ADVERTISEMENT

കോട്ടയം ∙ വീട്ടുജോലിക്കും കുട്ടികളെ നോക്കാനും വിശ്വസ്തരായ സ്ത്രീകളെ ലഭിക്കുന്നില്ല എന്ന വിഷമത്തിലാണോ... കുടുംബശ്രീയുടെ ക്വിക് സെർവ് പദ്ധതി സഹായത്തിനുണ്ട്. വീട്ടുജോലി, ഗൃഹശുചീകരണം, ഓഫിസ് ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വയോധികരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയിൽ ഈ പദ്ധതി വഴി ജോലിക്കാരെ ലഭിക്കും. 

ജില്ലയിലാദ്യമായി കോട്ടയം നഗരസഭയിൽ ക്വിക് സെർവ് പദ്ധതി ആരംഭിച്ചു. അടുത്ത ഘട്ടത്തിൽ ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഗൃഹശുചീകരണം, കാർ വാഷിങ് എന്നിവ തുടങ്ങും. 26 പേരടങ്ങിയ സംഘമാണ് ഇപ്പോൾ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം നഗരസഭയിലാണു പദ്ധതി ആരംഭിച്ചതെങ്കിലും ജില്ലയിൽ എവിടെ നിന്നുള്ളവർക്കും ജോലിക്കാരെ ലഭിക്കും. 

മാറിവരുന്ന നഗരജീവിത സാഹചര്യങ്ങളെ നേരിടുന്നതിനു കുടുംബാംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണു കുടുംബശ്രീ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ നോർത്ത്, സൗത്ത് സിഡിഎസുകളാണു പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. സിഡിഎസ് ചെയർപഴ്സന്മാർ, നഗരസഭാ സെക്രട്ടറി, ജില്ലാ മിഷൻ കോഓർഡിനേറ്റർ എന്നിവരടങ്ങിയ മാനേജ്മെന്റ് കമ്മിറ്റിയാണു ക്വിക് സെർവിന്റെ പ്രവർത്തനം വിലയിരുത്തുക. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. 

ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ക്ഷേബ മാർകോസ്, കൗൺസിലർമാരായ സിന്ധു ജയകുമാർ, ദിവ്യ സുജിത്, ഷൈനി, ജാൻസി ജേക്കബ്, ജിഷ ജോഷി, സിഡിഎസ് അധ്യക്ഷരായ പി.ജി.ജ്യോതിമോൾ, നളിനി ബാലൻ, മെംബർ സെക്രട്ടറി ടി.എ.തങ്കം, സിറ്റി പ്രോജക്ട് ഓഫിസർ ടി.പ്രകാശ്, എൻയുഎൽഎം സിറ്റി മിഷൻ മാനേജർ ടോണി ജോസ്, കമ്മ്യൂണിറ്റി ഓർഗനൈസർ ബിന്ദു കെ.നായർ, ബിന്ദു ശിവൻ, ഉഷ മോനിച്ചൻ, മഞ്ജു എന്നിവർ പ്രസംഗിച്ചു.  കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9495531679

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com