ADVERTISEMENT

കോട്ടയം ∙ അർഹമായ പരിഗണന കിട്ടിയെന്നു ഭരണപക്ഷവും നിരാശയെന്നു പ്രതിപക്ഷവും താങ്ങുവില താങ്ങാവില്ലെന്നു റബർ കർഷകരുടെ പരിവേദനവും എല്ലാം ചേർന്നൊരു മിക്സഡ് ബജറ്റ്. ശുഷ്കിച്ച ബജറ്റ് എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചപ്പോൾ ജില്ലയിലെ പ്രധാന പദ്ധതികൾക്കായി 100 കോടിയോളം രൂപ വകയിരുത്തിയെന്നു മന്ത്രി വി.എൻ.വാസവൻ വിലയിരുത്തി.

ജില്ലയിൽ എംഎൽഎമാരിൽ നിന്ന് 20 കുറയാത്ത പദ്ധതികൾ വീതം എഴുതിവാങ്ങി. തനിക്ക് അതിൽ നിന്ന് ലഭിച്ചത് ഒന്നു മാത്രമെന്നും തിരുവഞ്ചൂർ പറഞ്ഞു. റബറിനു താങ്ങുവില കൂട്ടിയത് 10 രൂപ മാത്രം. വിലസ്ഥിരതാ ഫണ്ടിനായി ബജറ്റിൽ തുകയില്ല– തിരുവഞ്ചൂർ പറഞ്ഞു.കേന്ദ്രസർക്കാർ റബർ കർഷകരെ ആകെ അവഗണിക്കുന്നതിന് ഇടയിലാണ് സംസ്ഥാനം സബ്സിഡി വർധന കൊണ്ടുവന്നതെന്നു വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിന് അടക്കം വലിയ വികസനപദ്ധതികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബർ താങ്ങുവില കൂട്ടൽ: പ്രയോജനമില്ലെന്ന് കർഷകർ
കറുകച്ചാൽ ∙ കൂട്ടിയോ.. കൂട്ടി. ഗുണമുണ്ടോ.. ഇല്ല. റബർ താങ്ങുവില 180 രൂപയാക്കി ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിയെക്കുറിച്ചു റബർ കർഷകരുടെ പ്രതികരണം. 10 രൂപയുടെ മാത്രം വർധന പ്രയോജനപ്പെടില്ലെന്നു കർഷകർ പറയുന്നു. 250 രൂപ താങ്ങു വില എന്നതായിരുന്നു പ്രതീക്ഷ. 2015 ജൂലൈയിലാണ് സംസ്ഥാന സർക്കാർ ചെറുകിട റബർ കർഷകർക്കായി വിലസ്ഥിരതാ ഫണ്ട് എന്ന പേരിൽ സബ്സിഡി പദ്ധതി തുടങ്ങിയത്. മാർക്കറ്റ് വിലയും അടിസ്ഥാന വിലയും തമ്മിലുള്ള വ്യത്യാസം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ഇടുന്നതാണു പദ്ധതി.

ബജറ്റിലെ 10 രൂപ പ്രഖ്യാപനം: എന്തുകൊണ്ട് ഗുണമില്ല?
∙ റബർ ഉൽപാദന ചെലവിന് ആനുപാതികമായി വില കിട്ടുന്നില്ല. 192.6 രൂപയാണു റബർ ബോർഡ് കണക്കിൽ ഉൽപാദന ചെലവ്. 200 രൂപയ്ക്കു മുകളിൽ ഉൽപാദന ചെലവ് വരുന്നെന്നു കർഷകർ പറയുന്നു.
∙  മുൻകാല പ്രാബല്യം ഇല്ലാത്തതിനാൽ കർഷകർ നിലവിൽ നൽകുന്ന ബില്ലുകൾക്ക് പ്രയോജനം ലഭിക്കില്ല. വിലസ്ഥിരതാ ഫണ്ട് 9–ാം ഘട്ടത്തിലെ ബില്ലുകളുടെ തുക ഇതേവരെ കൊടുത്തിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള ബില്ലുകൾ കുടിശികയാണ്.
∙ റബർ വില ഉയരുന്ന ട്രെൻഡാണ് രാജ്യാന്തര തലത്തിൽ തന്നെ കാണിക്കുന്നത്. ആർഎസ്എസ് 4 ഷീറ്റിന് രാജ്യാന്തര മാർക്കറ്റിൽ 183.36 രൂപയാണ് കിലോഗ്രാമിന് ഇന്നലത്തെ വില. റബർ ബോർഡിന്റെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ഇന്നലെ വില 165 രൂപയാണ്.

ബജറ്റിലെ പ്രഖ്യാപനങ്ങളിൽ സന്തോഷമെന്ന് ചാഴികാടൻ എംപി
കോട്ടയം ∙ നവകേരള സദസ്സിന്റെ വേദിയിൽ ഉന്നയിച്ച മൂന്നു വിഷയങ്ങളിലും നടപടിയുണ്ടായതിൽ അഭിമാനവും സന്തോഷവും തോന്നുന്നതായി  തോമസ് ചാഴികാടൻ എംപി പറ​ഞ്ഞു. റബറിന്റെ താങ്ങുവില 180 രൂപയാക്കുമെന്നും പാലാ നഗരസഭാ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ഏഴു കോടി രൂപ അനുവദിക്കുമെന്നുമുള്ള ബജറ്റിലെ പ്രഖ്യാപനങ്ങളെപ്പറ്റിയും ചേർപ്പുങ്കൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയതിനെപ്പറ്റിയുമായിരുന്നു തോമസ് ചാഴികാടന്റെ പ്രതികരണം. പാലായിൽ നവകേരള സദസ്സിലെ സ്വാഗത പ്രസംഗത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചതിന് ചാഴികാടനെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചിരുന്നു.

കോട്ടയത്തിന് പ്രയോജനം ലഭിക്കുന്ന മറ്റു പദ്ധതികൾ
∙വേമ്പനാട് കായൽ വൃത്തിയാക്കൽ യജ്ഞം 1 കോടി രൂപ
∙ശബരിമല റോഡ് പദ്ധതി – കോട്ടയം, പത്തനംതിട്ട ജില്ലകൾക്കായി 15.57 കോടി രൂപ
∙വൈക്കം ശതാബ്ദി ആഘോഷം ആലുവ സർവമത സമ്മേളന വാർഷിക പരിപാടികൾക്ക്– 20 ലക്ഷം രൂപ.
∙പുനരുപയോഗ കെട്ടിട സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കോട്ടയം ആർഐടിക്ക് 6.94 കോടിയിൽ ഒരു വിഹിതം, 
∙കോട്ടയം ഉൾപ്പെടെ 8 ജില്ലകൾക്ക് ഉരുൾപൊട്ടൽ മേഖലകൾ ദൃഢമാക്കൽ പദ്ധതിക്ക് 3.5 കോടി
∙കുറവിലങ്ങാട്ടെ സയൻസ് സയൻസ് സിറ്റിക്ക് വിവിധ പദ്ധതികൾക്കായി അനുവദിച്ച 23 കോടി രൂപയിൽ ഒരു വിഹിതം.
∙പദ്ധതി ചെലവായി കോട്ടയം ഡെന്റൽ കോളജിന് 1.3 കോടി, നഴ്സിങ് കോളജിന് 41 ലക്ഷം.
∙സി–പാസിന് നഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും 3 കോടി.

ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം

∙ കേരള പേപ്പർ പ്രോഡ‍ക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) – 20 കോടി രൂപ
കെപിപിഎൽ ആധുനികവൽക്കരണം, സാങ്കേതികവിദ്യാ നവീകരണം എന്നിവയ്ക്കും മാലിന്യ സംസ്കരണ പ്ലാന്റ്, ഐടി ഇൻഫ്രാസ്ട്രക്ചർ, പവർ ബോയ്‌ലറുകൾ, കെമിക്കൽ പൾപിങ് പ്ലാന്റ് എന്നിവയുടെ നിർമാണ നവീകരണത്തിനുമായാണ് തുക അനുവദിച്ചിരിക്കുന്നത്.

∙ കേരള റബർ ലിമിറ്റഡ് (കെആർഎൽ) – 9 കോടി രൂപ
കെആർഎൽ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ 9 കോടി രൂപ. ഗവേഷണ വികസന കേന്ദ്രം, പരിശീലന ഹാൾ, അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങൾ, വ്യവസായ മേഖലയ്ക്ക് ഉള്ളിലൂടെയുള്ള റോഡുകൾ, സബ് സ്റ്റേഷനുകളുടെ നിർമാണം, കേബിൾ വിതരണ ശൃംഖല നിർമാണം തുടങ്ങിയവയാണു നടത്താൻ ഉദ്ദേശിക്കുന്നത്. വെള്ളൂരിൽ കെപിപിഎല്ലിൽ നിന്ന് ഏറ്റെടുത്ത 164.84 ഏക്കർ സ്ഥലത്താണു കെആർഎൽ നിർമാണം നടക്കുന്നത്.

∙ ട്രാവൻകൂർ സിമന്റ്സ് – 4 കോടി രൂപ
ട്രാവൻകൂർ സിമന്റ്സിലെ വാൾപുട്ടി ഉൽപാദനത്തിന്റെ ആധുനികവൽക്കരണം, പുതിയ പാക്കിങ് മെഷീൻ ഉപയോഗിച്ചു പ്രൊഡക്‌ഷൻ ലൈനിന്റെ ഡേറ്റ ലോഗിങ് എന്നിവയ്ക്കായാണ് 4 കോടി രൂപ ബജറ്റിൽ അനുവദിച്ചത്. കഴിഞ്ഞ വർഷം 5 കോടിയായിരുന്നു ബജറ്റ് വിഹിതം.

വിനോദസഞ്ചാരം: കുമരകത്തിന് അവഗണന
കുമരകം ∙ സംസ്ഥാനത്തു വിനോദസഞ്ചാര മേഖലകളിൽ കൺവൻഷൻ സെന്ററുകൾ അടക്കം പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും മുൻനിര വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന് അവഗണന. വെഡിങ് ഡെസ്റ്റിനേഷനായി മാറുന്ന കുമരകത്ത് അതിനു പറ്റിയ വലിയ കൺവൻഷൻ സെന്ററുകൾ ഇല്ലെന്ന പോരായ്മ നിലനിൽക്കുമ്പോഴാണു പദ്ധതിയിൽപോലും കുമരകം ഉൾപ്പെടാത്തത്. സർക്കാർ, സ്വകാര്യ മേഖലകളിൽ നിലവിൽ 2 കൺവൻഷൻ സെന്ററുകൾ മാത്രമാണുള്ളത്. കുറഞ്ഞത് 3,000 പേരെയെങ്കിലും ഉൾക്കൊള്ളാവുന്ന കൺവൻഷൻ സെന്ററുകൾക്ക് കുമരകത്ത് സാധ്യതയുണ്ട്. ജി 20 ഉച്ചകോടിയുടെ ഭാഗമായ സമ്മേളനത്തിന് വരെ വേദിയായ സ്ഥലമാണു കുമരകം.

ലൈഫ്: കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ബജറ്റിലും അവഗണന 
കോട്ടയം ∙ ബജറ്റിൽ ലൈഫ് ഭവനപദ്ധതിക്കായി കൂടുതൽ പ്രഖ്യാപനങ്ങൾ വന്നപ്പോഴും പദ്ധതിയിലെ ക്രമക്കേടിൽപെട്ട് കിടപ്പാടം നഷ്ടപ്പെട്ട 18 കുടുംബങ്ങളുടെ കാര്യത്തിൽ മിണ്ടാട്ടമില്ല. മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ നിർവഹണ ഉദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടു കാരണമാണ് ഇവർക്കു കിടപ്പാടം നഷ്ടമായത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥൻ സർവീസിൽ തിരികെ പ്രവേശിക്കുകയും ചെയ്തു. ഈ കുടുംബങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രത്യേക തീരുമാനം എടുക്കട്ടെയെന്നാണു പഞ്ചായത്തിന്റെ നിലപാട്. അതിനാൽ തന്നെ ബജറ്റിലായിരുന്നു ഇവരുടെ പ്രതീക്ഷ. 

പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നുള്ള കിടപ്പാടം പൊളിച്ചവരാണു കയറിക്കിടക്കാൻ ഇടമില്ലാതെ നട്ടംതിരിയുന്നത്. ഇവരിൽ ചിലർ ആദ്യഗഡു വാങ്ങി നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കായുള്ള ഹഡ്കോ വായ്പയിൽ നിന്നു 2018 ഏപ്രിൽ ഒന്നു മുതൽ 2022 ഡിസംബർ 26 വരെ 68 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗമായിരുന്നു കണ്ടെത്തിയത്. തുടർന്ന് നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) കെ.ജോൺസൺ ജോർജിനെ സസ്പെൻഡ് ചെയ്തു. 

പദ്ധതിക്കായി ഹഡ്കോ നൽകിയ തുകയും സർക്കാർ വിഹിതവും യഥാർഥ ഗുണഭോക്താക്കളുടെ പട്ടികയ്ക്കു പകരം വിഇഒ സ്വയം സാക്ഷ്യപ്പെടുത്തിയ പട്ടിക ബാങ്കിൽ നൽകി പണം തട്ടിയെന്നാണു കേസ്. ഇതെപ്പറ്റി വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. അടുത്തയിടെയാണു ജോൺസൺ സർവീസിൽ തിരികെ പ്രവേശിച്ചത്. വീട് നഷ്ടപ്പെട്ടവരിൽ പലരും ഷെഡ്ഡിനകത്തു കുടുംബമായാണ് ഇപ്പോൾ താമസം.

മാടപ്പള്ളിയിലെ പ്രതിഷേധം: ഇന്ന് 658–ാം ദിനം
മാടപ്പള്ളി ∙ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നില്ലെന്നു സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കുമ്പോഴും സിൽവർലൈനിന് എതിരായ സമരം മുടക്കമില്ലാതെ തുടർന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി. പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരുമായുള്ള കൂടിയാലോചനകൾ തുടരുകയാണെന്നും പദ്ധതി നടപ്പാക്കാൻ ശ്രമം നടത്തുകയാണെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കെ റെയിൽ‌ നടപ്പാക്കുന്നതിനെതിരെ മാടപ്പള്ളി റീത്ത്പള്ളി ജംക്‌ഷനിൽ നടക്കുന്ന സമരം ഇന്നു 658 ദിനങ്ങൾ പൂർത്തിയാക്കുന്നു. 

2022 മാർച്ച് 17നാണ് മാടപ്പള്ളിയിൽ കെ റെയിൽ പദ്ധതിക്കായി കല്ലിടാൻ‌ അധികൃതരെത്തുന്നതും തുടർന്ന് ജനങ്ങളുടെ നിന്നു വലിയ പ്രക്ഷോഭം നടക്കുന്നതും. സ്ത്രീകളുൾപ്പടെയുള്ളവരെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു. 2022 ഏപ്രിൽ 20ന് ഇതിനെതിരെ മാടപ്പള്ളി വെങ്കോട്ട – ശാന്തിപുരം റോഡിൽ റീത്ത് പള്ളി ജംക്‌ഷനിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര പന്തൽ ഉയർന്നു. അന്നു മുതൽ ദിവസവും സമരം നടത്തുകയാണ് നാട്ടുകാർ.

ഏറ്റുമാനൂർ മണ്ഡലത്തിന്  ബജറ്റിൽ 65 കോടി രൂപ
ഏറ്റുമാനൂർ ∙ നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന പദ്ധതികൾക്കായി ബജറ്റിൽ 65.7 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾക്കായി 32 കോടി രൂപയാണ് അനുവദിച്ചത്. സ്ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിനാണ് 1.5 കോടി രൂപ മെഡിക്കൽ കോളജിന് അനുവദിച്ചിരിക്കുന്നത്. എയിംസ് നിലവാരത്തിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കൽ കോളജിനെ സംസ്ഥാന സർക്കാർ പുതുതായി വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ടൂറിസം പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ രണ്ടാം ഘട്ടത്തിനായി 17 കോടി രൂപ, കുടമാളൂർ – മാന്നാനം റോഡ് 1.4 കോടി, അതിരമ്പുഴ – ഏറ്റുമാനൂർ റോഡ് 1.4 കോടി, അടിച്ചിറ മാന്നാനം റോഡ് 90 ലക്ഷം, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ് 5 കോടി, പുത്തൻതോട് – പരിപ്പ് – തൊള്ളായിരം റോഡിന് 8 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

കോട്ടയത്തിന് നേട്ടങ്ങളുടെ ബജറ്റ്: വി.എൻ വാസവൻ ‌
സംസ്ഥാന ബജറ്റിൽ കോട്ടയം ജില്ലയ്ക്ക്  അർഹമായ പരിഗണന ലഭിച്ചതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. റബർ കർഷകരുടെ ആവശ്യമായ സബ്സിഡി വർധന സർക്കാർ നടപ്പിലാക്കി. 10 രൂപയുടെ വർധനയാണ് സബ്സിഡി തുകയിൽ വരുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ റബർ കർഷകരെ പാടേ അവഗണിക്കുന്ന സമീപനം തുടരുന്നതിനിടയിലാണ് സംസ്ഥാനത്തിന്റെ ഈ നടപടി. ജില്ലയിലെ പ്രധാന പദ്ധതികൾക്കു മാത്രമായി 100 കോടി രൂപയോളമാണ് അനുവദിച്ചിരിക്കുന്നത്. എയിംസ് നിലവാരത്തിലേക്ക് ഉയരുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിനും ആശുപത്രിയിൽ സ്ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിനും പണം അനുവദിച്ചു.

32 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പുതുതായി വിഭാവനം ചെയ്തിരിക്കുന്ന മെഡിക്കൽ ടൂറിസം പദ്ധതിയിലും കോട്ടയം മെഡിക്കൽ കോളജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളൂരിൽ നിർമാണം പുരോഗമിക്കുന്ന കേരള റബർ ലിമിറ്റഡിനായി 9 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്കായി 17 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. നടപ്പാക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചിരുന്ന പല പദ്ധതികൾക്കും ഇത്തവണ പണം അനുവദിക്കുകയും തുക വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com