ADVERTISEMENT

പെരുവ ∙ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട, മുളക്കുളം പഞ്ചായത്തിലെ വാർഡ് രണ്ടിലെ വടുകുന്നപ്പുഴ ഹരിജൻ കോളനിയിൽ ജീർണാവസ്ഥയിൽ ഇരുന്ന വീട് ഇടിഞ്ഞുവീണു. തോപ്പിൽ വീട്ടിൽ കുഞ്ഞമ്മ (82) തനിച്ചു താമസിച്ചിരുന്ന വീടാണ് തകർന്നത്. കുഞ്ഞമ്മ ഈ സമയം വീടിനു വെളിയിൽ ആയിരുന്നതിനാൽ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. കോളനിയിലെ പല വീടുകളുടെയും അവസ്ഥ ഇതാണെന്ന് വാർഡ് അംഗം അജിത് കുമാർ പറഞ്ഞു. 2018ൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീടുകളുടെ അറ്റകുറ്റപ്പണികൾക്കും കോളനി നവീകരണത്തിനും വേണ്ടി അനുവദിച്ചതാണ്. ഈ പദ്ധതിയുടെ ഫണ്ട് നഷ്ടമായതായി പഞ്ചായത്തംഗം പറയുന്നു. 2021ൽ വീണ്ടും ഈ പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അനാസ്ഥ മൂലം ഈ കോളനിയിൽ ഇതുവരെ പദ്ധതി തുടങ്ങിയിട്ടില്ല. 20 ലക്ഷം രൂപ മുൻകൂറായി നിർമിതി കേന്ദ്രത്തിനു നൽകി നവീകരണത്തിന്റെ പ്രവർത്തന ഉദ്ഘാടനവും നടത്തി. പിന്നീട് ഇതുവരെ പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ലെന്നാണ് ആരോപണം. നവ കേരള സദസ്സിൽ കോളനിയിലെ ജനങ്ങൾ പരാതി നൽകുകയും പരാതി പരിഹരിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

പട്ടികജാതി വികസന വകുപ്പിലും നിർമിതി കേന്ദ്രത്തിലും അന്വേഷിക്കുമ്പോൾ ഫണ്ട് ഇതുവരെ നിർമിതി കേന്ദ്രത്തിനു നൽകിയിട്ടില്ലെന്നും അതിനാൽ ജോലികൾ തുടങ്ങാനാവില്ലെന്നുമാണ് അറിയിക്കുന്നതെന്ന് പഞ്ചായത്തംഗം അജിത് കുമാർ‌ പറയുന്നു. ജീർണാവസ്ഥയിലുള്ള വീടുകളുടെ പണികൾ നടത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കോളനി നവീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കോളനി സന്ദർശിച്ചു. പ്രസിഡന്റ് സന്തോഷ് പുന്നയ്ക്കൽ, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനൻ, സെക്രട്ടറി കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് പി.കെ.രാജൻ, ആരോഗ്യ വിഭാഗം കൺവീനർ ജിജി മഠത്താട്ട്, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സുനേഷ് കാട്ടാമ്പാക്ക് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com