ADVERTISEMENT

വൈക്കം ∙ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ബ്രാഞ്ച് അംഗത്തിന്റെ വാരിയെല്ല് ചവിട്ടി ഒടിച്ചതായി പരാതി. ഒക്ടോബർ 14ന് കലവൂരിലാണ് സംഭവം. മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം ചിറേക്കടവ് ബ്രാഞ്ച് കമ്മിറ്റിയംഗം ഇടവട്ടം എടാട്ട് എ.പി.സനീഷിന്റെ (46) വാരിയെല്ല് ലോക്കൽ കമ്മിറ്റിയംഗം ഇടവട്ടം തെക്കുംതറയിൽ ആർ.രതീഷ് ചവിട്ടി ഒടിച്ചതായി കാണിച്ച് ഡിസംബർ 5ന് സനീഷ് പാർട്ടി മറവൻതുരുത്ത് ലോക്കൽ കമ്മിറ്റിയിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന് ജനുവരി 13നു തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെയാണ് പരാതി നൽകേണ്ടതെന്നും പരാതി അങ്ങോട്ടു കൈമാറിയിട്ടുണ്ടെന്നും  തലയോലപ്പറമ്പ് പൊലീസ് പറഞ്ഞതായി സനീഷ് പറയുന്നു. എന്നാൽ 2 സ്റ്റേഷനിൽ നിന്നും നടപടി ഉണ്ടാകുന്നില്ലെന്നും പാർട്ടി നേതാക്കളുടെ ഇടപെടലാകാം ഇതിനു പിന്നിലെന്നും സനീഷ് ആരോപിച്ചു. 

ആലപ്പുഴ കലവൂരിൽ രതീഷിന്റെ ഭാര്യയുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ഡ്രൈവറായി ഒക്ടോബർ 12നാണ് സനീഷ് പോയത്. മദ്യം ഇരിക്കുന്ന വാഹനത്തിന്റെ താക്കോൽ കണ്ടില്ലെന്നു പറഞ്ഞ് മുറിയിൽ ഇരുന്ന തന്നെ അടിച്ചുവീഴ്ത്തി ചവിട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് പിടിച്ചു മാറ്റിയതെന്നും സനീഷ് പറഞ്ഞു. പഞ്ചായത്തംഗവും പാർട്ടിക്കാരായ മറ്റു സുഹൃത്തുക്കളും സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. അതിനാൽ അന്നു പരാതി നൽകിയില്ല. വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടി. അടുത്ത ദിവസം രതീഷ് എത്തി അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് വാരിയെല്ല് ഒടിഞ്ഞത് അറിയുന്നത്. പാർട്ടിക്കാരായ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് കട്ടിലിൽ നിന്നു വീണതാണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഡ്രൈവറായും പന്തൽപ്പണിക്കും പോയിരുന്ന സനീഷിന് ഇതുവരെ ഒരു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കു ചെലവായി. പ്രായമായ അമ്മയ്ക്കൊപ്പം താമസിക്കുന്ന താൻ ജോലിക്കു പോകാനാകാതെ മൂന്നര മാസമായി ചികിത്സയിലാണെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സനീഷ് പറഞ്ഞു. 

∙ ഡിസംബർ 5ന് സനീഷിന്റെ പരാതി ലഭിച്ചിരുന്നു ഇതിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് റിപ്പോർട്ട് കിട്ടിയാൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

∙ തനിക്കെതിരെ സനീഷ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആർ.രതീഷ് പറഞ്ഞു. രണ്ടുമാസം മുൻപ് വലതു കയ്യിന്റെ തോളെല്ലിനു ശസ്ത്രക്രിയ നടത്തി ഇപ്പോഴും കൈ ബാഗിൽ തൂക്കിയാണ് താൻ നടക്കുന്നത്. ഉന്തും തള്ളും ഉണ്ടായി. തന്റെ കയ്യിന്റെ അവസ്ഥ അറിയാവുന്നതിനാൽ ഒപ്പം ഉണ്ടായിരുന്ന പാർട്ടിക്കാരായ സുഹൃത്തുക്കൾ തന്നെയാണ് പിടിച്ചുമാറ്റിയത്. തന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സനീഷിനെ കണ്ടിരുന്നത്. മറ്റാരുടെയോ ഉപദേശ പ്രകാരമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും രതീഷ് ആരോപിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com