ADVERTISEMENT

എരുമേലി ∙ സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചതോടെ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമാണം കൂടുതൽ വേഗത്തിലാകുമെന്നു പ്രതീക്ഷ. വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ ഈ വർഷം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കുന്ന വിധം വേഗത്തിലാണ് റവന്യുവകുപ്പിന്റെ നീക്കം. സ്ഥലം ഏറ്റെടുത്തു കൈമാറിയാൽ 2 വർഷത്തിനുള്ളിൽ വിമാനത്താവളം നിർമാണം പൂർത്തിയാക്കാമെന്നാണു വിമാനത്താവളം സ്പെഷൻ ഓഫിസർ വി. തുളസീദാസിന്റെ ഉറപ്പ്.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിലെ നിലവിലുള്ള നിർമാണങ്ങളുടെ കണക്കെടുപ്പാണു ഇപ്പോൾ നടക്കുന്നത്. വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് പ്രകാരമുള്ള പാക്കേജ് തയാറാക്കുന്നതിനു മുന്നോടിയായാണു നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു മൂല്യനിർണയം നടത്തുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകൾ മുതൽ ഷെഡുകൾ വരെയുള്ള സ്ഥിരം നിർമാണങ്ങൾ എല്ലാം പരിശോധിച്ച് ഇവയുടെ അളവ്, നിർമാണം, കാലപ്പഴക്കം, മൂല്യം തുടങ്ങിയവയാണു കണക്കാക്കുന്നത്.

സർവേ പൂർത്തിയായി അതിരു കല്ലുകൾ സ്ഥാപിച്ചതിനു പിന്നാലെയാണു സ്വകാര്യ ഏജൻസി നിർമാണങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചത്. മണിമല വില്ലേജിൽ ഉൾപ്പെട്ട ചാരുവേലി ഭാഗത്തെ ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയിലെ നിർമാണങ്ങളുടെ കണക്കെടുപ്പും എരുമേലി തെക്ക് വില്ലേജിലെ ഒഴക്കനാട് ഭാഗത്തെ സ്വകാര്യ ഭൂമിയിലെ നിർമാണങ്ങളുടെ കണക്കെടുപ്പും ആണിപ്പോൾ നടക്കുന്നത്. ഇനിയും ചെറുവള്ളി എസ്റ്റേറ്റിനുള്ളിലെ നിർമാണങ്ങളുടെ കണക്കെടുപ്പ് നടത്തും. സ്ഥലം ഏറ്റെടുക്കുന്ന വിജ്ഞാപനം ഉടൻ ഇറങ്ങുമെന്നാണു റവന്യു വകുപ്പ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com