ADVERTISEMENT

കോട്ടയം ∙ ഉൾനാടൻ ജല ടൂറിസത്തിനും വിനോദ കായിക മേഖലയ്ക്കും ഉണർവേകി, ജില്ലയിൽ ജലയാനങ്ങളുടെ ആദ്യ നിർമാണ കേന്ദ്രം സതേൺ ബോട്സ്, ‌ കോടിമതയിൽ ഇന്ന് ആരംഭിക്കും. വൈകിട്ട് 5നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.  മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി ഉൾനാടൻ ജല ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് സ്വകാര്യ പങ്കാളിത്തത്തോടെ നിർമാണ കേന്ദ്രം ആരംഭിക്കുന്നത്. മന്ത്രി വി.എൻ. വാസവൻ സ്പോർട്സ് - ടൂറിസം യാനങ്ങളുടെ ആദ്യ വിൽപന നടത്തും. 

ഓഫിസിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എംപിയും ബ്രോഷർ പ്രകാശനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും നിർവഹിക്കും. വാട്ടർ സ്കൂട്ടർ, ഹയാക്കിങ് യാനങ്ങൾ, സ്പീഡ് ബോട്ടുകൾ, ഇലക്ട്രിക്കൽ യാനങ്ങൾ അടക്കമുള്ള യാനങ്ങളും നാവിഗേഷൻ സംവിധാനങ്ങൾ മുതൽ വാട്ടർ സ്പോർട്സ് ഗിയർ വരെയുള്ള ബോട്ടിങ് ആക്സസറീസും നിർമാണ കേന്ദ്രത്തിൽ ലഭ്യമാക്കും.

പ്രത്യേക സീസണുകളിൽ താഴത്തങ്ങാടിയിലെ മീനച്ചിലാറ്റിലും വാട്ടർ സ്പോർട്സിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും. കോടിമതയിൽ നിന്നും ആരംഭിച്ചു ദിവസേന പ്രവർത്തിക്കുന്ന സ്പോർട്സ് - ടൂറിസം ബോട്ടുകൾ തിരുവാർപ്പിലെ വെട്ടിക്കാട്ട്, കുമരകത്തെ പത്ത്പ്പങ്കിലേക്കും സന്ദർശകരെ എത്തിക്കാനും പദ്ധതികളുണ്ട്.

ഇവിടെ രണ്ടിടത്തും വാട്ടർ സ്പോർട്സിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പദ്ധതി കോഓർഡിനേറ്റർ കെ. അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജാ അനിൽ, സതേൺ ബോട്ടിങ് മാനേജിങ് ഡയറക്ടർ ബെറ്റി കെ.കുര്യൻ, സണ്ണി സെബാസ്റ്റ്യൻ, ഡോ.ജേക്കബ് ജോർജ്, എൻ.രവീന്ദ്രൻ, ഏബ്രഹാം കുര്യൻ, ബി.ശശികുമാർ, കെ.എം. സിറാജ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com