ADVERTISEMENT

ഗാന്ധിനഗർ ∙ പൂർവവിദ്യാർഥി കൂട്ടായ്മയുടെ കരുതലിൽ കോട്ടയം മെഡിക്കൽ കോളജിൽ വികസനപ്പെരുമഴ. അത്യാധുനിക നിലവാരത്തിലുള്ള ഹാളുകൾ, സെൻട്രൽ ലൈബ്രറി, ബാസ്കറ്റ് ബോൾ കോർട്ട്, ഓപ്പൺ സ്റ്റേഡിയം, ഷട്ടിൽ കോർട്ട് തുടങ്ങി ഒട്ടേറെ പദ്ധതികളാണ് മെഡിക്കൽ കോളജിൽ ഒരുങ്ങുന്നത്. ഇതിനായി 5 കോടിയോളം രൂപയാണ് പൂർവ വിദ്യാർഥി കൂട്ടായ്മ സമാഹരിച്ചു നൽകിയത്. കോളജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി.

കാലത്തിനൊപ്പം സ്വന്തം കലാലയത്തെ സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് അലമ്നൈ അസോസിയേഷന്റെ പ്രവർത്തനം. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ് ടോം, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ഡയമണ്ട് ജൂബിലി ജനറൽ കൺവീനർ ഡോ. ടിജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വെറും 8 മാസം കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്.

വികസനങ്ങൾ ഇങ്ങനെ
എക്സാം, പിടിഎ ഹാൾ ഉൾപ്പെടെ അത്യാധുനിക നിലവാരത്തിലുള്ള 14 ഹാളുകൾ, ലോകോത്തര നിലവാരത്തിലുള്ള ബാസ്കറ്റ് ബോൾ, ഷട്ടിൽ കോർട്ടുകൾ, 3 ജിംനേഷ്യങ്ങൾ, 2500 പേരെ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, ഡയമണ്ട് ജൂബിലി ഗേറ്റ്, റേഡിയോതെറപ്പി വെയ്റ്റിങ് റൂം, ഓപ്പൺ സ്റ്റേജ്, 2 ലൈബ്രറികൾ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് പൂർവ വിദ്യാർഥികൾ ഒരുക്കുന്നത്.

ഇതോടൊപ്പം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ, സെൻട്രൽ ലൈബ്രറിയിൽ ഡിജിറ്റൽ സൗകര്യങ്ങൾ, എയർ കണ്ടിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങളും നടന്നു വരികയാണ്.

‌കോർട്ട് ഉദ്ഘാടനം ചെയ്തു
21 ലക്ഷം രൂപ ചെലവഴിച്ച് കോട്ടയം മെഡിക്കൽ കോളജിൽ 1964 ബാച്ചിലെ പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകിയ അത്യാധുനിക നിലവാരത്തിലുള്ള ബാസ്കറ്റ് ബോൾ കോർട്ടിന്റെ സമർപ്പണം അലമ്നൈ അസോസിയേഷൻ സ്ഥാപക സെക്രട്ടറി ഡോ. കാശി വിശ്വേശ്വരൻ നിർവഹിച്ചു. കോർട്ടിന്റെ ഉദ്ഘാടനം ബോൾ ത്രോ ചെയ്ത് മുൻ സംസ്ഥാന ബാസ്കറ്റ് ബോൾ താരവും പൂർവ വിദ്യാർഥിയുമായ ഡോ. തോമസ് ഏബ്രഹാം നിർവഹിച്ചു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, ഡയമണ്ട് ജൂബിലി ജനറൽ കൺവീനർ ഡോ. ടിജി തോമസ്, അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ് ടോം, വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, പ്രഫ. ശോഭന മോഹൻദാസ്, മറ്റ് ഡോക്ടർമാരായ ഒ.യു. അഗസ്റ്റി ആർ.എൻ.ശർമ, സാം ക്രിസ്റ്റി മാമ്മൻ, വി.യു.തങ്കമ്മ, ജോർജ് ചെറിയാൻ, വി.എസ്.സുമാദേവി, റോസ്‌ലി തോമസ്, ജോണി ജോസഫ്, ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com