ADVERTISEMENT

കടുത്തുരുത്തി ∙ അക്കൗണ്ടന്റ്, വിദ്യാർഥിനി, കരാട്ടെ പരിശീലക ഈ വേഷങ്ങളെല്ലാം ഒരുമിച്ച് അണിയുകയാണ് കുറുപ്പന്തറ തടത്തിപ്പറമ്പിൽ (പാറക്കാലാ) പ്രീതി ഷാജി ( 37). വർഷങ്ങളായി കരാട്ടെ പരിശീലിപ്പിക്കുന്ന പ്രീതിക്ക് നൂറു കണക്കിന് ശിഷ്യരുണ്ട്. ഭർത്താവ് ഷാജി കളരി ഗുരുക്കളാണ്. മക്കളായ ദേവപ്രിയ, ആദിത്യ, ആദിദേവ് എന്നിവർ അമ്മയ്ക്കു കീഴിൽ കരാട്ടെ പരിശീലനം നടത്തുന്നു. പ്രീതിയുടെ വീട് ആയോധന കലകളുടെ തറവാടെന്നു പറയാം.

വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രീതി കരാട്ടെ പരിശീലനം ആരംഭിച്ചത്. 2002ൽ ബ്ലാക്ക് ബെൽറ്റ് ലഭിച്ചു. തുടർന്നായിരുന്നു വിവാഹം. മക്കളുടെ ജനനത്തോടെ കുറച്ചു വർഷം കരാട്ടെ പരിശീലനം നിർത്തിവച്ചു. 2010ൽ ഭർത്താവിന്റെയും ഗുരുക്കന്മാരുടെയും പിന്തുണയോടെ വീണ്ടും പരിശീലനം ആരംഭിച്ചു. കരാട്ടെയിൽ ബ്ലോക്ക് ത്രീ ഡാൻ ഉടമയാണ് പ്രീതി ഇപ്പോൾ.

പാലാ അൽഫോൻസ കോളജ്, വടവാതൂർ നവോദയ സ്കൂൾ എന്നിവിടങ്ങളിലും മറ്റനേകം കോളജുകളിലും സ്കൂളുകളിലുമായി ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സ്വയം പ്രതിരോധത്തിൽ പരിശീലനം നൽകിയിട്ടുണ്ട് പ്രീതി. ഇത് ഇപ്പോഴും തുടരുകയാണ്. 2018ലാണ് സ്വന്തമായി കരാട്ടെ പരിശീലന സ്കൂൾ തുടങ്ങുന്നത്. മണ്ണാറപ്പാറയിൽ ജെകെഎംഒ ഇന്ത്യ ഷോട്ടോഖാൻ കരാട്ടെ അക്കാദമി എന്ന പേരിൽ തുടങ്ങിയ പരിശീലന ക്ലാസിൽ ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളുമടക്കം 40 പേർ പരിശീലനം നടത്തുന്നുണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമെല്ലാം അനേകം മത്സരങ്ങളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തു.

കുറുപ്പന്തറ പോളച്ചിറയിൽ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണു പ്രീതി. ശനിയും ഞായറും വിദ്യാർഥിനിയുടെ റോളിലേക്ക് മാറും. നാട്ടകം ഗവ. കോളജിൽ ഫിറ്റ്നസ് ട്രെയ്നിങ് എന്ന കോഴ്സ് പഠിക്കുന്നു. ഞായറാഴ്ച വൈകിട്ടും അവധി ദിവസങ്ങളിലും യൂണിഫോം അണിഞ്ഞ് തന്റെ കരാട്ടെ പരിശീലന കേന്ദ്രത്തിലുണ്ടാകും. കരാട്ടെ പരിശീലനത്തിലൂടെ ആത്മവിശ്വാസവും സ്വയം പ്രതിരോധവും നേടിയെടുക്കാനായതായി പ്രീതി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com