ADVERTISEMENT

ചിങ്ങവനം ∙ നടുറോഡിൽ കാറുമായി പാഞ്ഞ ദമ്പതികൾ എംസി റോഡിനെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ.  മറ്റു വാഹനങ്ങളിൽ ഇടിച്ച്, അമിതവേഗത്തിൽ പാഞ്ഞ കാർ തടയാനായി പൊലീസ് റോഡിനു കുറുകെ ക്രെയിൻ നിർത്തിയിട്ടു. കാർ ഓടിച്ചിരുന്ന കായംകുളം വൃന്ദാവനം വീട്ടിൽ അരുൺകുമാറിനെയും (29), ഭാര്യ ബെംഗളൂരു സ്വദേശിനി ധനുഷയെയും (27) നാട്ടുകാരും പൊലീസും ചേർന്നു ബലപ്രയോഗത്തിലൂടെ പുറത്തിറക്കി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നു 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം.

എംസി റോഡിൽ മറിയപ്പള്ളി ഭാഗത്തുനിന്നും ആരംഭിച്ച കാറിന്റെ പാച്ചിൽ ചിങ്ങവനം സെമിനാരിപ്പടിയിൽ ക്രെയിൻ റോഡിനു കുറുകെയിട്ടാണു പൊലീസ് തടഞ്ഞത്. എംസി റോഡിൽ ലെയ്‍ൻ തെറ്റിച്ചു കാർ വരുന്നതു കണ്ടു പല വാഹനങ്ങളും വെട്ടിച്ചുമാറ്റി അപകടമൊഴിവാക്കി.പള്ളം ഭാഗത്തു നാട്ടുകാരും വഴിയാത്രക്കാരും ഓട്ടോ ഡ്രൈവർമാരും പിന്തുടർന്നു തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തങ്ങളെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു വെട്ടിച്ചു കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു.  

ദമ്പതികൾ സഞ്ചരിച്ച കാർ ചിങ്ങവനം സെമിനാരിപ്പടിയിൽ ക്രെയിൻ ഉപയോഗിച്ചു തടഞ്ഞപ്പോൾ‌.
ദമ്പതികൾ സഞ്ചരിച്ച കാർ ചിങ്ങവനം സെമിനാരിപ്പടിയിൽ ക്രെയിൻ ഉപയോഗിച്ചു തടഞ്ഞപ്പോൾ‌.

കാൽനട യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.   പൊലീസ് കൺട്രോൾ റൂം സംഘം ഗോമതിക്കവല ഭാഗത്തു വച്ചു പൊലീസ് ജീപ്പ് കാറിനു മുന്നിൽ നിർ‌ത്തി തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചു മാറ്റി ഓടിച്ചുപോയി. കാറിനു മുന്നിലുണ്ടായിരുന്ന ക്രെയിൻ പൊലീസ് ഇടപെട്ടു റോഡിനു കുറുകെ നിർത്തിച്ചു. സെമിനാരിപ്പടി ഭാഗത്തു വച്ചു കാർ ക്രെയിനിന്റെ മുന്നിൽ പെട്ടു. പിന്നാലെ വന്ന ചിങ്ങവനം പൊലീസിന്റെ ജീപ്പുകൾ കാറിനു പിന്നിലുമിട്ടു തടഞ്ഞു.

കാറിൽ നിന്നിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ദമ്പതികൾ തയാറായില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെ അരുൺകുമാറിനെ കാറിൽ നിന്നിറക്കി. വനിതാ പൊലീസെത്തി ധനുഷയെയും കസ്റ്റഡിയിലെടുത്തു.  പൊലീസിന്റെ ചോദ്യങ്ങളോടു പ്രതികരിച്ചില്ലെന്നും സ്റ്റേഷനുള്ളിൽ  ഇരുവരും അക്രമാസക്തരായി പെരുമാറിയെന്നും സൂചനയുണ്ട്. ഇരുവരെയും ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി. കുടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com