ദയവായി വെള്ളം ഇങ്ങനെ മലിനമാക്കരുത്; മരങ്ങൾ വീണ് വലിയ തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്നു

Mail This Article
പാലകര ∙ തോട്ടിൽ വീണ് കിടക്കുന്ന മരങ്ങൾ നീക്കാൻ നടപടിയില്ല. വലിയ തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്നു. കടുത്തുരുത്തി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അടച്ചു പൂട്ടിയ പിഎൽസി ഫാക്ടറി കോംപൗണ്ടിൽ നിന്നാണ് പൂവക്കോട് പാലത്തിന് താഴെ മരങ്ങൾ വലിയ തോട്ടിലേക്ക് വീണ് കിടക്കുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിലും കാറ്റിലുമാണ് മരങ്ങൾ വീണത്. മരങ്ങൾ വീണ് കുടിവെള്ള പദ്ധതികളിലേക്കുള്ള വൈദ്യുതി ലൈനും ട്രാൻസ്ഫോമറും നശിച്ചിരുന്നു. എന്നാൽ പിന്നീട് ജനപ്രതിനിധികളുടെ ഇടപെടൽ മൂലം കെഎസ്ഇബി അധികൃതർ മരങ്ങൾ നീക്കി ലൈനും ട്രാൻസ്ഫോമറും പുനഃസ്ഥാപിച്ചു.
തോട്ടിലേക്ക് വീണു കിടക്കുന്ന മരങ്ങൾ ഇതുവരെ നീക്കിയിട്ടില്ല. മരങ്ങൾ ആര് നീക്കും എന്നത് സംബന്ധിച്ച് തർക്കവും നില നിൽക്കുന്നുണ്ട്. പഞ്ചായത്തോ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളോ ഇടപെട്ട് തോടിന് കുറുകെ കിടക്കുന്ന മരങ്ങൾ നീക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. തോടിനു കുറുകെ മരങ്ങൾ കിടക്കുന്നതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പൂവക്കോടിന് സമീപത്തെ മരങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ തോടിന് കുറുകെയുള്ള മാവടി തടയണയ്ക്ക് (ചീപ്പ്) ഭീഷണിയാകുമെന്ന് കൃഷിക്കാരും പരിസരവാസികളും പറയുന്നു. പഞ്ചായത്തോ ജനപ്രതിനിധികളോ ഇടപെടണം എന്നാണ് ആവശ്യം ഉയരുന്നത്.

കുളിക്കടവിൽ നിറയെ മാലിന്യങ്ങൾ
പാലകര ∙ കടുത്ത വേനൽ ചൂടിൽ നാട് വറ്റി വരളുമ്പോൾ നിരവധി കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുളിക്കടവ് മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായി. കടുത്തുരുത്തി ,ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വലിയ തോടിലെ പൂവക്കോട് കടവാണു മാലിന്യങ്ങൾ നിറഞ്ഞ് ദുർഗന്ധ പൂരിതമായത്. പൂവക്കോട് പാലത്തിൽ നിന്നു തോട്ടിലേക്ക് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും മാലിന്യം കെട്ടി തോട്ടിലേക്ക് തള്ളുന്നത് പതിവാണ്. ഈ മാലിന്യങ്ങൾ നീരൊഴുക്കു നിലച്ച് തോട്ടിൽ തങ്ങി നിന്ന് ചീഞ്ഞഴുകി ദുർഗന്ധം വമിക്കുകയാണ്.
ഇതോടെ പൂവക്കോട് കടവ് ഉപയോഗിക്കാൻ കഴിയാതായി. പാലകര, പള്ളിമല, പാഴുത്തുരുത്ത്, പൂവക്കോട് ഭാഗങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ പൂവക്കോട് കടവിൽ തുണി നനയ്ക്കുന്നതിനും കുളിക്കുന്നതിനും മറ്റും എത്തിയിരുന്നതാണ്. കൂടാതെ ഇവിടെ മരണാനന്തര ശേഷ ക്രിയകൾക്കായും ആളുകൾ എത്തിയിരുന്നു. കടവ് മലിനമായയതോടെ ആരും കടവിലേക്ക് എത്താത്ത സ്ഥിതിയാണ്.
പാമ്പ് വലയിൽ കുരുങ്ങിചത്തു; ദുർഗന്ധം രൂക്ഷം
പൂവക്കോട് ∙ വലിയ തോട്ടിൽ ആരോ മീൻ പിടിക്കാൻ സ്ഥാപിച്ച വലയിൽ പെരുമ്പാമ്പ് കുടുങ്ങി ചത്തു. രൂക്ഷമായ ദുർഗന്ധവും വലയിൽ അടിഞ്ഞ മാലിന്യവും മൂലം തോട്ടിൽ തുണി നനയ്ക്കാനോ കുളിക്കാനോ കഴിയാത്ത സ്ഥിതിയിൽ നാട്ടുകാർ. പൂവക്കോട് കടവിന് സമീപമാണ് ഒടക്കുവലയിൽ പാമ്പ് കുരുങ്ങി ചത്തത്. ദിവസങ്ങളായി . ഇതുവരെ വല നീക്കാനോ ചത്ത പാമ്പിനെ നീക്കം ചെയ്യാനോ ആരും തയാറായിട്ടില്ല. രൂക്ഷമായ ദുർഗന്ധം പരിസരമാകെ പരന്നെങ്കിലും പഞ്ചായത്ത് അധികൃതരോ ജനപ്രതിനിധികളോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.