ADVERTISEMENT

കോട്ടയം ∙ ലാൻഡ്ഫോൺ കണക്‌ഷനുകൾക്കായി വീടുകളിലേക്കു വലിക്കുന്ന കോപ്പർ കേബിളുകൾ ഓർമയിലേക്ക്. 6  മാസത്തിനുള്ളിൽ ജില്ലയിലെ ബിഎസ്എൻഎൽ കോപ്പർ കേബിളുകൾ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷനായി മാറും. ജൂൺ മാസത്തിനുള്ളിൽ കോപ്പർ കേബിളുകൾ ഫൈബറായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു ജോലി പുരോഗമിക്കുന്നത്.

45,000 ഫൈബർ കണക്‌ഷനുകൾ ഇപ്പോൾത്തന്നെ ജില്ലയിൽ ബിഎസ്എൻഎൽ നൽകിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ മോഡം സൗജന്യമായി നൽകും. നഗരസഭകളിൽ 499 നു മുകളിലുള്ള പ്ലാനുകൾ എടുക്കുന്നവർക്കും മോഡം സൗജന്യമാണ്.

ഫൈബർ കണക്‌ഷൻ  ഇതുവരെ
∙ ജില്ലയിലെ ആകെ ബിഎസ്എൻഎൽ എക്സ്ചേഞ്ചുകൾ – 112
∙ നിലവിൽ പൂർണമായും ഫൈബറിലേക്ക് മാറിയ എക്സ്ചേഞ്ചുകൾ –52
∙ പണി പുരോഗമിക്കുന്ന എക്സ്ചേഞ്ചുകൾ –60
അതിവേഗ ഇന്റർനെറ്റ്
കോപ്പർ കേബിളുകൾ ഒപ്റ്റിക്കൽ ഫൈബറായി മാറുന്നതോടെ കൂടുതൽ വ്യക്തതയോടെ ഫോൺകോളുകളും വേഗത്തിൽ ഇന്റർനെറ്റ് കണക്‌ഷനും ലഭിക്കും. പ്ലാനുകൾ അനുസരിച്ച് 10 എംബിപിഎസ് സ്പീഡ് മുതൽ 300 എംബിപിഎസ് സ്പീഡ് വരെയുള്ള ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാകുമെന്നു ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു. ഫൈബർ കേബിളുകളായതിനാൽ ജില്ലയിൽ ഏതു ഭാഗത്തും ഒരേ വേഗം തന്നെ ലഭിക്കും.

കോപ്പർ ചെറിയ മീനല്ല
ഫൈബറിലേക്ക് പൂർണമായും മാറുന്നതോടെ ഉപേക്ഷിക്കപ്പെടുന്ന കോപ്പർ കേബിളുകൾ പരമാവധി വീണ്ടെടുക്കാൻ ബിഎസ്എൻഎൽ ശ്രമം തുടങ്ങി. ഉയർന്ന നിലവാരമുള്ള കോപ്പർ കേബിളുകൾക്ക് നല്ല വില ലഭിക്കും.

കോട്ടയം, ചങ്ങനാശേരി, പാലാ എക്സ്ചേഞ്ചുകളിൽ പൂർണമായും ഡക്ടിലൂടെയാണു കോപ്പർ കേബിൾ വലിച്ചിരിക്കുന്നത്. ഇതു പൂർണമായും വീണ്ടെടുക്കാം. 7 കോടി രൂപയാണ് ഇൗ 3 എക്സ്ചേഞ്ചുകളിലെ മാത്രം കേബിളുകൾ വിൽക്കുന്നതിലൂടെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നത്.

4ജി ഉപകരണങ്ങൾ  മാർച്ചിൽ എത്തും
ജില്ലയിലെ ബിഎസ്എൻഎലിന് 576 ടവറുകളിൽ സ്ഥാപിക്കാനുള്ള 4ജി ഉപകരണങ്ങൾ മാർച്ചിൽ എത്തും. ഡിസംബറിൽ എല്ലാ ടവറുകളും അപ്ഗ്രേഡ് ചെയ്യാനാകുമെന്നാണു പ്രതീക്ഷ.

15000
ജില്ലയിലെ വീടുകളിലേക്ക് ഇതുവരെ 15000 കിലോമീറ്റർ ഫൈബർ കണക്‌ഷനുകൾ വലിച്ചുകഴിഞ്ഞു. ഇതു പോസ്റ്റുകളിലൂടെയും മറ്റുമാണു വലിക്കുന്നത്. എക്സ്േചഞ്ചുകളെയും ടവറുകളെയും ബന്ധിപ്പിക്കുന്ന പ്രധാന ഫൈബർ കണക്‌ഷൻ 2,000 കിലോമീറ്റർ കേബിൾ ആണ്. ഇതു ഭൂമിക്കടിയിലൂടെയാണു വലിച്ചിരിക്കുന്നത്. വീടുകളിലേക്കു കണക്‌ഷൻ നൽകുന്നതു ബിഎസ്എൻഎൽ ചുമതലപ്പെടുത്തിയിരിക്കുന്ന ഫ്രാഞ്ചൈസികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com