മാത്യു സെബാസ്റ്റ്യന് അധ്വാനത്തിന്റെ നേട്ടം

Mail This Article
കടുത്തുരുത്തി ∙ യുഎസിൽ ജോലി ചെയ്യുന്ന അയൽവാസി തുടങ്ങി നൽകിയ പശുഫാം നോക്കി നടത്തി പുരസ്കാരത്തിന്റെ തിളക്കത്തിൽ. മേമ്മുറി തടിക്കൽ മാത്യു സെബാസ്റ്റ്യന് (50) ലഭിച്ച എറണാകുളം മേഖല ക്ഷീര സഹകാരി അവാർഡ് അധ്വാനത്തിന്റെ പ്രതിഫലമാണ്. മാഞ്ഞൂർ പഞ്ചായത്തിലെ മേമ്മുറിയിൽ ആറര ഏക്കർ സ്ഥലത്തു പ്രവർത്തിക്കുന്ന ഫാമിൽ 100 പശുക്കളുണ്ട്. കറവയുള്ള പശുക്കൾ 80 എണ്ണം. ദിനവും 500 ലീറ്റർ പാൽ മാത്യു സെബാസ്റ്റ്യൻ വാലാച്ചിറ ക്ഷീര സംഘത്തിൽ അളക്കുന്നു.
2011 ൽ ആരംഭിച്ച ഫാം ഇടയ്ക്ക് കുളമ്പ് രോഗം വ്യാപകമായതോടെ നിർത്തിയിരുന്നു. പിന്നീട് വീണ്ടും പശു വളർത്തലിൽ സജീവമായി. കുടുംബമായി യുഎസിലുള്ള അയൽവാസി അരീച്ചിറ തോമസ് ചാക്കോയുടെ ഉടമസ്ഥതയിലാണ് ഫാമെങ്കിലും ക്ഷീരകർഷകനായ മാത്യു സെബാസ്റ്റ്യനാണ് മുഴുവൻ സമയവും ഫാമിന്റെ ചുമതല.
100 പശുക്കളിൽ 20പശുക്കൾ വെച്ചൂർ, പൊങ്ങാന , ജഴ്സി ഇനങ്ങളിൽ പെട്ടതാണ്. അട്ടപ്പാടി ബ്ലാക്ക്, മലബാറി ഇനങ്ങളിൽ പെട്ട 25 ആടുകളും ഫാമിലുണ്ട്. പുലർച്ചെ 2.30 മുതൽ കറവ ആരംഭിക്കും . 5ന് അവസാനിക്കും . 5.30 ന് വാലാച്ചിറയിലെ ക്ഷീര സംഘത്തിൽ പാൽ എത്തിക്കും. രാവിലെ അഞ്ച് മുതൽ വൈകിട്ട് 6.30 വരെ മാത്യു ഫാമിൽ ഉണ്ടാവും. തൊഴുത്തു കഴുകൽ മുതൽ കറവ വരെ എല്ലാ കാര്യത്തിലും മാത്യു സെബാസ്റ്റ്യന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
10 തൊഴിലാളികൾ വേറെയുമുണ്ട്. മുൻപ് 1200 ലീറ്റർ പാൽ വരെ അളന്നിരുന്നതായി മാത്യു പറയുന്നു.3,01,170 ലീറ്റർ പാലാണ് ഈ വർഷം അളന്നത്. പശുക്കൾക്കു തീറ്റയ്ക്കായി രണ്ടര ഏക്കറിൽ പച്ചപ്പുല്ലും വളർത്തുന്നുണ്ട്. പശുക്കളോടും ഫാമിനോടുമുള്ള ഇഷ്ടം മൂലമാണ് അരീച്ചിറ തോമസ് ചാക്കോ ഫാം തുടങ്ങി മാത്യു സെബാസ്റ്റ്യനെ ഏൽപിച്ചത്. 10 ലക്ഷത്തോളം രൂപ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട്. മാത്യുവിന്റെ ഭാര്യ റെജിയും എല്ലാത്തിനും പിന്തുണയുമായി ഒപ്പമുണ്ട്.