ADVERTISEMENT

കോട്ടയം ∙ കൈകൾ കൂട്ടിപ്പിടിച്ചു, ശ്വാസമെടുത്തു, മസിലുകൾ പെരുപ്പിച്ച്, നെഞ്ചുവിരിച്ചു  നിന്നാൽ ആരുമൊന്നു നോക്കിപ്പോകും, അത്ര അഴകാണ് ജോൺ ജോസഫ് എന്ന എൺപത്തിനാലുകാരന്റെ ശരീരത്തിന്. ശരീരത്തെ പോലെ തന്നെ മനസ്സിനും സിക്സ് പാക്ക് കരുത്താണ്. കഠിന വ്യായാമം കൊണ്ടു നേടിയെടുത്തതാണ് ഇതെല്ലാം. ഒളിംപിക് ജിംനേഷ്യത്തിന്റെ സ്ഥാപകൻ തിരുനക്കര ചാലുകുന്ന് മണ്ണൂപ്പറമ്പിൽ ജോൺ ജോസഫിന്റെ ശതാബ്ദി ആഘോഷത്തിനു പഴയ ശിഷ്യരെല്ലാം ഇന്ന് വൈകിട്ട് ഒത്തു ചേരും. ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ തിളക്കം ആശാന്റെ മുഖത്ത് മാത്രമല്ല, ശരീരവടിവിനും ഉണ്ടെന്നു ശിഷ്യർ. കല്ലറയിലുള്ള മകന്റെ വസതിയിലാണ് ഒത്തുചേരൽ.

ജോൺ ജോസഫ് സംസ്ഥാനതല മത്സരത്തിൽ ‘മിസ്റ്റർ കേരള –കേരള ശ്രീ’ പുരസ്കാരം നേടിയതിന്റെ 60–ാം വർഷം കൂടിയാണ് ഇത്. തുടർച്ചയായി 4 തവണ മിസ്റ്റർ കേരളയായി. കോട്ടയത്ത് ജിംനേഷ്യം ഇല്ലാതിരുന്ന ജോൺ ജോസഫിന്റെ കൗമാര – യൗവന കാലത്ത് കൊച്ചിയിലെത്തിയാണ് ബാലപാഠങ്ങൾ പഠിച്ചത്. ജിംനേഷ്യത്തിൽ മികവിന്റെ പടവുകൾ കയറിയ ആദ്യനാളുകളിൽ പട്ടാളത്തിലും പൊലീസിലും ലഭിച്ച ക്ഷണം വേണ്ടെന്നുവച്ചു.

മൂത്തമകൻ കല്ലറയിൽ കൃഷി ഫാം നടത്തുന്ന മാർട്ടിൻ ജോണിനൊപ്പമാണ് ജോൺ ജോസഫ് ഇപ്പോൾ താമസിക്കുന്നത്. മിസ്റ്റർ കോട്ടയവും മിസ്റ്റർ കേരളയും മിസ്റ്റർ എംജി സർവകലാശാലയുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ മകൻ ജോസ് ജോൺ തൃശൂർ പൊലീസ് അക്കാദമിയിൽ സർക്കിൾ ഇൻസ്പെക്ടറാണ്.  ആദ്യകാലത്ത് ചാലുകുന്നിൽ ആരംഭിച്ച ജിംനേഷ്യത്തിന് ഇപ്പോൾ വൈഎംസിഎയിലും കുറവിലങ്ങാട്ടുമായി 2ശാഖകൾ ഉണ്ട്. ഇത് ഇളയ മകൻ ടോജോ ജോൺ ആണ് നടത്തുന്നത്.  മകൾ: മെറീറ്റ. ഭാര്യ: തങ്കമ്മ ജോൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com