മൈക്കോളജി –വണ്ടൻപതാൽ റൂട്ടിൽ വീണ്ടും മാലിന്യംതള്ളൽ
Mail This Article
വരിക്കാനി ∙ മൈക്കോളജി –വണ്ടൻപതാൽ റൂട്ടിൽ മാലിന്യം തള്ളൽ വീണ്ടും വ്യാപകമാകുന്നു. ദേവയാനം പൊതുശ്മശാനം ഭാഗത്താണ് അടുത്തിടെയായി മാലിന്യ തള്ളൽ വർധിക്കുന്നത്. വണ്ടൻപതാൽ 35–ാം മൈൽ എന്നിവിടങ്ങളിലേക്കുള്ള സമാന്തര പാതയായ ഇൗ റോഡ് ഭൂരിഭാഗവും വിജനമാണ്. അതുകൊണ്ട് തന്നെ ഇൗ റോഡിലെ മാലിന്യ നിക്ഷേപ പ്രശ്നങ്ങൾക്ക് നാളുകളുടെ പഴക്കമുണ്ട്. ദയവായി മാലിന്യം തള്ളരുത് എന്ന് എഴുതിയ ബോർഡുകളും നിരവധിയാണ്. ഇതിന്റെ ചുവട്ടിലാണ് മാലിന്യങ്ങൾ കൂടുതലായി തള്ളുന്നത്. സെന്റ് പോൾസ് സ്കൂളിനു സമീപം പൊതു ശ്മശാനങ്ങൾ ഉള്ള ഭാഗത്താണ് മുൻ കാലങ്ങളിൽ മാലിന്യ നിക്ഷേപം നടന്നിരുന്നത്.
എന്നാൽ ഇതിന്റെ മറു ഭാഗത്തായി വീടുകൾ വന്നതോടെ ഇപ്പോൾ മാലിന്യം തള്ളൽ കുറഞ്ഞു. ഇൗ സാഹചര്യത്തിലാണ് ദേവയാനം പ്രദേശത്തേക്കു മാലിന്യം തള്ളൽ മാറിയത്. ചാക്കിൽ കെട്ടി രാത്രി സമയത്താണു മാലിന്യങ്ങൾ തള്ളുന്നത്. വീടുകളിലെയും കടകളിലെയും മാലിന്യങ്ങൾ ഉണ്ടെന്നു നാട്ടുകാർ പറയുന്നു. മത്സ്യ മാംസ അവശിഷ്ടങ്ങളും ഇവിടെ തള്ളുന്നുണ്ട്. ഇതു മൂലം നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും രാത്രി ബൈക്കിൽ പോകുന്നവരും നായ്ക്കളെ ഭയന്നാണ് കടന്നു പോകുന്നത്.