ADVERTISEMENT

കടുത്തുരുത്തി ∙ തലയോട്ടിയിൽ അർബുദം ബാധിച്ച് 6 തവണ ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവിന്റെ വരുമാനമാർഗം മുട്ടിച്ച് അധികൃതർ. 2 വർഷം മുൻപു വികസന പ്രവർത്തനങ്ങളുടെ പേരിൽ കുത്തിപ്പൊളിച്ച റോഡിൽ നിന്നുയരുന്ന പൊടി മൂലം കടയിൽ ഇരിക്കാൻ കഴിയാതെ അറുനൂറ്റിമംഗലം ജംക്‌ഷനിൽ സ്റ്റേഷനറിക്കട പൂട്ടിയതോടെ കീഴൂർ കൊല്ലം കുഴിയിൽ ജോമോൻ തോമസും കുടുംബവുമാണു പ്രതിസന്ധിയിലായിരിക്കുന്നത്. എയ്ഞ്ചൽസ് സൂപ്പർ ഷോപ്പി എന്ന പേരിൽ ജോമോൻ വർഷങ്ങളായി അറുനൂറ്റിമംഗലത്തു സ്റ്റേഷനറിക്കട നടത്തുകയായിരുന്നു. ഇതിനിടയിൽ തലയോട്ടിയിൽ അർബുദം ബാധിച്ചു ചികിത്സയിലായി. 6 തവണ തിരുവനന്തപുരം ആർസിസിയിൽ ശസ്ത്രക്രിയ നടത്തി. ഭാര്യയും 3 കുട്ടികളുമുള്ള കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടയിലാണ് ഏക വരുമാനമാർഗമായിരുന്ന സ്റ്റേഷനറിക്കട റോഡിൽ നിന്നുയരുന്ന പൊടി മൂലം അടച്ചിടേണ്ടിവന്നത്. 

6 മാസമായി കട തുറക്കാറില്ലെന്നു ജോമോൻ പറയുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ രൂക്ഷമായ പൊടിയാണ് ഉയരുന്നത്. ഈ പൊടി സഹിച്ചു കടയിൽ ഇരിക്കാൻ കഴിയുന്നില്ല. കടയ്ക്കുള്ളിലെ സാധനങ്ങളിൽ നിറയെ പൊടിയാണ്. 60,000 രൂപ മുടക്കി വാങ്ങിയ ഫോട്ടോസ്റ്റാറ്റ് ഉപകരണം പൊടി കയറി നശിച്ചു. ആരും കടയിൽ എത്താറില്ല. ഇതോടെ കട തുറക്കാതായി. സമീപത്തെ കടക്കാരുടെയും സ്ഥിതി ഇതുതന്നെ. സമീപത്തു തയ്യൽക്കട നടത്തുന്ന കുറുമുള്ളിൽ പോൾ തോമസിന് ഇപ്പോൾ പണിയില്ല. 

ആരെങ്കിലും തയ്ക്കാൻ തുണി ഏൽപിച്ചാൽ തയ്യലിനു ശേഷം വസ്ത്രം അലക്കിക്കൊടുക്കേണ്ട സ്ഥിതിയാണ്. കടുത്തുരുത്തി– പിറവം റോഡിലെ പ്രധാന ജംക്‌ഷനാണ് അറുനൂറ്റിമംഗലം. റോഡിനായി കോടികൾ അനുവദിച്ചിരുന്നു. എന്നാൽ ടൗണിൽ റോഡ് കുത്തിപ്പൊളിച്ചതിനു ശേഷം പണികൾ നടത്തിയില്ല. ഇവിടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കണം. ഈ പൈപ്പ് കൊൽക്കത്തയിൽ നിന്നാണ് എത്തേണ്ടത്. ഇതുമൂലമാണ് റോഡ് ടാറിങ് വൈകുന്നത് എന്നാണു പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. ജംക്‌ഷനിലെ വ്യാപാരികളും യാത്രക്കാരും ഓട്ടോ തൊഴിലാളികളുമെല്ലാം പൊടിശല്യം മൂലം വലയുകയാണ്. പൊടിശല്യം രൂക്ഷമാകുമ്പോൾ വ്യാപാരികൾ തന്നെ വെള്ളം എത്തിച്ച് റോഡ് നനയ്ക്കുന്നുണ്ടെങ്കിലും കടുത്ത വേനൽച്ചൂടിൽ പൊടിശല്യത്തിനു കുറവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com