തുരുത്തി – മുളയ്ക്കാംതുരുത്തി റോഡിൽ പൊടി തിന്ന് ദുസ്സഹ ജീവിതം
Mail This Article
ചങ്ങനാശേരി ∙ തകർന്ന റോഡിലെ പൊടി കാരണം ജീവിതം പോലും ദുസ്സഹമായിരിക്കുന്ന ഒരുപാട് കാഴ്ചകളാണ് തുരുത്തി – മുളയ്ക്കാംതുരുത്തി റോഡരികിൽ കാണാൻ കഴിയുന്നത്. തകർന്ന റോഡിലൂടെ വാഹനം കടന്നു പോയാൽ വീടിനുള്ളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും പൊടിപലങ്ങൾ ഇരച്ചെത്തും. ഗത്യന്തരമില്ലാതെ പലരും പ്ലാസ്റ്റിക് വലകളും പടുതയും ഷീറ്റും പഴയ സാരി കൊണ്ട് പോലും വീടും വ്യാപാര സ്ഥാപനങ്ങളും മുഴുവൻ പൊതിയുന്ന കാഴ്ചയാണ് റോഡരികിൽ എങ്ങും. കനത്ത വേനൽച്ചൂടിൽ വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്തപ്പോഴാണു ഇവിടെ വീടിന് ചുറ്റും മറ തീർത്ത് അതിനുള്ളിൽ ചൂടും പൊടിയും സഹിച്ച് കഴിയേണ്ടത്.
പൊടി കാരണം പലരും കട പോലും തുറക്കുന്നില്ല. റോഡ് പുനർനിർമാണം നീണ്ടു പോകുന്തോറും ജനങ്ങളുടെ ദുരിതവും നീളുന്നു. പലർക്കും ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെ പതിവായി. കിണറുകളിലും പൊടിപടലങ്ങൾ നിറഞ്ഞു. വീടുകളിലെ ആവശ്യത്തിന് വിലയ്ക്ക് വാങ്ങുന്ന ശുദ്ധജലം പലപ്പോഴും പൊടി പാറാതിരിക്കാൻ റോഡിൽ തളിക്കേണ്ട അവസ്ഥ. ശുദ്ധവായുവും ഇനി വിലയ്ക്ക് വാങ്ങണമോ എന്നാണ് അധികൃതരോട് നാട്ടുകാരുടെ ചോദ്യം.