ADVERTISEMENT

കോട്ടയം ∙ മറിയപ്പള്ളിയിൽ നാലു വീടുകളിൽ മോഷണ ശ്രമം, വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. ബുധനാഴ്ച അർധരാത്രിക്കു ശേഷം പുലർച്ചെ 3 നും 5.30 നും ഇടയ്ക്കാണ് മറിയപ്പള്ളി, ചെട്ടിക്കുന്ന് ഭാഗത്ത് മോഷണ ശ്രമത്തിന്റെ പരമ്പര നടന്നത്. ആഷാലയത്തിൽ കെ.വി. രവീന്ദ്രൻ, സമീപത്തെ വീട്ടിൽ താമസിക്കുന്ന കെ. രവീന്ദ്രൻ ചേരിക്കൽ, ചെട്ടിക്കുന്ന് ഭാഗത്ത് താമസിക്കുന്ന അധ്യാപികയായ അശ്വതി നിവാസിൽ സജിമോൾ, സമീപത്തുള്ള തോട്ടുങ്കൽ ജയകുമാർ എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. 

അടുക്കള വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. അശ്വതി നിവാസിൽ സജിമോൾ ടീച്ചറുടെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മുറിയിലെ അലമാര തുറക്കുന്ന ശബ്ദം, വീട്ടുകാർ കേട്ട് ഉണരുക ആയിരുന്നു. ഇത് മനസ്സിലാക്കിയ കള്ളൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആയുധം കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി. കെ.വി.രവീന്ദ്രന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവിനെ അഞ്ചാം ക്ലാസുകാരി കാണുകയും ബഹളം വച്ച് വീട്ടുകാരെ ഉണർത്തുകയും ചെയ്തു.

ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾ മങ്കിക്യാപ്പ് ധരിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞു. തുടർന്ന്, തൊട്ടടുത്ത വീട്ടിലും കയറിയ മോഷ്ടാവ് അവിടത്തെ അടുക്കള വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ട വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടു ഇതോടെ കയ്യിൽ കരുതിയ കമ്പിപ്പാര വീടിന്റെ വാതിലിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു. സംഭവത്തിൽ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com