ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ഗുരുതര പരുക്ക്
Mail This Article
വൈക്കം ∙ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ചാടിയ യുവാവിനു ഗുരുതരമായി പരുക്ക്. കൊല്ലം ചവറ തയ്യിൽ വീട്ടിൽ മുഹമ്മദ് ബഷീറിന്റെ മകൻ എം.ബി അൻസാർ ഖാൻ (26) ആണു ട്രെയിനിൽ നിന്ന് എടുത്തു ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിലായിരുന്നു സംഭവം. പൊതി മേൽപാലത്തിനു സമീപം നെല്ലിക്കുന്ന് വേനക്കുഴി ഭാഗത്താണ് ചാടിയത്. ചാടാനുണ്ടായ കാരണം വ്യക്തമല്ല. പൊലീസും യാത്രക്കാരും നോക്കി നിൽക്കെയായിരുന്നു ചാട്ടം. ചവിട്ടുപടിയിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന യുവാവിനോട് സിവിൽ പൊലീസ് ഓഫിസറും ടിടിആറും അകത്തേക്കു കയറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഈ ദൃശ്യങ്ങൾ മറ്റൊരു യുവാവ് മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.
തുടർന്ന് അപ്രതീക്ഷിതമായി അൻസാർ ഖാൻ പുറത്തേക്ക് എടുത്തു ചാടുകയായിരുന്നു. ഈ ദൃശ്യം പൊലീസ് കൺട്രോൾ റൂമിലേക്ക് അയച്ചു കൊടുത്തു. തലയോലപ്പറമ്പ് പൊലീസ് നടത്തിയ തിരച്ചിലിൽ പുല്ലും കാടും വളർന്ന കാട്ടിനുള്ളിൽ രാത്രി 12.30ഓടെ അൻസാർ ഖാനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാഗിൽ നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുള്ള മേൽവിലാസത്തിൽ വിവരം അറിയിച്ചു. വീട്ടുകാർ ആശുപത്രിയിലെത്തി. തിരക്കേറിയ കംപാർട്ട്മെന്റിലിരുന്ന് ഇയാൾ പുകവലിച്ചപ്പോൾ യാത്രക്കാർ റയിൽവേ പൊലീസിനെ വിവരം അറിയിച്ചു. ഇതേ തുടർന്നു റയിൽവേ പൊലീസും ടിക്കറ്റ് പരിശോധകനും കംപാർട്ട്മെന്റിൽ എത്തി.
ട്രെയിനിന്റെ വാതിലിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഇയാൾ ഇതോടെ ചവിട്ടുപടിയിലേക്ക് അപകടകരമായ രീതിയിൽ ഇറങ്ങി നിന്നു. ഇയാൾ ലഹരിയിലായിരുന്നോ എന്നും സംശയമുണ്ട്. ട്രെയിനിൽ നിന്നു യുവാവ് താഴേക്കു ചാടുന്ന ദൃശ്യം ലഭിച്ച പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെ പൊലീസ് സ്റ്റേഷൻ മനസ്സിലാക്കി അവിടേക്ക് അയച്ചു കൊടുക്കുകയായിരുന്നു. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.ആർ.സുശീലന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് അൻസാർ ഖാന്റെ ജീവൻ തിരിച്ചു കിട്ടിയത്. വിഡിയോ ശ്രദ്ധയിൽപെട്ടതോടെ വ്യാപാരിയെ വിഡിയോ കാണിച്ചതും വിഡിയോയിൽ കണ്ട വീട് തിരിച്ചറിഞ്ഞതും ഏറെ സഹായകരമായി.