ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ കോട്ടയം– കുമളി (കെകെ) റോഡിലെ സഞ്ചാരികൾക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നൊരു ആശ്വാസവാർത്ത. കാഞ്ഞിരപ്പള്ളിയിലെ ‘ബ്ലോക്ക്’ ഇല്ലാതാക്കാൻ ബൈപാസ് എന്ന പരിഹാരത്തിന് ഇന്നു തുടക്കം കുറിക്കുന്നു. 2004ൽ രൂപം കൊണ്ട ആശയത്തിനു 2024ൽ ആണു തുടക്കമിടുന്നത്. 2025 മാർച്ചിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 

ബൈപാസിന്റെ നിർമാണോദ്ഘാടനം ഇന്ന് 3ന് പേട്ടക്കവലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും.  ദേശീയപാത 183ന്റെ ഭാഗമായ കെകെ റോഡിലെ രണ്ടാമത്തെ ബൈപാസാണ് കാഞ്ഞിരപ്പള്ളി ബൈപാസ്. ആദ്യത്തേത് പൈങ്ങണയിൽ നിന്നാരംഭിച്ച് ചാച്ചിക്കവല വഴി കോസ്‌വേ ജംക്‌ഷനിലെത്തുന്ന മുണ്ടക്കയം ബൈപാസാണ്.

കാഞ്ഞിരപ്പള്ളി  ബൈപാസ്
 ∙ദേശീയപാതയിൽ (കെകെ റോഡ്) കാ‍ഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസ് പടിക്കൽ നിന്നാരംഭിച്ച് ടൗൺ ഹാളിനു സമീപത്തുകൂടി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനു സമീപമെത്തി ദേശീയപാതയിൽ പ്രവേശിക്കും.
∙1.63 കിലോമീറ്റർ നീളം, 15 മീറ്റർ വീതി. ടാറിങ് വീതി 7 മീറ്റർ. ഇരുവശവും നടപ്പാതയും ഡ്രെയ്നേജ് സംവിധാനവും.
∙ പദ്ധതിച്ചെലവ് ആകെ 78.69 കോടി രൂപ. 
∙റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണ് നിർമാണച്ചുമതല. 
 ∙കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണം പൂർത്തിയായാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാകും.
 ∙കാഞ്ഞിരപ്പള്ളി ടൗണിന്റെ സമഗ്രവികസനത്തിനു സാധ്യത.
 ∙ടൂറിസ്റ്റുകൾ, ശബരിമല തീർഥാടകർ, ദീർഘദൂര യാത്രക്കാർ എന്നിവർക്കു സമയലാഭം.

കെകെ റോഡിലെ ആദ്യ ഗ്രീൻഫീൽഡ് ബൈപാസ് 
പൂർണമായും പുതിയ ഭൂമിയിൽ നിർമിച്ചു വികസിപ്പിക്കുന്ന പദ്ധതികളെയാണു ഗ്രീൻഫീൽഡ് വിഭാഗത്തിൽ അറിയപ്പെടുന്നത്. പുതിയ സ്ഥലം കണ്ടെത്തി, ഏറ്റെടുത്ത് നിർമിക്കുന്നതിനാൽ നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസ് കെകെ റോഡിലെ ആദ്യ ഗ്രീൻഫീൽഡ് ബൈപാസായി ചരിത്രത്തിൽ ഇടംപിടിക്കും.  മുണ്ടക്കയം ബൈപാസ് കെകെ റോഡിന്റെ ഭാഗമായുണ്ടെങ്കിലും അതിലെ ഭൂരിഭാഗം റോഡും നിലവിലുണ്ടായിരുന്നത് ബൈപാസായി മാറ്റിയെടുത്തതാണ്. മണർകാട് വൺവേ ആയി പഴയ കെകെ റോഡും ഉപയോഗിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com