ADVERTISEMENT

കുമരകം ∙ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ കർമം നിർവഹിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്ന് കൊടിയേറുമ്പോൾ ഗുരുവിന്റെ പ്രധാന ശിഷ്യനായ കുമരകം സ്വദേശി തന്ത്രി പി.കെ. മൃത്യുഞ്ജയന്റെ ഓർമയിൽ നാട്. പുറത്തേപ്പറമ്പിൽ കുഞ്ഞുഞ്ഞാണു പിന്നീട് മൃത്യുഞ്ജയനായത്. ഗുരുദേവന്റെ കുമരകം സന്ദർശന വേളയിൽ ഭജനമഠത്തിൽ വിശ്രമിക്കുമ്പോൾ ശ്രീകുമാരമംഗലം ക്ഷേത്രത്തിനു വടക്കു മാറി താമസിച്ചിരുന്ന ബാലനായ കുഞ്ഞുഞ്ഞു ഗുരുവിനെ വന്നു കണ്ടു അനുഗ്രഹം വാങ്ങി. കുഞ്ഞുഞ്ഞിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പ്രായത്തിൽ കവിഞ്ഞ പക്വത ദർശിച്ച ഗുരു കുഞ്ഞൂഞ്ഞിനോടു ശിവഗിരിയിലേക്കു വരുവാൻ നിർദേശിച്ചു .തുടർന്നു ശിവഗിരിയിൽ എത്തി ഗുരുദേവന്റെ ശിഷ്യത്വം സ്വീകരിച്ച് മഠത്തിൽ ചേർന്ന് വിദ്യാഭ്യാസം ആരംഭിച്ചു. 

വിദ്യാഭ്യാസ കാലഘട്ടത്തിൽ വസൂരി രോഗ ബാധയിൽ മരണത്തോട് മല്ലടിച്ചു ഏറെ നാൾ കഴിയേണ്ടി വന്നു. ഗുരു കടാക്ഷത്താൽ രോഗമുക്തി നേടിയ കുഞ്ഞുഞ്ഞു ഗുരുവിനെ കണ്ടു നമസ്കരിച്ചു. കുഞ്ഞുഞ്ഞു മൃത്യുവിനെ ജയിച്ചു വന്നിരിക്കുകയല്ലേ ഇനി മുതൽ മൃത്യുഞ്ജയൻ എന്ന നാമത്തിൽ അറിയപ്പെടട്ടെ എന്ന് ഗുരു പറഞ്ഞതിൻ പ്രകാരം കുഞ്ഞുഞ്ഞു മൃത്യുഞ്ജയൻ എന്ന് അറിയപ്പെട്ടു. വൈദിക പഠനം പൂർത്തിയാക്കി മൃത്യുഞ്ജയൻ ഗുരുദേവനൊപ്പം 21 വർഷം ശിവഗിരിയിൽ താമസിച്ചു. പിന്നീട് കുമരകത്തു തിരിച്ചെത്തി ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല ഏറ്റെടുത്തു. അങ്ങനെ  തന്ത്രി മൃത്യുഞ്ജയൻ  കുമരകംകാരുടെ തന്ത്രി സ്വാമിയായി. ശിഷ്യഗണങ്ങളും ഭക്തരും അദ്ദേഹത്തെ തന്ത്രരത്‌നം ബഹുമതി നൽകി ആദരിച്ചു.

തന്റെ ആയുസ്സും സമ്പത്തും കുമരകത്തെ ഭക്ത ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ശ്രീകുമാരമംഗലം ദേവസ്വം യോഗത്തിന് സമർപ്പിച്ച് 1981 ജനുവരി 18 ന് തന്ത്രി മൃത്യുഞ്ജയൻ സമാധിയായി.ശ്രീകുമാരമംഗലം ക്ഷേത്രത്തിനു വടക്കു കിഴക്കു ഭാഗത്തായി തന്ത്രി സ്വാമിയുടെ സമാധി മണ്ഡപം അദ്ദേഹത്തിന്റെ ശിഷ്യനായ തന്ത്രി എം.എൻ.ഗോപാലൻ നിർമിച്ചു ദേവസ്വത്തിനു സമർപ്പിച്ചു. തന്ത്രിയുടെ നേതൃത്വത്തിൽ കുമരകത്ത് മൃത്യുഞ്ജയൻ തന്ത്രി സ്മാരക തന്ത്ര വിദ്യാപീഠം സ്ഥാപിച്ചു.മൃത്യുഞ്ജയൻ തന്ത്രിയുടെ സമാധി ജനുവരി 18ന് ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com