ADVERTISEMENT

എരുമേലി ∙ ‌കായിക രംഗത്തും അടിസ്ഥാന വികസന രംഗങ്ങളിലും ഊന്നൽ നൽകി എരുമേലി പഞ്ചായത്ത് ബജറ്റ്. കൊരട്ടിയിൽ വോളിബോൾ അക്കാദമി ആരംഭിക്കുന്നതിനു നിർമാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയും ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിന്റെ പ്രാരംഭ നടപടികൾക്കായി 20 ലക്ഷം രൂപയും അടക്കം 47.6 കോടി രൂപ വരവും 46.40 കോടി രൂപ ചെലവും 59 ലക്ഷം രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ലിസി സജി, മറിയാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി അഷറഫ്, പഞ്ചായത്ത് സെക്രട്ടറി എം.എം. മണിയൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബജറ്റിലെ പ്രധാന പദ്ധതികൾ
∙ പൊതുശ്മശാനം, ആധുനിക അറവുശാല എന്നിവ ജൂലൈ ഒന്നിനു മുൻപ് തുറന്ന് പ്രവർത്തിക്കും. (5 ലക്ഷം രൂപ).
∙ശബരിമല തീർഥാടകരുടെ സംഗമ കേന്ദ്രമായ കണമലക്കടവ് പുനരുദ്ധരിക്കും (2 ലക്ഷം രൂപ).
∙ഫാ. മാത്യു വടക്കേമുറി സ്മാരക കമ്യൂണിറ്റി ഹാൾ നിർമിക്കും (2 ലക്ഷം രൂപ).
∙എയ്ഞൽവാലിയിലെ പാണനരുവി പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും (2 ലക്ഷം).
∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കാനന പാതയിൽ ആധുനിക നിലവാരത്തിലുള്ള കാർഡിയാക് സെന്റർ തുറക്കുന്നതിനു ശ്രമം നടത്തും.
∙തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധം പേരൂർത്തോട്ടിൽ ചെക്ക് ഡാം നിർമിക്കും.
∙മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനും ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനും കൂടുതൽ പദ്ധതികൾ നടപ്പിലാക്കും.
∙എരുമേലി പഞ്ചായത്തിലെ മാതൃകാ വയോജന സൗഹൃദ പഞ്ചായത്ത് ആക്കും.
∙വന്യ മൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും കൃഷിയുടെയും സംരക്ഷണത്തിനായി സൗരോർജ വേലികൾ സ്ഥാപിക്കും.
∙എരുമേലി കെഎസ്ആർടിസി ഡിപ്പോ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
∙ മുക്കൂട്ടുതറ ഷോപ്പിങ് കോംപ്ലക്സ് ഉടനടി പൂർത്തിയാക്കും.
∙കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, ഐസിഡിഎസ് ഓഫിസ് എന്നിവ നവീകരിക്കും.
∙ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
∙കാർഷിക മേഖല, വനിതാ ശിശു വികസനം, വയോജന ക്ഷേമം, ഭിന്ന ശേഷി ക്ഷേമം, കുടുംബശ്രീ വികസന പദ്ധതികൾ തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കും.
∙എരുമേലി സബ് ട്രഷറി നിർമിക്കുന്നതിനു സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കും.
∙വൃദ്ധസദനം, ഷീ–ലോഡ്ജ് എന്നിവ കാര്യക്ഷമം ആക്കും.
∙പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
∙എരുമേലിയിൽ ടൗൺഹാൾ നിർമിക്കും.
∙ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും.
∙ബിപിഎൽ വിഭാഗത്തിനും താഴ്ന്ന വരുമാനക്കാർക്കും സമ്പൂർണ ഗാർഹിക വൈദ്യുതീകരണം നടത്തും.
∙ഉയർന്ന പ്രദേശങ്ങളിൽ ദുരന്തനിവാരണത്തിന്റെ ഭാഗമായി മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കും.
∙വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ പുനരധിവാസ ഷെൽട്ടറുകൾ സ്ഥാപിക്കും.
∙കയർ സഹകരണ സംഘത്തിനു കയർ ഇലക്ട്രിക് റാട്ട് വാങ്ങാനുള്ള തുക അനുവദിക്കും.

ലൈഫ് ഭവന പദ്ധതി : ജില്ലയിൽ റെക്കോർഡ്
ലൈഫ് ഭവന പദ്ധതി വഴി ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ അനുവദിച്ചത് എരുമേലി പഞ്ചായത്തിനാണ്. 465 വീടുകൾ അനുവദിക്കപ്പെട്ടതിൽ 222 പേർക്ക് വീടുകൾ പൂർത്തിയായി. 65 പേർക്ക് സ്ഥലം വാങ്ങി നൽകി.‌

തൊഴിലുറപ്പ് പദ്ധതി 3.41 കോടി
ദേശീയ തൊഴിലുറപ്പ് പദ്ധതി ഈ വർഷം ചെലവഴിച്ചത് 3.41 കോടി രൂപ. 11 തൊഴിലാളികൾക്ക് 200 തൊഴിൽ ദിനവും 382 തൊഴിലാളികൾക്ക് 100 തൊഴിൽദിനങ്ങളും ലഭ്യമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com