ADVERTISEMENT

കോട്ടയം ∙ കോട്ടയം പാർലമെന്റ് മണ്ഡലം എൻഡിഎക്ക‌ു ബാലികേറാമലയല്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എൻഡിഎ കേരള പദയാത്രയുടെ ഭാഗമായി ചേർന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ സുരേന്ദ്രൻ. ഇപ്പോഴത്തെ കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളുടെ ഭാഗമായ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നാണ് എൻഡിഎ സ്ഥാനാർഥി പി.സി.തോമസ് വിജയിച്ചതെന്നു സുരേന്ദ്രൻ ഓർമിപ്പിച്ചു. കോട്ടയത്ത് എൻഡിഎക്കു ശക്തനായ സ്ഥാനാർഥിയുണ്ടാകുമെന്നും വലിയ മാറ്റം വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയാണു കേരളത്തിന്റെ ഒരേയൊരു രക്ഷകൻ. കേരളത്തിലെ ജനങ്ങളെ കരിവാരിത്തേക്കുകയാണു പിണറായി സർക്കാർ– സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ കേന്ദ്ര സർക്കാർ കാലത്താണു കോട്ടയം ജില്ലയിൽ അടിസ്ഥാനസൗകര്യ വികസനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഡിജെഎസ് സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 

ബിജെപി ജില്ലാ പ്രസിഡ‍ന്റ് ജി.ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. പാർട്ടി അംഗത്വമെടുത്ത ശേഷം പി.സി. ജോർജും മകൻ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജും ആദ്യമായി ബിജെപി വേദിയിലെത്തി. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വക്താക്കളായ എൻ.കെ.നാരായണൻ നമ്പൂതിരി, ടി.പി.സിന്ധുമോൾ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ തുടങ്ങിയവരും പ്രസംഗിച്ചു. തിരുനക്കരയിൽ നിന്ന് ആരംഭിച്ച പദയാത്ര പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. പദയാത്ര സംക്രാന്തിയിൽ സമാപിച്ചു.

കഴി‍ഞ്ഞ ദിവസം ദേവലോകത്ത് ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിയ സുരേന്ദ്രൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ചു. വൈക്കം ക്ഷേത്രദർശനത്തോടെയാണ് ഇന്നലെ കെ.സുരേന്ദ്രന്റെ ജില്ലാ പര്യടനം ആരംഭിച്ചത്. വൈക്കം സത്യഗ്രഹ സ്മാരകം അദ്ദേഹം സന്ദർശിച്ചു. വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലും കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമത്തിലും പങ്കെടുത്തു. അയോധ്യയിലേക്കുള്ള കൊച്ചുവേളി– അയോധ്യ ധാം സ്പെഷൽ ട്രെയിനിനു കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

ലാവ്‌ലിൻ കേസ് ഒതുക്കിയത് കോൺഗ്രസ്: സുരേന്ദ്രൻ 
കോട്ടയം ∙ അങ്കമാലി ഫോർ കാലടി എന്ന റെയിൽവേ സ്റ്റേഷൻ പേരുപോലെയാണു വി.ഡി.സതീശൻ ഫോർ പിണറായി വിജയനെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പിണറായി വിജയനു വേണ്ടിയാണു വി.ഡി.സതീശൻ പണിയെടുക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതിനു പിന്നിൽ സതീശന്റെ ബുദ്ധിയാണ്. മാസപ്പടി സതീശനും ലഭിച്ചിരിക്കാമെന്നു സുരേന്ദ്രൻ ആരോപിച്ചു. മാസപ്പടി കേസിൽ യുഡ‍ിഎഫ് നേതാക്കൾക്കും പണം ലഭിച്ചിട്ടുണ്ട്.  എസ്എൻസി ലാവ്‌ലിൻ കേസ് വിചാരണയില്ലാതെ ഒതുക്കിയതു കോൺഗ്രസ് സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com