ADVERTISEMENT

കോട്ടയം∙ പള്ളം പവർഹൗസ് ജംക്‌ഷനിൽ ബൈക്കപകടത്തിൽ മരിച്ച ജോഷ്വ ജോയലിന്റെ (16) മൃതദേഹം എംഡി സെമിനാരി ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ദുഃഖം അണപൊട്ടി. ജോഷ്വയുടെ ചേതനയറ്റ ശരീരം കണ്ട് പരസ്പരം ആശ്വസിപ്പിക്കാനാകാതെ അധ്യാപകരും കൂട്ടുകാരും വിതുമ്പി. പോസ്റ്റ്മോർട്ടത്തിനു ശേഷം ജനറൽ ആശുപത്രിയിൽനിന്നു പൊതുദർശനത്തിനു തയാറാക്കിയ സ്കൂൾ വേദിയിലേക്ക് മൃതദേഹം ഉച്ചയ്ക്ക് 2.10നാണ് എത്തിച്ചത്. പിതാവ് ജോയലും ജോഷ്വയുടെ മൃതദേഹത്തെ അനുഗമിച്ചു. 

സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് സക്കറിയ പ്രാർഥനാ ചടങ്ങുകൾ നടത്തി. 20 മിനിറ്റ് നീണ്ട പൊതുദർശനത്തിൽ സഹപാഠികൾ ജോഷ്വയുടെ മൃതദേഹത്തിനരികിലെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ആർ. പ്രദീപ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അനിൽ കെ.തോമസ്, നഗരസഭാംഗം ജയമോൾ ജോസഫ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിജു കെ. തോമസ്, ഹെഡ്മാസ്റ്റർ വിൽസൺ ദാനിയേൽ, മൗണ്ട് കാർമൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി.ജെയിൻ എന്നിവർ സ്കൂളിൽ അനുശോചനമറിയിച്ചു. തുടർന്നു 3നു വസതിയിലെത്തിച്ചു. ശുശ്രൂഷകൾക്കു ശേഷം 5നു പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ സംസ്കാരം നടത്തി.

വീട്ടിലും പള്ളിയിലും അന്ത്യോപചാരം അർപ്പിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് പള്ളം പവർഹൗസ് ജംക്‌ഷനിലുണ്ടായ ബൈക്ക് അപകടത്തിലാണ് ജോഷ്വയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ അബിഗേലും മരണമടഞ്ഞത്. അബിഗേലിന്റെ സംസ്കാരം പിന്നീട്. ഡൽഹിയിലുള്ള പിതാവ് തോമസ് സെബാസ്റ്റ്യൻ എത്തിയതിനു ശേഷം മാത്രമേ അബിഗേലിന്റെ സംസ്കാര ദിവസം തീരുമാനിക്കുവെന്നു ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com