ADVERTISEMENT

അപൂർവതകളാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്റെ പെരുമ. കുലച്ച വില്ലിന്റെ രൂപത്തിലുള്ള വില്ലുകുളം, ഏഴരപ്പൊന്നാന എഴുന്നള്ളിയിരിക്കുന്നതിനുള്ള ആസ്ഥാന മണ്ഡപം, നന്ദികേശൻ, അപൂർവങ്ങളായ ദാരുശിൽപങ്ങൾ, ചുമർച്ചിത്രങ്ങൾ, ഋഷഭ വിഗ്രഹത്തിനുള്ളിലെ ഉദരരോഗ സംഹാരിയായ നെന്മണി, നേത്രരോഗ ശമനത്തിനു കണ്ണിലെഴുതാൻ ഭക്തർ കരിയെടുക്കുന്ന കെടാവിളക്ക്...

ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദർശനത്തിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം)
ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദർശനത്തിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം)

തിളങ്ങി, വിളങ്ങി ഏഴരപ്പൊന്നാന
തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ ഏറ്റുമാനൂരപ്പനു നടയ്ക്കു വച്ചതാണ് ഏഴരപ്പൊന്നാനകൾ എന്നാണ് ഒരു ഐതിഹ്യം. ധർമരാജ കാർത്തിക തിരുനാൾ രാമവർമ സമർപ്പിച്ചതെന്നു മറ്റൊരു ഐതിഹ്യവുമുണ്ട്.  രേഖകൾ പ്രകാരം കൊല്ലവർഷം 964 (എഡി 1789) മേടം 10നാണു കാർത്തിക തിരുനാൾ രാമവർമ മഹാരാജാവ് ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചതെന്നു പറയുന്നു. പ്ലാവിൻതടിയിൽ തീർത്ത ആനകളെ സ്വർണത്തകിടു കൊണ്ടു പൊതിഞ്ഞായിരുന്നു നിർമാണം.

പുരാവസ്തുരേഖ സാക്ഷ്യം
ഏറ്റുമാനൂർ മഹാദേവന് ഏഴരപ്പൊന്നാനയെ സമർപ്പിച്ചതിന്റെ രേഖകൾ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഓഫിസിലുണ്ട്. ‘ശ്രീപത്മനാഭദാസ ബാലരാമവർമ കുലശേഖരപ്പെരുമാൾ കൽപിച്ച് ഏറ്റുമാനൂർ ദേവർക്കു കാണിക്ക വയ്ക്കാൻ എഴുന്നരുളുമ്പോൾ പെരുമാൾ ശ്രീപത്മനാഭപ്പെരുമാൾക്കും ഒരു കൊമ്പനാനയെ കൊടിമരത്തിൻചുവട്ടിൽ ഉരുവിരുത്തി അനന്തഗോപാലൻ എന്നും പേരു നൽകി. പൊന്നാനകളുടെ തൂക്കം (തടി തകിട് ഉൾപ്പെടെ) ഇപ്രകാരമായിരുന്നു. പത്തു തുലാം, ഒൻപതര തുലാം, ഒൻപതു തുലാം, എട്ടേമുക്കാൽ തുലാം, എട്ടേമുക്കാൽ തുലാം, എട്ടര തുലാം, എട്ടു തുലാം, രണ്ടര തുലാം.’ രേഖകളിൽ വ്യക്തമാക്കുന്നു. 

പൊന്നാനപ്പെരുമ: 7 ആനകൾക്ക് ഉയരം 2 അടി, അര ആനയ്ക്ക് 1.5 അടി ഉയരം 
മഹാദേവക്ഷേത്രത്തിലെ പ്രത്യേക സുരക്ഷാമുറിയിൽ സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉത്സവത്തിനാണു പുറത്തെടുക്കുന്നത്.  ആസ്ഥാനമണ്ഡപത്തിൽ രാത്രി 12ന് ഏഴരപ്പൊന്നാന ദർശനം. ആറാട്ടുദിവസം വരെ ഭക്തർക്കു ദർശനത്തിനായി വയ്ക്കും.

ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദർശനത്തിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം)
ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദർശനത്തിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം)

അപൂർവം കുളത്തിൽ വേല 
ക്ഷേത്രത്തിൽ  വേലകളി നടത്തുന്നത് പരമ്പരാഗതമായി കാട്ടാമ്പാക്ക് കരക്കാരാണ്. അപൂർവമായ കുളത്തിൽ വേല പ്രസിദ്ധമാണ്. മുട്ടിനു മുകളിൽ ഉടുത്തുകെ‌ട്ടി. ചുവന്ന പ‌ട്ടു കൊണ്ടുള്ള തലപ്പാവണിഞ്ഞു. തറ്റുടുത്തു. വെള്ളമുണ്ടിനു മീതേ ചുവന്ന അരക്കച്ച ചുറ്റി. കൈകളിൽ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞു. വലതുകയ്യിൽ പരിചയും ഇടതുകയ്യിൽ ചുരികക്കോലും താളത്തിനൊത്ത് അവർ ചുവടുകൾ വച്ചു. മുന്നോട്ടും പിന്നോട്ടുമുള്ള നീക്കമെല്ലാം തനി ചിട്ടയോടെ.  അനുഷ്ഠാന കലയായ വേലകളി. വാദ്യമേളങ്ങളോടു കൂടിയാണ് അരങ്ങേറുന്നത്. തകിൽ, കൊമ്പ്, കുറുങ്കുഴൽ, തപ്പ്, മദ്ദളം തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. 

ചിത്ര ശിൽപ വൈഭവങ്ങൾ
ചിത്ര ശിൽപ വൈഭവങ്ങളുടെ മഹാക്ഷേത്രമാണിത്. ശിവതാണ്ഡവം, ദാരികന്റെ ശിരസ്സുമായി നിൽക്കുന്ന ഭദ്രകാളി, അഘോരമൂർത്തി എന്നിവ ചുമർ ചിത്രകലയുടെ മഹത്തായ ഉദാഹരണങ്ങളാണ്. ഗോപുരവാതിലിന്റെ തെക്കും വടക്കും ഭാഗങ്ങളിലും ഇതേ രീതിയിൽ ഗോപുരത്തിനു പുറത്തുമാണു ചുമർച്ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. അനന്തശയനം, പ്രദോഷനൃത്തം, ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രമെടുത്ത് മരക്കൊമ്പിൽ ഇരിക്കുന്നത്, കാളിയമർദനം എന്നിവയും  ശ്രദ്ധേയമായ ചുമർച്ചിത്രങ്ങൾ. വട്ടശ്രീകോവിലിനു ചുറ്റും ഭിത്തി മുഴുവൻ ദാരുശിൽപങ്ങളാണ്.

ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദർശനത്തിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം)
ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാന ദർശനത്തിൽ നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം)

ഉത്സവക്കൊടി പാറി സ്വർണക്കൊടിമരം
ഏറ്റുമാനൂരപ്പന്റെ സ്വർണക്കൊടിമരം സ്ഥാപിച്ചിട്ട് 14 വർഷം.  2010 മേയ് 16നായിരുന്നു കൊടിമര പ്രതിഷ്ഠ.  തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലായിരുന്നു. ക്ഷേത്രം വക സ്വർണവും ഭക്‌തജനങ്ങൾ സംഭാവനയായി നൽകിയതും ഉൾപ്പെടെ 11 കിലോഗ്രാമിലധികം സ്വർണം ഉരുക്കിയെടുത്ത 9 കിലോഗ്രാം തങ്കത്തിൽനിന്നാണ് കൊടിമരത്തിൽ പൊതിഞ്ഞ 31 പറകൾ നിർമിച്ചത്. 18.92 മീറ്ററാണ് കൊടിമരത്തിന്റെ ഉയരം. പഴയ കൊടിമരത്തെക്കാൾ അഞ്ചടി കൂടുതലാണിത്. ഋഷഭ വാഹനത്തിന് 41.5 കിലോഗ്രാം ചെമ്പ്, 9 കിലോഗ്രാം വെള്ളി എന്നിവ ഉപയോഗിച്ചിട്ടുണ്ട്.

കാഴ്ചശ്രീബലിക്ക് സ്വർണത്തിടമ്പ്
മഹാദേവ ക്ഷേത്രത്തിൽ ഇനി ആറാട്ടു വരെ കാഴ്ചശ്രീബലിക്കു വലിയ സ്വർണത്തിടമ്പ് എഴുന്നള്ളിക്കും. വലിയ സ്വർണത്തിടമ്പ് ശ്രീകോവിലിൽ ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തിന്റെ വശത്താണ് വയ്‌ക്കുക. എല്ലാ അഭിഷേകങ്ങളും തിടമ്പിലും നടത്താറുണ്ട്. ശ്രീബലി, കാഴ്ചശ്രീബലി, ഉത്സവബലി,  ആറാട്ട് എന്നിവയ്ക്കെല്ലാം സ്വർണത്തിടമ്പ് ഉപയോഗിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com