ടാറിങ് സ്മാർട്ടാക്കാൻ നിർദേശം; മിക്സിങ് യൂണിറ്റ് കിട്ടാനില്ലെന്ന് കരാറുകാർ
Mail This Article
കോട്ടയം ∙ ടാർ ഉരുക്കി മെറ്റലുമായി കുഴച്ച് റോഡ് റോളർ ഉപയോഗിച്ച് നടത്തുന്ന ടാറിങ് പഴങ്കഥയാകുന്നു. തദ്ദേശ സ്ഥാപപനങ്ങളിലെ ഉപ റോഡുകൾക്ക് ടാറിങ്ങിനു പുതിയ നിബന്ധന ഏർപ്പെടുത്തി. സാങ്കേതിക മേന്മയിൽ ഏറെ ഗുണകരമെന്നു കണ്ടെത്തിയ ടാറിങ് രീതിയാണ് പുതിയതായി അധികൃതർ നിർദേശിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകൾക്ക് ഇനി മുതൽ മെറ്റൽ പ്രത്യേകം ചൂടാക്കിയ ശേഷം ഉരുക്കിയ ടാറിനോടു ചേർത്താൽ മതിയെന്നാണ് നിർദേശം. ഇതിനായി പഗ്‌മിൽ എന്ന മെഷീനാണ് ഉപയോഗിക്കാനായി നിർദേശിച്ചത്.
ഇതിൽ രണ്ട് തരം അളവിലുള്ള മെറ്റലും എം സാൻഡും ആണ് ആദ്യം ചേർക്കുക. ഇതു നിശ്ചിത അളവിൽ ചൂടാക്കിയ ശേഷം ഉരുക്കിയ ടാർ ചേർക്കാനാണ് നിർദേശം. റോഡിലെ ടാറിങ് കൂടുതൽ കാലം നിലനിൽക്കും എന്നതാണ് ഏറ്റവും വലിയ മെച്ചമെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു. മാനുഫാക്‌ചേർഡ് സാൻഡ് (എം സാൻഡ്) മെറ്റലിനോടൊപ്പം ചേർക്കുന്നത് ഗുണകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
മെറ്റൽ ചൂടാക്കി എടുക്കുന്നതോടൊപ്പം ടാറും ഉരുക്കി ഒന്നിച്ച് മെഷീനിൽ ഇട്ട് ഇളക്കി യോജിപ്പിച്ച് റോഡ് ടാർ ചെയ്യുന്ന രീതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. എം സാൻഡ് ചേർത്തിരുന്നില്ല. പുതിയ മെറ്റൽ –ടാർ മിക്സിങ് യൂണിറ്റിനു ക്ഷാമമാണെന്നും അതിനാൽ റോഡ് പണി മന്ദഗതിയിലാണെന്നും ജനപ്രതിനിധികൾ. നഗരസഭാ പരിധിയിൽ മാത്രം 172 ഉപറോഡുകളുടെ ടാറിങ് നിലച്ചു. ടെൻഡർ ചെയ്ത പണികൾ, മാർച്ച് 31നു മുൻപ് തീർക്കേണ്ടതുണ്ട്.
പുതിയ രീതിയിലുള്ള മെഷീൻ ജില്ലയിൽ 3 സ്ഥലത്ത് മാത്രമേ കിട്ടാനുള്ളൂ. 71 ഗ്രാമപ്പഞ്ചായത്തുകളിലും 6 നഗരസഭകളിലും ഏറ്റെടുത്ത ആയിരക്കണക്കിനു റോഡുകളുടെ പണി സ്തംഭനാവസ്ഥയിലാണ്. ടെൻഡർ ചെയ്ത പണി പഴയ രീതിയിൽ ചെയ്യാൻ അനുവദിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.