പുതിയ ഇംഗ്ലിഷ് ലിപി വികസിപ്പിച്ച് സിഎംഎസ് കോളജ്
Mail This Article
കോട്ടയം ∙ അച്ചടിക്ക് തനതായ ഇംഗ്ലിഷ് ലിപി വികസിപ്പിച്ച് സിഎംഎസ് കോളജ്. നവീന അച്ചടിയുടെ വരവറിയിച്ച റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ അച്ചടിയന്ത്രം സ്ഥിതിചെയ്യുന്ന കോളജ് തനതായ ലിപി വികസിപ്പിച്ചെടുത്ത് മറ്റൊരു ചരിത്രം രചിക്കുകയാണ്. 1824ൽ ബെഞ്ചമിൻ ബെയ്‌ലി രൂപപ്പെടുത്തിയ വർത്തുളാകൃതിയിലുള്ള മലയാള അക്ഷരങ്ങൾക്കു സമാനമാണ് പുതിയ ലിപി. അച്ചടി മലയാള ലിപി റവ. ബെയ്‌ലി രൂപപ്പെടുത്തിയിട്ട് 200 വർഷം പൂർത്തിയായതിനു തുടർച്ചയായിട്ടാണ് പുതിയ ലിപിയുടെയും വികാസം.
സിഎംഎസ് ഫോണ്ട് എന്ന പേരിലാണ് പുതിയ ലിപി അറിയപ്പെടുക. 24നു രാവിലെ 9നു ടോക്കിയോ യൂണിവേഴ്സിറ്റിയിലെ വിവരശാസ്ത്ര വിഭാഗത്തിലെ പ്രഫ. മസാകിയോ മിയാസവ പ്രകാശനം ചെയ്യും. സിഎംഎസ് കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് സി. ജോഷ്വയുടെ മനസ്സിലാണ് പുതിയ ലിപി എന്ന വിപ്ലവകരമായ ആശയം അക്ഷരമാല പോലെ നിരന്നത്. ഓട്ടോണമസ് കോളജ് ആയതിനാൽ സർട്ടിഫിക്കറ്റുകൾ സ്വന്തം നിലയിൽ പ്രിന്റ് ചെയ്യുന്നതിനു കോളജിന് അധികാരമുണ്ട്. എന്നാൽ അതിനായി മറ്റു ലിപികളെ ആശ്രയിക്കേണ്ടിവരുന്നു.
ഇതെത്തുടർന്നാണ് പുതിയ ലിപി എന്ന ആശയത്തിലേക്ക് എത്തിയത്. പ്രിന്റിങിനുവേണ്ടി വികസിപ്പിച്ച ലിപിയുടെ രൂപകൽപന ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അർജുൻ വെട്ടിയാനിക്കൽ എന്ന മലയാളിയായ ഡിസൈനറുടേതാണ്. കോളജിന്റെ നിർദേശം അനുസരിച്ച് ഇംഗ്ലിഷ് അക്ഷരങ്ങളെ ബെഞ്ചമിൻ ബെയ്‌ലിയുടെ വർത്തുളാകൃതിയിലുള്ള സൗന്ദര്യ ശാസ്ത്ര രീതിയുമായി ബന്ധിപ്പിച്ചാണ് സിഎംഎസ് കോളജിന്റെ തനതായ ലിപി വികസിപ്പിച്ചത്. എന്നാൽ അതേ സങ്കേതികവിദ്യ അല്ല. രണ്ടുവർഷത്തെ ശ്രമങ്ങൾക്കു ശേഷമാണ് ലിപി പൂർണരൂപം പ്രാപിച്ചത്.