ജലക്ഷാമം നേരിടാൻ വലിയ തോട്ടിൽ തടയണ നിർമാണം തുടങ്ങി
Mail This Article
പാഴുത്തുരുത്ത് ∙ വേനൽക്കാലത്തെ കടുത്ത ജലക്ഷാമം നേരിടാൻ വലിയ തോട്ടിൽ തിരുവാമ്പാടിയിൽ ചീപ്പ് (തടയണ) നിർമാണം ആരംഭിച്ചു. തടയണ നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 14.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണം തുടങ്ങിയ ഘട്ടത്തിൽ തന്നെ കനാലിൽ നിന്നും വെള്ളം എത്തി നിർമാണ പ്രവർത്തനങ്ങൾ വെള്ളം മൂടി. ഇതോടെ പണികൾ ഉപേക്ഷിച്ചിരുന്നു. വേനൽ കടുത്തതോടെ ഉപേക്ഷിക്കപ്പെട്ട തടയണ നിർമാണം പുനരാരംഭിക്കണം എന്ന ആവശ്യം ശക്തമാവുകയും മനോരമ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ചീപ്പ് നിർമാണം വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ചീപ്പ് നിർമാണം പൂർത്തിയാകുന്നതോടെ പാഴുത്തുരുത്ത്, തിരുവാമ്പാടി, അരുണാശേരി, കൂവേലി പാടശേഖരങ്ങളിൽ കൃഷിക്കും പാഴുത്തുരുത്ത് പാടശേഖരത്തിലും തിരുവാമ്പാടിയിലും പച്ചക്കറിക്കൃഷിക്കും വെള്ളം എത്തിക്കാൻ കഴിയും. പ്രദേശത്തെ ജലക്ഷാമത്തിനും പരിഹാരമാകും. പാഴുത്തുരുത്തിൽ നിന്നും തിരുവാമ്പാടിയിലേക്കു നാട്ടുകാർ സഞ്ചരിച്ചിരുന്നത് പഴയ ചീപ്പിനു മുകളിലൂടെയുള്ള നടപ്പാതയിലൂടെ ആയിരുന്നു. ചീപ്പും നടപ്പാതയും പൊളിച്ചു കളഞ്ഞ് അടുത്തകാലത്ത് ഇവിടെ പാലം നിർമിച്ചു. ഇതോടെ വള്ളം തടഞ്ഞ് നിർത്താൻ മാർഗം ഇല്ലാതായി.
ചീപ്പിനു സമീപത്തെ തോടിന്റെ ഇരു വശങ്ങളിലുമുള്ള കൽക്കെട്ടുകൾ ഇടിഞ്ഞ് തോട്ടിലേക്ക് വീണു കിടക്കുകയാണ്. സമീപമുണ്ടായിരുന്ന കടവും നശിച്ചു. ഇപ്പോൾ കടവിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ട്. തിരുവാമ്പാടി, പാഴുത്തുരുത്ത്, ചിറനിരപ്പ് ഭാഗങ്ങളിൽ നിന്നും ആളുകൾ കുളിക്കുന്നതിനും തുണി നനയ്ക്കുന്നതിനും ഒക്കെയായി ഉപയോഗിച്ചിരുന്ന കടവാണ് തകർന്ന് കിടക്കുന്നത്. ചീപ്പും കടവും ഉടൻ നിർമിക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.
ഒരു കാലത്ത് നൂറ് കണക്കിന് ഏക്കർ പാടശേഖരത്ത് നെൽക്കൃഷിക്കും പച്ചക്കറി കൃഷിക്കും ജലസേചനത്തിനും ഉപയോഗിച്ചിരുന്നതാണ് തിരുവാമ്പാടി ചീപ്പും കടവും . ഇപ്പോൾ തോട്ടിൽ വെള്ളം തടഞ്ഞ് നിർത്താൻ കഴിയാത്തതിനാൽ രൂക്ഷമായ ജലക്ഷാമമാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്.
ജലക്ഷാമം പരിഹരിക്കാനാവും
∙ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 7 ലക്ഷം രൂപ കൂടി അനുവദിച്ചാണ് ചീപ്പ് നിർമാണം വീണ്ടും ആരംഭിച്ചിരിക്കുന്നത്. വലിയ തോട്ടിൽ തടയണ നിർമിച്ച് ജലം തടഞ്ഞു നിർത്തുന്നതു മൂലം പ്രദേശത്തെ ജലക്ഷാമം പരിഹരിക്കാൻ കഴിയും. 100 കണക്കിന് ഏക്കർ കൃഷികൾക്ക് ജലസേചന സൗകര്യം ലഭിക്കും. നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യത്തിനാണ് പരിഹാരം കാണും. വർഷകാലത്തിനു മുൻപായി തടയണ നിർമാണം പൂർത്തിയാക്കും