ADVERTISEMENT

കുറവിലങ്ങാട് ∙മഴയുടെ കരുത്ത് കുറഞ്ഞതോടെ വേനൽച്ചൂട് രൂക്ഷം. തോടുകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു. മേഖലയിലെ ഒട്ടേറെ പഞ്ചായത്തുകൾക്കു ജലം നൽകുന്ന എംവിഐപി കനാൽ വറ്റി വരണ്ട അവസ്ഥയിൽ. കനാലിൽ കൂടി വെള്ളം തുറന്നു വിടണമെന്ന ആവശ്യം ശക്തമായി.കനാൽ വറ്റിയതോടെ പച്ചക്കറിക്കൃഷി ഉൾപ്പെടെ പ്രതിസന്ധിയിൽ. കനാൽ വെള്ളം ഉപയോഗിച്ചു ജലസേചനം നടത്തുന്ന ഏക്കർ കണക്കിനു പ്രദേശത്തെ കൃഷിയാണ് പ്രതിസന്ധിയിലായത്.കുറവിലങ്ങാട്, വയലാ, കളത്തൂർ, കുര്യം, വെമ്പള്ളി മേഖലകളിലൊക്കെ കനാൽ വെള്ളത്തെ ആശ്രയിച്ചു കൃഷി നടത്തുന്നുണ്ട്.

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലൂടെ കടന്നു പോകുന്ന എംവിഐപി കനാലിൽ വെള്ളം ഒഴുക്കിയാൽ സമീപ പ്രദേശങ്ങളിലെ കിണറുകൾ നിറയും. മേഖലയിൽ കുറവിലങ്ങാട്, ഞീഴൂർ, കടുത്തുരുത്തി, കാണക്കാരി, ഉഴവൂർ, ഇലഞ്ഞി പഞ്ചായത്തുകളിലൂടെയാണ് കനാൽ കടന്നു പോകുന്നത്. പല സ്ഥലങ്ങളിലേക്കും ഉപകനാലുകളും ഉണ്ട്.

മലങ്കര ഡാമിൽ നിന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ നിരവധി പഞ്ചായത്തുകളിലൂടെയാണ് കനാലിന്റെ സഞ്ചാരം. മലങ്കരയിൽ നിന്ന് 50 കിലോമീറ്ററിലേറെ ദൂരം ഒഴുകി വേണം വെള്ളത്തിന് കുറവിലങ്ങാട് മേഖലയിൽ എത്താൻ. ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ കുറവിലങ്ങാട് ഉൾപ്പെടെ പല മേഖലകളിലേക്കും വെള്ളം എത്തില്ല.

ജല ജീവൻ മിഷൻ മന്ദഗതിയിൽ
ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജലം എത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജല ജീവൻ മിഷൻ അവസാനിക്കാൻ രണ്ടു മാസം ബാക്കിയിരിക്കെ മേഖലയിലെ പഞ്ചായത്തുകളിൽ പദ്ധതി നടത്തിപ്പിന്റെ അവസ്ഥയിൽ കാര്യമായ പുരോഗതി ഇല്ല.മിക്ക സ്ഥലങ്ങളിലും കണക്‌ഷനുകൾ നൽകുന്നത് പൂർത്തിയായിട്ടില്ല.ചില സ്ഥലത്തു പദ്ധതി ആരംഭ അവസ്ഥയിലാണ്. വെളിയന്നൂർ പഞ്ചായത്തിൽ ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയായി. പഞ്ചായത്തിലെ ഭൂരിപക്ഷം വീടുകളിലും വെള്ളം എത്തി. ഉഴവൂർ പഞ്ചായത്തിൽ ആകെ 1820 കണക്‌ഷനുകൾ. ഇതിൽ ഭൂരിപക്ഷവും നൽകി.

ജല അതോറിറ്റിയുടെ മറ്റു പദ്ധതികൾ നിലവിൽ ഇല്ലാത്ത കുറവിലങ്ങാട് പഞ്ചായത്തിൽ ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനത്തിനു വേഗം കുറവാണ്.ജല അതോറിറ്റിയുടെ നേതൃത്വത്തിൽ 23 കോടി രൂപ മുടക്കി നടപ്പാക്കുന്ന സമ്പൂർണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണ ജോലികൾക്കു ഒപ്പമാണ് കുറവിലങ്ങാട് പഞ്ചായത്തിൽ ജല ജീവൻ മിഷന്റെ പ്രവർത്തനം. പക്ഷേ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാസങ്ങളായി നിലച്ച അവസ്ഥയിലാണ്.

മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, കിടങ്ങൂർ പഞ്ചായത്തുകളിൽ ജലജീവൻ പദ്ധതി നടപ്പാക്കുന്നതിനായി 167 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.  പ്രാഥമിക പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജലസംഭരണി, ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ നിർമാണത്തിനു മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ സ്ഥലം ലഭ്യമായി. മറ്റു രണ്ടു പഞ്ചായത്തുകളിൽ ലഭ്യമായിട്ടില്ല. 3പഞ്ചായത്തുകളിലായി ആകെ നൽകുന്നത് എണ്ണായിരത്തിലധികം കണക്‌ഷനുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com