ADVERTISEMENT

കുറവിലങ്ങാട് ∙ ജനമൈത്രി പൊലീസ് പരിപാടിയിൽ ക്ലാസെടുക്കുമ്പോൾ എസ്ഐ കെ.വി.സന്തോഷ് പതിവായി പറയാറുള്ള വാചകമാണ്: നല്ല വാക്ക് ചൊല്ലണം, നന്മ ചെയ്തു വാഴണം എന്ന്. അടിയേറ്റ് റോഡിൽ വീണ് ചെവി പൊട്ടി വീട്ടിൽ കഴിയുമ്പോൾ ഇന്നലെ സന്തോഷിനു തോന്നി ജോലി രാജി വച്ചാലോ എന്ന്.  ഉഴവൂർ ടൗണിൽ കൂട്ടത്തല്ലു നടക്കുന്നതിനിടയിലേക്കാണ് എസ്ഐ കെ.വി.സന്തോഷിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് പൊലീസ് എത്തിയത്. രംഗം ശാന്തമാക്കാൻ ഇടപെടുന്നതിനിടെ ആദ്യം ചെവി പൊട്ടുന്ന ചീത്തയാണ് കേട്ടത്.

തൊട്ടുപിന്നാലെ ചെവിയടച്ചുള്ള അടിയും. റോഡിൽ വീണുപോയി സന്തോഷ്. അവിടെ കൂടി നിന്നവർക്കു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.  കാരണം ആരെയും അടിച്ചൊതുക്കും എന്ന മനോഭാവത്തിലായിരുന്നു അക്രമികൾ. ഇതു തനിക്കു കിട്ടിയ അടിയല്ല; നിയമത്തിനു പുല്ലുവില കൽപിക്കുന്ന ചിലർ സമൂഹത്തിനും പൊലീസ് സേനയ്ക്കും നേരെ നടത്തിയ വെല്ലുവിളിയാണ് എന്ന് സന്തോഷ് കരുതുന്നു.  മനസ്സിൽ ആഴത്തിൽ മുറിവേറ്റു. നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ട്. 

യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആൾക്കൂട്ടത്തിനു മുന്നിൽ നടുറോഡിൽ തല്ലിവീഴ്ത്തുന്നു. അതിന്റെ വിഷമം ഒരിക്കലും മനസ്സിൽ നിന്നു മായില്ല. എല്ലാവരെയും സംരക്ഷിക്കുന്ന പൊലീസിനു സ്വന്തമായി സംരക്ഷണ കവചം ഇല്ലെന്നു തോന്നിയതായും സന്തോഷ് പറയുന്നു.

കർണപുടം ഭാഗികമായി തകർന്ന സന്തോഷ് ഇപ്പോൾ വൈക്കത്തെ വീട്ടിൽ വിശ്രമത്തിലാണ്. 29 വർഷത്തെ പൊലീസ് സേവനത്തിനിടെ ആദ്യമാണിത്.  മാനസികവും ശാരീരികവുമായി തളർന്നു. ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും സംഘടനാ ഭാരവാഹികളും നാട്ടുകാരും നൽകിയ പിന്തുണയിൽ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം.

ജനമൈത്രി പൊലീസ്, കമ്യൂണിറ്റി പൊലീസ് എന്നിവയുടെ ചുമതല വഹിക്കുന്ന സന്തോഷ് സ്കൂളുകളിലും സ്ഥാപനങ്ങളിലും ക്ലാസുകൾ നടത്തുന്നുണ്ട്.  സന്തോഷ് സ്വയം വിലയിരുത്തുന്നത് ഇങ്ങനെയാണ് : മദ്യപാനവും പുകവലിയും ഇല്ല. തെറ്റായ മാർ‍ഗങ്ങളിലൂടെ പണം സമ്പാദിക്കാറില്ല. സമൂഹത്തിനു വേണ്ടി കഴിയാവുന്ന സഹായം ചെയ്തിട്ടുള്ളൂ. നല്ല കാര്യങ്ങളിൽ നിന്നു മാറി നിൽക്കാറില്ല. ആവശ്യമുള്ള സമയത്തു പ്രതികരിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com