ADVERTISEMENT

ചേർപ്പുങ്കൽ ∙ മീനച്ചിലാറിനു കുറുകെ നിർമാണം പൂർത്തീകരിച്ച ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന്റെ സുരക്ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലത്തിന്റെ ഹാൻഡ്റെയ്‌ലിൽ നിന്ന് അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലേക്കും ക്രാഷ് ബാരിയറുകളും സുരക്ഷാ തൂണുകളും സ്ഥാപിക്കുന്ന ജോലിയാണ് ആരംഭിച്ചിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടപ്പാക്കാനുള്ള സൈഡ് കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ പിഡബ്ല്യുഡി റോഡ്സ്, ബ്രിജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തി. 

ചെയ്തു തീർക്കേണ്ട ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനമായി. സമാന്തര പാലത്തിന്റെ ഉദ്ഘാടനത്തിനായി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ക്ഷണിച്ചതായി എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ എന്നിവർ പറഞ്ഞു. നിയമസഭ സമ്മേളനം സമാപിച്ചതിനു ശേഷം പാലം ഉദ്ഘാടനം ചെയ്യാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഇരുവരും പറഞ്ഞു. കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന‍ സമാന്തര പാലം ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞതെന്ന് എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ എന്നിവർ പറഞ്ഞു. 2023 ഡിസംബറിനു മുൻപേ പാലം നിർമാണം പൂർത്തീകരിച്ചു. 

പിഡബ്ല്യുഡി തയാറാക്കിയ എസ്റ്റിമേറ്റിലെ‍ പിശകുകളും പാളിച്ചകളുമായിരുന്നു പാലം നിർമാണത്തിലെ മുഖ്യ പ്രതിസന്ധി. പിന്നീട് നിയമസഭയിൽ ഉന്നയിച്ച സബ്മിഷന്റെ തുടർച്ചയായി മന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തു. തുടർന്ന് പുതിയ എസ്റ്റിമേറ്റ് തയാറാക്കി പാലം നിർമാണം പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓരോ മാസവും എംഎൽഎമാരുടെ സാന്നിധ്യത്തിൽ മോണിറ്ററിങ് യോഗങ്ങൾ നടത്തിയത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പിഡബ്ല്യുഡി മന്ത്രിയായിരുന്ന മോൻസ് ജോസഫ് 2008-2009ൽ ആണ് ചേർപ്പുങ്കൽ പാലത്തിനു 9 കോടി രൂപ അനുവദിച്ചത്.  സമാന്തര പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതിനുശേഷം പഴയ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com