ADVERTISEMENT

കോട്ടയം ∙ ലോക്സഭയിൽ ഇടുക്കിയുടെ ശബ്ദമായിരുന്നതിന്റെ ആത്മവിശ്വാസത്തിലാണു ഫ്രാൻസിസ് ജോർജ് യുഡിഎഫിനു വേണ്ടി കോട്ടയത്ത് പോരാട്ടത്തിനിറങ്ങുന്നത്. എംപിയെന്ന നിലയിൽ ഇടുക്കിയിൽ കാഴ്ച വച്ച പ്രകടനം കോട്ടയത്തിനു വേണ്ടി കാഴ്ച വയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. സംസ്ഥാനത്ത് യുഡിഎഫിന്റെ ആദ്യത്തെ സ്ഥാനാർഥി പ്രഖ്യാപനമാണു ഫ്രാൻസിസ് ജോർജിന്റേത്. അദ്ദേഹം സംസാരിക്കുന്നു.

ഇടുക്കിയിൽനിന്നു കോട്ടയത്തേക്കു വരുമ്പോൾ എന്താണു മനസ്സിൽ ?
പഴയ കോട്ടയം ജില്ലയുടെ ഭാഗമാണ് ഇടുക്കി. ഇടുക്കി മലയോര മേഖലയാണെങ്കിൽ അനുദിനം വളരുന്ന വാണിജ്യ കേന്ദ്രമാണു കോട്ടയം. അതേസമയം റബർ, നെൽ കൃഷികൾ പ്രതിസന്ധിയിലാണ്. റബർ കർഷകരുടെ രക്ഷയ്ക്കായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. നെൽക്കർഷകരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ പരിഹാരമുണ്ടാക്കാം. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കുമരകത്തിന്റെ വികസനത്തിനു വേണ്ടി ശ്രമിക്കും. കോട്ടയത്തിന്റെ കാര്യത്തിൽ മറ്റെന്തൊക്കെ ചെയ്യാൻ കഴിയുമെന്നു യുഡിഎഫുമായി ആലോചിച്ചു തീരുമാനിക്കും.

കേരള കോൺഗ്രസുകൾ തമ്മിലുള്ള പോരാട്ടത്തെ എങ്ങനെ കാണുന്നു?
കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കാൻ ഏറെ പ്രവർത്തിച്ച ഒരാളാണു ഞാൻ. 2010ലെ കെ. എം മാണി – പി. ജെ. ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിൽ ആരംഭം മുതൽ ചർച്ചയിൽ ഞാൻ പങ്കെടുത്തു. നിർഭാഗ്യമെന്നു പറയട്ടെ, ധാരണ അനുസരിച്ചു പ്രവർത്തിക്കുന്ന കാര്യത്തിൽ ആ പാർട്ടി വീഴ്ച വരുത്തി. ജോസ് കെ. മാണിയുടെ പാർട്ടി എന്തിനാണു യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോയത്? അവരെ ആരും പുറത്താക്കിയിട്ടുണ്ടായിരുന്നില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ കാര്യത്തിൽ ധാരണ പാലിച്ചില്ലെങ്കിൽ അടുത്ത യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നാണ് യുഡിഎഫ് കൺവീനർ പറഞ്ഞത്. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമായിരുന്നില്ല. മുന്നണി സ്വീകരിച്ച നിലപാട് അദ്ദേഹം അറിയിക്കുക മാത്രമാണ് ചെയ്തത്. ഉടൻ തങ്ങളെ മുന്നണിയിൽനിന്നു പുറത്താക്കിയെന്നു പറഞ്ഞ് എൽഡിഎഫിലേക്കു പോയി. എൽഡിഎഫുമായി നേരത്തേ ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലായത്.

കേരള കോൺഗ്രസ് സ്ഥാപക   ചെയർമാൻ കെ.എം.ജോർജിന്റെ മകൻ എന്നതു കോട്ടയത്ത് കൂടുതൽ ഗുണം ചെയ്യുമോ?
പഴയ തലമുറയുടെ പിന്തുടർച്ചക്കാർ കെ.എം.ജോർജിനോടുള്ള സ്നേഹം എന്നിലേക്കും പകരുന്നുണ്ട്. കോട്ടയത്തു കാണുമ്പോഴൊക്കെ അവർ ആ സ്നേഹം കാണിക്കുന്നുമുണ്ട്. അതിനാൽ തന്നെ പിതാവിന്റെ പേര് അനുകൂലഘടകമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇടുക്കി എംപിയായിരുന്നപ്പോഴുള്ള പ്രവർത്തനം?
ഞാൻ ഇടുക്കി എംപിയായിരുന്നപ്പോൾ 100% ഫണ്ട് വിനിയോഗം നടത്തിയിട്ടുണ്ട്. ഇടുക്കിക്കു വേണ്ടി 1,126 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിപ്പിക്കാനായി.     കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്ലാത്ത ഇടുക്കിയിൽ കേന്ദ്രീയ വിദ്യാലയം അനുവദിപ്പിച്ചു. രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുത പദ്ധതി നടപ്പാക്കി. ഇടുക്കിയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനു സാങ്കേതിക പഠനം നടത്തുന്ന സ്ഥിതി വരെയെത്തിയിരുന്നു. ഇത്തരത്തിൽ കോട്ടയത്തിനു വേണ്ടിയും പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങൾക്കു കാര്യങ്ങൾ എല്ലാം അറിയാമല്ലോ? അവർ യുഡിഎഫിനെ കൈവിടില്ലെന്ന് ഉറപ്പുണ്ട്.

ഫ്രാൻസിസ് ജോർജ്: മത്സരവഴി

1991 
എറണാകുളം ജില്ലാ കൗൺസിൽ 
ആരക്കുഴ ഡിവിഷൻ (ജയം)
എതിരാളി: ഫ്രാൻസിസ് ജോൺ (കേരള കോൺഗ്രസ്–എം) 
ഭൂരിപക്ഷം: 6,165 

1996
ഇടുക്കി (ലോക്സഭ) പരാജയം
വിജയി: എ.സി.ജോസ് (കോൺഗ്രസ്)
ഭൂരിപക്ഷം: 30,140 

1998
ഇടുക്കി (ലോക്സഭ) പരാജയം
വിജയി: പി.സി.ചാക്കോ (കോൺഗ്രസ്)
ഭൂരിപക്ഷം: 6,350 വോട്ട്

1999
ഇടുക്കി (ലോക്സഭ) ജയം
എതിരാളി:പി.ജെ.കുര്യൻ (കോൺഗ്രസ്)
ഭൂരിപക്ഷം: 9,298 

2004
ഇടുക്കി (ലോക്സഭ) ജയം
എതിരാളി:ബെന്നി ബെഹനാൻ (കോൺഗ്രസ്)
ഭൂരിപക്ഷം: 69,384 

2009
ഇടുക്കി (ലോക്സഭ) പരാജയം
വിജയി:പി.ടി.തോമസ് (കോൺഗ്രസ്)
ഭൂരിപക്ഷം: 74,796 

2016
ഇടുക്കി (നിയമസഭ) പരാജയം
വിജയി: റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്–എം)
ഭൂരിപക്ഷം: 9,333 

2021
ഇടുക്കി (നിയമസഭ) പരാജയം
വിജയി: റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്–എം)
ഭൂരിപക്ഷം: 5,573 

ജീവിതരേഖ
കേരള വിദ്യാർഥി കോൺഗ്രസിലൂടെ രാഷ്ട്രീയരംഗത്ത്. കേരള കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ലോക്സഭാ അംഗമായിരുന്ന കാലത്ത് വിദേശകാര്യം, പ്രതിരോധം, വ്യവസായം, വാണിജ്യം, മാനവ വിഭവശേഷി വികസനം, പബ്ലിക് അണ്ടർടേക്കിങ്, കൃഷി, പൊതുവിതരണം എന്നിവയുടെ പാർലമെന്ററി കമ്മിറ്റികളിൽ അംഗം.

അക്കാലത്ത് ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച എംപിമാരിൽ ഒരാൾ. മൂവാറ്റുപുഴ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക ഷൈനിയാണ് ഭാര്യ. മക്കൾ: ജോർജ് (കാനഡ), ജോസ് (എറണാകുളം), ജേക്കബ് (വിദ്യാർഥി).

പണ്ടേ ‘കണക്കുകൂട്ടി’ ഉറപ്പിച്ചവർ
മുൻ ബാങ്ക് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പോരാട്ടത്തിനു കോട്ടയം ലോക്സഭാ മണ്ഡലം സാക്ഷിയാകും. ഇടതുസ്ഥാനാർഥി തോമസ് ചാഴികാടൻ ന്യൂ ബാങ്ക് ഓഫ് ഇന്ത്യയിൽ (ഇപ്പോഴത്തെ പഞ്ചാബ് നാഷനൽ ബാങ്ക്)  ഉദ്യോഗസ്ഥനായിരുന്നുവെങ്കിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ജോലി ഉപേക്ഷിച്ചാണ് ഇരുവരും പൊതുപ്രവർത്തന രംഗത്ത് എത്തിയത്. 

ചാഴികാടൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഫ്രാൻ‌സിസ് ജോർജ് നിയമ ബിരുദധാരിയും. ഇരുവരും 1991 മുതൽ മത്സരരംഗത്തുണ്ട്. ലോക്സഭാ, നിയമസഭാ രംഗത്ത് ഇരുവരുടെയും എട്ടാമത്തെ മത്സരമാണ്. ഫ്രാൻസിസ് ജോർജ് ജില്ലാ കൗൺസിൽ    അംഗമായിരുന്നിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com