വീട് ജപ്തിഭീഷണിയിൽ; പോകാൻ ഇടമില്ലാതെ വയോധികയും മകളും

Mail This Article
കടുത്തുരുത്തി ∙ വിധവയും ഭിന്നശേഷിക്കാരിയായ മകളും മനോദൗർബല്യമുള്ള അമ്മയും താമസിക്കുന്ന വീട് ജപ്തി ഭീഷണിയിൽ. മധുരവേലി തൈപ്പറമ്പിൽ (മലേത്തറയിൽ) എം.വി.വത്സയും (67) അമ്മ തങ്കമ്മയുമാണ് (80) ജപ്തി ഭീഷണി നേരിടുന്നത്. വത്സയുടെ ഭർത്താവ് രോഗം മൂലം മരിച്ചു. വത്സയ്ക്ക് ജോലിയൊന്നുമില്ല. മകളുടെ വിവാഹ ആവശ്യത്തിനായി 2013ൽ 7.30 സെന്റ് സ്ഥലവും വീടും ഈടുവച്ച് കടുത്തുരുത്തി സഹകരണ ബാങ്കിൽ നിന്ന് 1,75,000 രൂപ വായ്പ എടുത്തിരുന്നു.
അമ്മയുടെ അസുഖവും കോവിഡും മൂലം തിരിച്ചടവു മുടങ്ങി കുടിശികയായി. അമ്മയെ വീട്ടിൽ തനിച്ചാക്കി വത്സയ്ക്ക് ജോലിക്ക് പോകാനും കഴിയാതായി. ഇതോടെ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു. വീട്ടിൽ നോട്ടിസ് പതിപ്പിച്ചു. 3,74,807 രൂപയാണ് ഇപ്പോൾ കുടിശികയുള്ളത്. ഈ മാസം തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്ക് ജപ്തി നടത്തി ലേലം ചെയ്യും. വീട് ജപ്തി ചെയ്താൽ അമ്മയെയും കൊണ്ട് പോകാൻ ഇടമില്ലെന്ന് വത്സ പറയുന്നു. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.