ADVERTISEMENT

കുറവിലങ്ങാട് ∙ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി.ഇന്നലെ പുലർച്ചെ തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. തുടർന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി പ്രതിഷ്ഠിച്ചു. മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ.ജോസഫ് മലേപ്പറമ്പിൽ, ഫാ.ജോസ് വള്ളോംപുരയിടത്തിൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ കുർബാന അർപ്പിച്ചു.

ഇടവക ദേവാലയം, പകലോമറ്റം, കുര്യനാട്,കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ സംഗമിച്ചു ഒന്നായി വലിയ പള്ളിയിലേക്കു എത്തി. തീവെട്ടികളുടെ വെളിച്ചത്തിലായിരുന്നു പ്രദക്ഷിണം. പ്രദക്ഷിണത്തിനു ആനയും തീവെട്ടിയും ഉപയോഗിക്കുന്ന പള്ളിയാണ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം. ഇന്ന് നടക്കുന്ന കപ്പൽ പ്രദക്ഷിണത്തിനാണ് ഗജവീരന്മാർ അകമ്പടി സേവിക്കുക.

∙ഇന്ന് കപ്പൽ  പ്രദക്ഷിണം
യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിച്ചുള്ള ചടങ്ങാണ് കപ്പൽ പ്രദക്ഷിണം. പ്രത്യേക പ്രാർഥന ശുശ്രൂഷകൾക്ക് ശേഷം കടപ്പൂര് നിവാസികളുടെ നേതൃത്വത്തിൽ വലിയ പള്ളിയിൽ നിന്ന് കപ്പൽ മുറ്റത്ത് എത്തിക്കും. തുടർന്ന് തിരുസ്വരൂപങ്ങളുടെ മുന്നിലായി പ്രദക്ഷിണത്തിന് തുടക്കം. കടപ്പൂര് ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നു താഴുമ്പോൾ കടൽ യാത്രയുടെ അനുഭവമാണ്. വലിയ പള്ളിയുടെ മുറ്റത്ത് കപ്പൽ ഓടുമ്പോൾ ചെറിയ പള്ളിയിൽ നിന്ന് പ്രദക്ഷിണം ആരംഭിക്കും.

തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണമാണ് ഇത്. ഒരു മണിക്കൂറോളം പള്ളിമുറ്റത്തെ ജനസാഗരത്തിൽ ആടിയുലഞ്ഞ ശേഷം പടവുകൾ ഇറങ്ങി കപ്പൽ കുരിശിൻ തൊട്ടിയിലേക്ക് എത്തും. ഗജവീരന്മാരുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുരിശിൻതൊട്ടിയിലേക്ക് പ്രദക്ഷിണം പടവുകളിറങ്ങിയെത്തുന്നത് വേറിട്ട കാഴ്ചയാണ്. കുരിശിൻ തൊട്ടിയിൽ ആടിയുലയുന്ന കപ്പലിൽ നിന്ന് യോനാ പ്രവാചകന്റെ രൂപം എടുത്തെറിയുന്നതോടെ കപ്പൽ ശാന്തമാകും .

ഇന്ന് ഫാ.ജോൺ പുറക്കാട്ട്പുത്തൻപുര, ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ,ഫാ.മൈക്കിൾ നരിക്കാട്ട് എന്നിവർ കുർബാന അർപ്പിക്കും. 10.30ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകും. 3ന് സീറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും തുടർന്ന് മോൺ.ജോസഫ് കണിയോടിക്കൽ, മോൺ.ജോസഫ് തടത്തിൽ, ഫാ.തോമസ് ബ്രാഹ്മണവേലിൽ എന്നിവരും കുർബാന അർപ്പിക്കും.സമാപന ദിനമായ നാളെ 8.30ന് സുറിയാനി കുർബാന, ഫാ.അഗസ്റ്റിൻ കണ്ടത്തിക്കുടി, 10.3ന് തിരുനാൾ റാസ,ഫാ.ദേവസ്യാച്ചൻ വട്ടപ്പലം, 2.30നും 3നും 4.30നും കുർബാന, 6ന് ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം.

∙ പള്ളിയിൽ ഇന്ന്
കുർബാന, ഫാ.ജോൺ പുറക്കാട്ട്പുത്തൻപുര–5.30, ഫാ.ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ–7.00,ഫാ.മൈക്കിൾ നരിക്കാട്ട്–8.30, ബിഷപ് ജോസഫ് കല്ലറങ്ങാട്ട്–10.30, കപ്പൽ പ്രദക്ഷിണം–1.00,കുർബാന, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ–3.00, മോൺ.ജോസഫ് കണിയോടിക്കൽ–4.30, മോൺ.ജോസഫ് തടത്തിൽ–6.00, ഫാ.തോമസ് ബ്രാഹ്മണവേലിൽ–8.00. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com