ADVERTISEMENT

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണ് തോമസ് ചാഴികാടന്റേത്. സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ച ശേഷം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചാഴികാടനൊപ്പം സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ മതിലിൽ രണ്ടില ചിഹ്നം വരച്ച് ചുമരെഴുത്തിനു തുടക്കം കുറിച്ചു. ചാഴികാടൻ ‘മനോരമ’യോടു സംസാരിക്കുന്നു.

കഴിഞ്ഞ തവണ യുഡിഎഫ്  സ്ഥാനാർഥിയായിരുന്നു. ഇക്കുറി  എൽഡിഎഫ് സ്ഥാനാർഥി. ഇതെപ്പറ്റി  എന്തു പറയുന്നു?
യുഡിഎഫിൽനിന്ന് രാഷ്ട്രീയലക്ഷ്യം വച്ചു പുറത്തുപോയവരല്ല ഞങ്ങൾ. മുന്നണിയിൽ നിന്നു പുറത്താക്കിയപ്പോൾ രാഷ്ട്രീയ നിലനിൽപിന്റെ ഭാഗമായാണ് എൽഡിഎഫിലേക്കു പോയത്.  എൽഡിഎഫിലെത്തിയതിനു ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും ഇടതുമുന്നണിക്കു ലഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തും കിട്ടി. സംസ്ഥാനത്ത് തുടർഭരണം നേടാനായി. ഇടതുമുന്നണിയുടെ വോട്ടും കേരള കോൺഗ്രസി(എം)നു ലഭിച്ചുവരുന്ന വോട്ടും കൂടിയാകുമ്പോൾ മികച്ച വിജയം നേടാനാകും. 

എന്തൊക്കെയാണ് അനുകൂല ഘടകങ്ങൾ?
33 വർഷം മുൻപാണു പൊതുപ്രവർത്തന രംഗത്ത് എത്തിയത്. 7 തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയായി.   എല്ലാത്തവണയും രണ്ടില ചിഹ്നത്തിലാണു മത്സരിച്ചത്. അത് അനുകൂല ഘടകമാകും. ജനങ്ങളോടൊപ്പംനിന്ന് പ്രവർത്തിച്ചതും വിജയഘടകമാകും.എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് മുന്നിൽ വന്നത്, റെയിൽവേ വികസനം, മേൽപാലങ്ങളുടെ നിർമാണം, പാസ്പോർട്ട് സേവാകേന്ദ്രം വീണ്ടും കോട്ടയത്തേക്കു കൊണ്ടുവരാൻ നടത്തിയ പ്രവർത്തനം തുടങ്ങിയവയൊക്കെ ജനം മനസ്സിലാക്കിയിട്ടുണ്ട്. അതെല്ലാം വോട്ടായി മാറുമെന്നാണു പ്രതീക്ഷ. 

പ്രചാരണം തുടങ്ങിയോ ?
ഔദ്യോഗിക പ്രചാരണം ഇടതുമുന്നണി തീരുമാനിക്കും. വോട്ടർമാരെ നേരിൽ കാണാൻ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com