ADVERTISEMENT

ഗാന്ധിനഗർ ∙ സർക്കാർ മെഡിക്കൽ കോളജുകളിൽ സംസ്ഥാനത്തെ ആദ്യ മൂലകോശ മാറ്റിവയ്ക്കൽ കേന്ദ്രമാകാൻ ഒരുങ്ങി കോട്ടയം മെഡിക്കൽ കോളജ്. 1.5 കോടി രൂപയാണു മൂലകോശ, അസ്ഥി–മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിന് ആദ്യഘട്ടത്തിൽ അനുവദിച്ചത്. ഒരു രോഗിക്ക് മൂലകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ആ രോഗിയെ റീജനൽ കാൻസർ സെന്ററിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ അയയ്ക്കുകയായിരുന്നു പതിവ്. രോഗികളുടെ തിരക്കുമൂലം ആർസിസിയിലെ കാലതാമസവും പല സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവും മൂലം പല രോഗികൾക്കും ഈ ചികിത്സ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

കോട്ടയം മെഡിക്കൽ കോളജിൽ ഈ ചികിത്സാ സംവിധാനം യാഥാർഥ്യമായാൽ സംസ്ഥാനത്തിന് ആകെ ഇതിന്റെ പ്രയോജനം ലഭിക്കും.പദ്ധതിക്കായി ബ്ലഡ് ബാങ്കിനു സമീപം സ്ഥലം കണ്ടെത്താനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഇവിടെ 4 ട്രാൻസ്പ്ലാന്റ് മുറികൾ സജ്ജമാക്കും. ഇതുവഴി ഒരേസമയം 4 രോഗികൾക്കു ചികിത്സ നടത്താനാവും. കോട്ടയം മെ‍ഡിക്കൽ കോളജ് അധികൃതർ ഈ പദ്ധതിക്കായി മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ് എന്നിവർക്ക് അപേക്ഷ നൽകിയിരുന്നു. 1.50 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അന്നു തയാറാക്കിയത്. ബജറ്റിൽ ആ തുക തന്നെ വകയിരുത്തി.

എന്താണ് മൂലകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ഒട്ടുമിക്ക രക്താർബുദങ്ങൾക്കും മറ്റു ചില അർബുദങ്ങൾക്കും മൂലകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ട്. പ്രധാനമായും 2 തരത്തിലാണ് ഇതു നടത്തുന്നത്. രോഗിയുടെ മൂലകോശം വേർതിരിച്ച് ഹൈ ഡോസ് കീമോതെറപ്പി കൊടുത്തശേഷം അതേ രോഗിയുടെ മൂല കോശങ്ങൾ തിരിച്ചു കയറ്റുന്ന രീതിയാണ് ഒന്നാമത്തേത്. ഒരു ദാതാവിന്റെ മൂലകോശം ശേഖരിച്ച് ഒരു രോഗിയിൽ കയറ്റുന്നതാണ് രണ്ടാമത്തെ രീതി.

3 ആഴ്ചയോളം താമസം വരുന്ന ചികിത്സാ രീതിയാണിത്. സ്വകാര്യ ആശുപത്രികളിൽ 18 മുതൽ 20 ലക്ഷത്തോളം രൂപ ചെലവ് വരും. ആർസിസിയിൽ പോലും 8 ലക്ഷത്തിനടുത്താണ് ചികിത്സാച്ചെലവ്. കോട്ടയം മെഡിക്കൽ കോളജിൽ പദ്ധതി യാഥാർഥ്യമായാൽ ചികിത്സ ചെലവ് വിവിധ പദ്ധതികൾ ഉൾപ്പെടുത്തി 3.മുതൽ 5 ലക്ഷം രൂപ നിരക്കിൽ ചെയ്യാനാവുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

കോട്ടയം മെഡിക്കൽ കോളജിന് ലഭിച്ച മറ്റു പദ്ധതികൾ
∙ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങാൻ 14 കോടി രൂപ. കോട്ടയം, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകൾക്കാണ് ഈ തുക.
∙സ്ട്രോക് സെന്റർ സ്ഥാപിക്കാൻ 3.5 കോടി. തൃശൂർ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകൾക്കായാണ് ഈ തുക കിട്ടുന്നത്.
∙പദ്ധതി തുക– 22.5 കോടി രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com