ADVERTISEMENT

കിടങ്ങൂർ ∙ പഞ്ചായത്ത് 2-ാം വാർഡിൽ വടുതലപ്പടി ഭാഗത്ത് പാടശേഖരത്തിനു സമീപം താമസിക്കുന്ന 12 കുടുംബങ്ങളുടെ റോഡ് എന്ന സ്വപ്നം പൂവണിഞ്ഞു. കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി വീട്ടുമുറ്റത്ത് വാഹനം എത്തുക എന്നത് ഇവരുടെ ചിരകാല സ്വപ്നമായിരുന്നു. വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ദുരിതമായിരുന്നു വടുതലപ്പടി നിവാസികളുടെ ജീവിതം.

200 മീറ്ററോളം പാടശേഖരത്തിലെ ഒറ്റയടി പാതയായിരുന്നു ഏക ആശ്രയം. മഴക്കാലമായാൽ വെള്ളക്കെട്ട് മൂലം നടക്കാൻപോലും വയ്യാത്ത സ്ഥിതിയായിരുന്നു. ഒരു വർഷം മുൻപാണ് ഈ ഭാഗത്തേക്കു താൽക്കാലികമായി റോഡ് തുറന്നത്. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ഡോ.മേഴ്‌സി ജോൺ, പഞ്ചായത്ത് മെംബർ സിബി സിബി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളാണ് റോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.

എന്നാൽ, പാടശേഖരത്തിലൂടെ നിർമിച്ച റോഡിലൂടെ വീടുകളിൽ വാഹനം എത്തുമായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് വടുതലപ്പടി നിവാസികളുടെ വീടുകളിൽ‍ വാഹനമെത്തിയത്. 200 മീറ്റർ നീളത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിക്കുകയും റോഡ് മണ്ണിട്ട് ഉയർത്തുകയും ആരംഭ ഭാഗം റോഡ് കോൺക്രീറ്റിങ് നടത്തുകയും ചെയ്തു.

നിർമാണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡോ.മേഴ്‌സി ജോൺ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി.സുരേഷ്, സിബി സിബി, ഹേമ രാജു, കുഞ്ഞുമോൾ ടോമി, ജയിംസ് എറികാട്ട്, ജിൻസ് കൊശപ്പള്ളിൽ, ചന്ദ്രശേഖരൻ നായർ മുണ്ടനാട്ട്, സോമശേഖരൻ നായർ പേരൂത്താഴെ, ഷാജി ലൂക്കോസ്, തോമസ് വടുതല, വിജയൻ കോതാകുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com