ADVERTISEMENT

എരുമേലി ∙ ജില്ലയിൽ 2 പഞ്ചായത്തുകളിൽ കൊടുംവരൾച്ച എന്നു റിപ്പോർട്ട്. കൂട്ടിക്കൽ, പുതുപ്പള്ളി പഞ്ചായത്തുകളാണ് ഇതുവരെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിൽ വരൾച്ച റിപ്പോർട്ട് ചെയ്തത്. ഈ പഞ്ചായത്തുകളിൽ വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുന്നതിനു ജില്ലാ ദുരന്തനിവാരണ വിഭാഗം സർക്കാരിലേക്കു റിപ്പോർട്ട് കൈമാറി. സർക്കാരിന്റെ നിർദേശവും ഫണ്ടും കിട്ടുന്ന മുറയ്ക്കു ശുദ്ധജല വിതരണം ആരംഭിക്കുമെന്നു ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു.

വരണ്ട് മീനച്ചിൽ, മണിമല
വരൾച്ച രൂക്ഷമായതോടെ മീനച്ചിലാറ്റിലും മണിമലയാറ്റിലും മിക്ക സ്ഥലങ്ങളിലും ഒഴുക്ക് ഇടമുറിഞ്ഞ സ്ഥിതിയിൽ. ചെക്ക് ഡാമുകൾ ഇല്ലാത്ത ഭാഗങ്ങളിൽ ചാലുകൾ പോലെയാണ് ഒഴുക്ക്. മീനച്ചിലാറിൽ പലഭാഗത്തും ഒഴുക്ക് നിലച്ച നിലയാണ്. ആറ്റിലെ ജലനിരപ്പ് കണ്ടെത്തുന്നതിനു ഹൈഡ്രോളജി വകുപ്പ് സ്ഥാപിച്ച സ്കെയിലുകളിലും ജലനിരപ്പ് തീരെ കുറഞ്ഞു, മീനച്ചിലാറ്റിലെ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ സ്കെയിൽ ജലനിരപ്പ് 10 സെന്റീമീറ്ററിൽ താഴെയാണ്.

മണിമല ആറ്റിലും ചെക്ക് ഡാം ഇല്ലാത്ത സ്ഥലങ്ങളിൽ ആറ് വറ്റി വരണ്ട് അടിത്തട്ടിലെ പാറ തെളിഞ്ഞ നിലയിലാണ്. ചെക്ക് ഡാം ഉള്ള കരിമ്പുകയം പോലുള്ള മേഖലകളിൽ മാത്രമാണു വെളളം ഉള്ളത്. പമ്പയാറ്റിലെ എയ്ഞ്ചൽവാലി, മൂലക്കയം, കണമല ഭാഗങ്ങളിൽ പ്രളയത്തിൽ വൻതോതിൽ മണൽ വന്ന് അടിഞ്ഞതു മൂലം കയങ്ങൾ നികന്ന് അതിവേഗം വരൾച്ച ബാധിക്കുന്നുണ്ട്.

തടയണകൾക്ക്  എസ്റ്റിമേറ്റ്
തണ്ണീർ മുക്കം ബണ്ട് തുറക്കുമ്പോൾ വേമ്പനാട്ട് കായലിൽ നിന്നുള്ള ഉപ്പുവെള്ളം കയറി ജല അതോറിറ്റിയുടെ പമ്പിങ് സ്രോതസ്സുകൾ മലിനമാകാതിരിക്കാൻ മീനച്ചിലാറ്റിലെ താഴത്തങ്ങാടി, കല്ലുമട, കുടമാളൂർ, അറുത്തൂട്ടി, പുലിക്കുട്ടിശേരി തുടങ്ങിയ സ്ഥലങ്ങളിൽ മേജർ ഇറിഗേഷൻ വകുപ്പ് താൽക്കാലിക ബണ്ടുകൾ സ്ഥാപിക്കുന്നതിനു നടപടികൾ തുടങ്ങി. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടിയാണു നടക്കുന്നത്. മാർച്ച് മാസത്തിനുള്ളിൽ താൽക്കാലിക ബണ്ടുകൾ പൂർത്തിയാക്കാനാണു ലക്ഷ്യം.

ഭൂഗർഭ ജലനിരപ്പ് താഴുന്നു
ഭൂജലവകുപ്പിന്റെ കണക്കുകൾ പ്രകാരം ഭൂഗർഭ ജലനിരപ്പിലും കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട്. കുഴൽ കിണറുകളെ അപേക്ഷിച്ചു തുറന്ന കിണറുകളിലാണ് അതിവേഗത്തിൽ ജലനിരപ്പ് താഴുന്നതെന്നു ഭൂജലവകുപ്പ് അധികൃതർ പറയുന്നു.

കൂടിയ താപനില കോട്ടയം
ഫെബ്രുവരി 6: 35.2 ഡിഗ്രി സെൽഷ്യസ്
∙ഫെബ്രുവരി 5: 35.2
∙ഫെബ്രുവരി 4: 36.3
∙ഫെബ്രുവരി 3: 35.3
∙ഫെബ്രുവരി 2: 35.0
∙ഫെബ്രുവരി 1: 35.5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com