ADVERTISEMENT

മുണ്ടക്കയം ∙ കാട്ടുപോത്തിന്റെ കൊമ്പുകൾ കുത്തിക്കയറി തകർന്ന കാലുകൾ കമ്പുകൾ കൊണ്ടു കെട്ടിവച്ച് ജീവിതത്തിലേക്കു നടന്നത് രണ്ടു കിലോമീറ്റർ. മുൻപോട്ടു നീങ്ങാൻ കഴിയാതെ വന്നതോടെ സഹപ്രവർത്തകർ കമ്പുകൾ കൊണ്ടുണ്ടാക്കിയ സ്ട്രക്ചറിൽ ചുമന്നത് ഏഴ് കിലോമീറ്റർ. അങ്ങനെ ഇനി ഒരിക്കലും നടക്കാൻ കഴിയില്ല എന്നു കരുതിയിടത്തു നിന്നു ജീവിതത്തിലേക്ക് തിരിച്ചു നടന്ന പുഷ്പാംഗദൻ എന്ന ഫോറസ്റ്റ് വാച്ചർ ഇപ്പോഴും പുതുശ്ശേരി ഭാഗത്തെ വനത്തിൽ തന്റെ ജോലിയിൽ വ്യാപൃതനാണ്. കോരുത്തോട് മൂഴിക്കൽ ഓലിക്കൽ വീട്ടിൽ ഒ.ആർ. പുഷ്പാംഗദൻ 2021 ൽ പമ്പ റേഞ്ചിലെ വരയാറ്റു മുടി ഭാഗത്ത് ജോലി ചെയ്യുന്നതിനിടയാണ് കാട്ടുപോത്തിന്റെ മുന്നിൽപ്പെട്ടത്. 

കൂടെയുണ്ടായിരുന്നത് മറ്റൊരു വാച്ചറും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫിസറും മാത്രം. ഓടാൻ നോക്കിയെങ്കിലും വീണു പോയി. കാട്ടുപോത്തിന്റെ കൊമ്പുകൾ തുടയെല്ല് തുളച്ച് ആഴ്ന്നിറങ്ങി. ആശുപത്രിയിൽ കഴിഞ്ഞത് 6 മാസം. ഇതിനിടെ സർക്കാരിൽ നിന്നു കിട്ടിയത് 21000 രൂപ. പെരിയാർ ടൈഗർ റിസർവിൽ നിന്ന് 25000 രൂപയും ലഭിച്ചു. കിട്ടിയ തുക അപര്യാപ്തമാണെങ്കിലും കാടിനോടുള്ള സ്നേഹം കാരണം, ആദിവാസി വിഭാഗത്തിൽപ്പെട്ട പുഷ്പാംഗദൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഫോറസ്റ്റ് ഓഫിസർമാർ വനത്തിൽ പോകുമ്പോൾ കൈവശം വയ്ക്കുന്ന ആയുധങ്ങളോ വയർലെസ് സംവിധാനങ്ങളോ ഒന്നും വാച്ചർക്ക് ലഭ്യമല്ല. 

വന്യമൃഗത്താൽ ആക്രമിക്കപ്പെട്ട സ്ഥലത്ത് കൂടിയാണ് ഇപ്പോഴും യാത്ര. കയ്യിലുള്ളത് ഒരു ചെറിയ ഫോണും മനസ്സുനിറയെ ആത്മവിശ്വാസവും കാടിനോടുള്ള സ്നേഹവും മാത്രം. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ ഇത്തരത്തിൽ മലയോര മേഖലയിൽ പരുക്കേറ്റവർ ഒട്ടേറെയുണ്ട്. അപകടം സംഭവിച്ചെങ്കിലും അർഹമായ സഹായം കിട്ടിയില്ല എന്നൊരു പരിഭവം മാത്രമാണ് ഇദ്ദേഹത്തിനുള്ളത്.

ഷാജി രക്ഷപ്പെട്ടത് കൊമ്പിൻമുനയി‍ൽനിന്ന്
കൊമ്പുകുത്തി ∙ ആനയുടെ കൊമ്പുകൾക്കിടയിൽ നിന്നാണു ഷാജി ജീവിതത്തിലേക്കു പിടച്ചോടിയത്. 2021ൽ ബൈക്കിൽ യാത്ര ചെയ്യവേ ചെന്നാപ്പാറ മതമ്പ ഭാഗത്തു വച്ചാണു കൊമ്പുകുത്തി കുഴിയാനിക്കൽ ഷാജി (50) കാട്ടാനയ്ക്കു മുന്നിൽപ്പെട്ടത്. ആനയെ കണ്ടതും ഷാജി ബൈക്കിൽ നിന്നു വീണു. കുത്താൻ ആഞ്ഞ ആനയുടെ കൊമ്പുകൾ‌ക്ക് ഇടയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com