'10 വർഷം'; നാട്ടുകാരെല്ലാം ചേർന്ന് ബസ് കഴുകും; നാടിന്റെ ചങ്കാണ് ഈ കെഎസ്ആർടിസി ബസ്
Mail This Article
പാമ്പാടി ∙ ഒരു കെഎസ്ആർടിസി ബസിനെ സ്നേഹിക്കുന്ന നാട്. സർവീസ് തുടങ്ങി 10 വർഷം പൂർത്തിയാക്കിയ കെഎസ്ആർടിസി ബസിനെ ഹാരം അണിയിച്ചും കണ്ടക്ടർക്കും ഡ്രൈവർക്കും ഉപഹാരവും കെഎസ്ആർടിസി ഓഫിസ് ജീവനക്കാർക്ക് ലഡുവും സമ്മാനിച്ചാണ് 10ാം വാർഷികം ആഘോഷിച്ചത്. നാട്ടുകാരെല്ലാം ചേർന്ന് ബസ് കഴുകി കൊടുക്കുന്നതും ഇവിടെ പതിവാണ്. ആർഎകെ 993 നെടുംകുന്നം–കോട്ടയം റോഡിൽ ഓടുന്ന കെഎസ്ആർടിസി ബസാണ് ജനങ്ങളുടെ പൊന്നോമന. ഗ്രാമസേവിനി റസിഡന്റ്സ് അസോസിയേഷന്റെ പരിശ്രമഫലമായി കോട്ടയം–പാമ്പാടി-നെന്മല, കുമ്പന്താനം–കങ്ങഴ വഴിയുള്ള ബസ് ആരംഭിച്ച് 10 വർഷമായി.
കോവിഡ് കാലമൊഴികെ സ്ഥിരമായി ഓടുന്ന ബസ് നാട്ടുകാരുടെയും ഗ്രാമസേവിനിയുടെയും ചങ്കാണ്. കങ്ങഴ–കുമ്പന്താനം–നെന്മല പ്രദേശങ്ങളിൽ നിന്നു പാമ്പാടി താലൂക്ക് ആശുപത്രി, കോട്ടയം ഭാഗത്തേക്ക് മറ്റു പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ഈ ബസ് പ്രദേശവാസികൾക്ക് വലിയ സഹായമാണ്. ബസ് നല്ല ലാഭത്തിലാണ് ഓടുന്നതും. ബസ് കഴുകി വൃത്തിയാക്കുക, യാത്രക്കാർക്ക് സാനിറ്റൈസർ നൽകുക, ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുക, യാത്രക്കാരുടെ വാട്സാപ് ഗ്രൂപ്പ് എന്നിവയും ഗ്രാമസേവിനി നടത്തിയിരുന്നു.
ഡ്രൈവർക്കും കണ്ടക്ടർക്കും ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. 10 വർഷത്തിന്റെ പ്രതീകമായി 10 വർണ ബലൂണുകളും പറത്തി. ഗ്രാമസേവിനി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ.രാജൻ, ജി.വേണുഗോപാൽ, പി.ആർ.അജിത് കുമാർ, കുര്യാക്കോസ് ഈപ്പൻ, ആർ.വാസുദേവൻ നായർ, സുനിൽ പുളിന്താനം, ടി.ബി.രവീന്ദ്രനാഥൻ നായർ, സുബിൻ, സുനിൽ മാളിയേക്കൽ, രാജേഷ്, ബിജു തോമസ്, സജി എന്നിവർ പ്രസംഗിച്ചു.