സ പുതുക്കുന്നതിനൊപ്പം ആക്കാമെന്നു തീരുമാനിച്ചു. എന്നാൽ എറണാകുളത്തെ മറ്റു പല വിഷയങ്ങളുമായി അതു കൂട്ടിക്കുഴച്ച് വല്ലാത്ത രീതിയിലേക്കു മാറി. മാർപാപ്പ പോലും ഇടപെടേണ്ട സ്ഥിതിയായി.

നമ്മുടെ കുട്ടികൾ വിദേശത്തേക്കു പോവുകയാണല്ലോ ? 
മെച്ചപ്പെട്ട അവസരങ്ങളിലേക്കും അവസ്ഥകളിലേക്കും ആളുകൾ പോകാൻ ആഗ്രഹിക്കും. കുറ്റം പറയാനാകില്ല. തിരികെ എത്തിയാൽ എന്തു ചെയ്തു ജീവിക്കും എന്ന അവരുടെ ചോദ്യത്തിനു വ്യക്തമായ മറുപടി പറയാൻ ആവുന്നില്ല.

നമ്മുടെ നാടും വളരുകയാണെന്നാണല്ലോ കണക്കുകൾ നിരത്തി അധികൃതർ  പറയുന്നത് ? 
ശരിയാണ്. തമിഴ്നാട്ടിൽ സാഹചര്യങ്ങൾ മാറിയതുകൊണ്ട് ഇപ്പോൾ അവിടെ നിന്ന് ആളുകൾ ജോലിക്കു വരുന്നില്ല. എന്നാൽ കേരളത്തിൽ അത്രയും മാറ്റങ്ങൾ വന്നു എന്നു പറയാൻ കഴിയില്ല. സ്ഥിതി കൂടുതൽ മോശമായിരിക്കുകയല്ലേ?

മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതിനോട് ? 
യോജിക്കാനാവില്ല. ജാതി, മത വ്യത്യാസമില്ലാതെ പ്രവർത്തിക്കേണ്ട മണ്ഡലമാണു രാഷ്ട്രീയം. എന്നാൽ രാഷ്ട്രീയം ആ നിലയിലേക്ക് മാറുന്നില്ല. ഇന്ത്യയിൽ മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയം മതത്തിന് അടിമപ്പെടുക എന്നാൽ അതു നല്ല വളർച്ചയല്ല.

നവകേരള സദസ്സിനെപ്പറ്റി ? 
അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ചേർപ്പുങ്കലിൽ പോയിരുന്നു. മുൻപ് ഉമ്മൻചാണ്ടി ജനസമ്പർക്കം നടത്തിയപ്പോൾ ആളുകൾ വരുന്നു, മുഖ്യമന്ത്രിയോട് സംസാരിക്കുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് പോകുന്നു. എന്നാൽ നവകേരള സദസ്സിൽ അങ്ങനെയൊരു രീതിയല്ല കണ്ടത്.

ഏറ്റവും വിഷമം തോന്നിയ സന്ദർഭം ? 
കുർബാനത്തർക്കം പരിഹരിക്കാൻ, സിനഡിലെ സ്ഥിരാംഗമെന്ന നിലയിൽ പല പ്രാവശ്യം ഇടപെട്ടിരുന്നു. അതു വിജയിക്കാത്തതിൽ വിഷമമുണ്ട്.

ബിരുദം നേടിയ ശേഷം സെമിനാരിയിൽ
കോട്ടയം കുറിച്ചിത്താനത്തു മൂലക്കാട്ട് ജോണിന്റെയും അന്നക്കുട്ടിയുടെയും എട്ടു മക്കളിൽ രണ്ടാമനായി 1953 ഫെബ്രുവരി 27നു ജനിച്ച മാർ മാത്യു മൂലക്കാട്ട് ബിരുദം നേടിയ ശേഷമാണു സെമിനാരിയിൽ ചേർന്നത്. 1978ൽ മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. റോമിൽ കാനൻ നിയമത്തിൽ പഠനം നടത്തി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കൈവയ്പുവഴി റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 1999 ജനുവരി ആറിന് കോട്ടയം രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 2003 ഓഗസ്‌റ്റ് 29നു കോട്ടയം രൂപതയുടെ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി. 2006 ജനുവരി 14ന് കോട്ടയം അതിരൂപത ആർച്ച്‌ബിഷപ്പായി. കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ജസ്‌റ്റിസ്, പീസ് ആൻഡ് ഡവലപ്‌മെന്റ് കമ്മിഷൻ അംഗം, യൂത്ത് കമ്മിഷൻ അംഗം, സിറോ മലബാർ സഭയുടെ ലിറ്റർജി കമ്മിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിറോ മലബാർ സഭാ സിനഡിലെ സ്ഥിരാംഗമാണ്.

രജത ജൂബിലി ആഘോഷം ഇന്ന്
കോട്ടയം ∙ അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷങ്ങൾ ഇന്നു കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ നടക്കും. ഉച്ചക്ക് 2.15നു ബിഷപ്‌സ് ഹൗസ് അങ്കണത്തിൽ നിന്നു ക്രിസ്തുരാജാ കത്തീഡ്രലിലേക്കു പ്രദക്ഷിണം. തുടർന്നു മാർ മാത്യു മൂലക്കാട്ട് ജൂബിലി ദീപം തെളിക്കും. 

കൃതജ്ഞതാബലിയിൽ അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും. മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ സന്ദേശം നൽകും. മെത്രാഭിഷേക ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com