വയോജനങ്ങൾക്കായി വിനോദ യാത്ര സംഘടിപ്പിച്ച് മണർകാട് ഗ്രാമപഞ്ചായത്ത്
Mail This Article
കോട്ടയം∙ ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾ. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി എറണാകുളത്തേക്ക് സംഘടിപ്പിച്ച ഏകദിന വിനോദയാത്രയിലാണ് പ്രായാധിക്യങ്ങളെല്ലാം മറന്ന് കളിയും ചിരിയുമായി ഒരു പകൽ മുഴുവൻ കാഴ്ചകൾ കണ്ടു നടന്നത്.
മണർകാട് ഗ്രാമപഞ്ചായത്തിന്റെ വയോജന ക്ഷേമ പദ്ധതിയായ ‘തണലി’ന്റെ ഭാഗമായാണ് സൗജന്യ വിനോദ യാത്ര സംഘടിപ്പിച്ചത്. വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി നിർവഹിച്ചു. യാത്രയിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന അംഗമായ 90 വയസ്സുകാരി ഏലിയാമ്മ കലക്ടറെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പദ്ധതി മാതൃകാപരമെന്നും സന്തോഷം നൽകുന്നതാണെന്നും കലക്ടർ പറഞ്ഞു. 90 വയോജനങ്ങളാണ് യാത്രയിൽ പങ്കെടുത്തത്. തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, വൈപ്പിൻ ബീച്ച് എന്നിവിടങ്ങളിലാണ് വയോജനങ്ങൾ സന്ദർശനം നടത്തിയത്.
സ്‌പോൺസർഷിപ്പിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. മണർകാട് പ്രവർത്തിക്കുന്ന കാനറ, കേരള ഗ്രാമീൺ ബാങ്ക്, എസ്ബിഐ ശാഖകൾ, ഗുഡ്‌ന്യൂസ് പ്രെസ് എന്നിവരായിരുന്നു പ്രധാന സ്പോൺസർമാർ. വ്യാപാരി വ്യവസായി സംഘടനയുടെയും അതിലെ അംഗങ്ങളായ സെന്റ് തോമസ് ബേക്കറി, ബെസ്റ്റ് ബേക്കറി എന്നിവയുടെയും പിന്തുണയോടു കൂടിയാണ് യാത്ര വിജയകരമായി നടപ്പാക്കിയത്.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നടപ്പാക്കുന്ന ‘ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം’ പദ്ധതിയുടെ ഭാഗമായിരുന്നു ‘തണല്‍’. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അയച്ചുകൊടുത്ത ആശയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 ആശയങ്ങളിൽ ഒന്നായിരുന്നു മണർകാട് പഞ്ചായത്തിന്റ ‘വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്ക് സംരക്ഷണം’. പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു ആണ് ആശയത്തിന് പിന്നിൽ.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) ഈ വിഷയം പഠിച്ച് അവതരിപ്പിക്കാനും ആശയം വികസിപ്പിക്കുന്നതിനുമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് രവീന്ദ്രനെയും 14–ാം വാർഡ് മെമ്പർ ജാക്‌സൺ മാത്യുവിനെയും അയച്ചിരുന്നു. കിലയിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശാ വർക്കർമാരെ കൊണ്ട് വയോജന സർവേ നടത്തി. തനിച്ചു താമസിക്കുന്ന വയോജനങ്ങൾ, കുടുംബത്തോടൊപ്പം താമസിക്കുന്ന വയോജനങ്ങൾ എന്ന തരത്തിൽ ഡേറ്റാബാങ്ക് തയാറാക്കി.
തുടർന്ന് ഒരു വാർഡിൽ നിന്ന് മെമ്പർമാർ നിർദേശിക്കുന്ന 3 വയോജനങ്ങളെ വിളിച്ചുകൂട്ടി പഞ്ചായത്തുതലത്തിൽ വയോജന കൂട്ടായ്മ ആശയം പങ്കുവയ്ക്കുന്ന യോഗം സംഘടിപ്പിച്ചു. കെ–ഡിഐഎസ്‌സിയിലെ കൺസൾട്ടന്റ് ജയരാജിന്റെ ക്ലാസുമുണ്ടായിരുന്നു. തുടർന്ന് വാർഡുതലത്തിൽ മെമ്പർമാരുടെ നേതൃത്വത്തിൽ വയോജനകൂട്ടായ്മ രൂപീകരിച്ചു. തുടർന്ന് വിധവകളായവർക്ക് മുൻഗണന നൽകികൊണ്ട് ഏകദിന വിനോദയാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു.
വാർധക്യം എന്ന രണ്ടാം ബാല്യത്തെ വയോജനങ്ങൾക്ക് ആരോഗ്യകരവും ക്രിയാത്മകവുമായി സമ്മാനിക്കുകയാണ് ഉദ്ദേശ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു പറഞ്ഞു. അതിന്റെ മികച്ച ഉദാഹരണമാണ് ഏകദിന വിനോദയാത്രയെന്ന് ‘തണൽ’ പദ്ധതിയുടെ കോഓർഡിനേറ്റർ കൂടിയായ ജാക്‌സൺ മാത്യു അഭിപ്രായപ്പെട്ടു.