ADVERTISEMENT

ഏറ്റുമാനൂർ ∙ കട്ടപ്പനയിലെ ഇരട്ടക്കൊലപാതകക്കേസിൽ പോസ്റ്റ്മോർട്ടം നടപടികൾ നാളെ കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിക്കും. അഴുകിയ നിലയിലുള്ള മ‍ൃതദേഹം ഇപ്പോൾ മെ‍ഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇവ പുറത്തെടുത്തു വൃത്തിയാക്കും. കട്ടപ്പനയിൽനിന്നു മൃതദേഹാവശിഷ്ടങ്ങൾ 2 പെട്ടികളിലായാണു കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുവന്നത്. നെല്ലാനിക്കൽ എൻ.ജി.വിജയൻ, വിജയന്റെ മകളുടെ കുഞ്ഞ് എന്നിവരാണു കട്ടപ്പനയിൽ കൊല്ലപ്പെട്ടത്. 

ഇതിൽ വിജയന്റെ മൃതദേഹം ഞായറാഴ്ചത്തെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ പെട്ടിയിൽ വിജയന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തന്നെയാണോ അതോ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങളാണോ എന്നതിൽ വ്യക്തതയില്ല. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തിട്ടില്ലെന്ന വിവരമാണു പൊലീസ് പങ്കുവയ്ക്കുന്നത്. തെളിവുകളൊന്നും നഷ്ടപ്പെടാതെ സൂക്ഷ്മമായി പരിശോധന നടത്തേണ്ടതിനാലാണു ധൃതി പിടിച്ചുള്ള പോസ്റ്റ്മോർട്ടം നടപടികളിലേക്കു നീങ്ങേണ്ടെന്ന നിലപാടിലേക്കു പൊലീസും ഫൊറൻസിക് സംഘവുമെത്തിയത്. 

മൃതദേഹം അഴുകിയതിനാൽ‌ കൊല്ലപ്പെട്ടെന്നു പറയുന്ന വിജയന്റേതു തന്നെയാണോയെന്നു ഡിഎൻഎ പരിശോധന മുഖേന സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി മക്കളുടെ രക്തസാംപിളുകൾ ശേഖരിക്കാനൊരുങ്ങുകയാണു മെഡിക്കൽ സംഘം. നവജാത ശിശുവിന്റെ ഡിഎൻഎ പരിശോധന ആവശ്യമെങ്കിൽ അമ്മയുടെ രക്തസാംപിളുകളും ശേഖരിക്കും. 

നടപടികൾ നരബലി കേസിനു സമാനം
പത്തനംതിട്ട ഇലന്തൂർ നരബലി കേസിനു സമാനമായ പരിശോധന നടപടികളാണു ഫൊറൻസ് സംഘം കട്ടപ്പന കേസിലും നടത്തുന്നത്. സാധാരണ നിലയിൽ ഇത്തരം കേസുകളിൽ ഫൊറൻസിക് സംഘം തെളിവെടുപ്പിനും മൃതദേഹം കണ്ടെത്തുന്ന സ്ഥലത്തും നേരിട്ടുപോകുന്ന പതിവില്ല. എന്നാൽ ഏറെ വിവാദമായ നരബലി കേസിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ഫൊറൻസിക് സംഘം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുമ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. കേസിലെ ശാസ്ത്രീയമായ ഒരു തെളിവും നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്.

കൂടാതെ പ്രതി കൃത്യം നടത്തിയ രീതികൾ വിവരിക്കുമ്പോഴും സംഘം ഒപ്പമുണ്ടായിരുന്നു. പ്രതിയുടെ മൊഴിയും കൊല ചെയ്ത രീതിയും നേരിൽ കണ്ട് മനസ്സിലാക്കി ഇക്കാര്യങ്ങൾ പോസ്റ്റ്മോർട്ട പരിശോധനയിൽ യോജിക്കുന്നുണ്ടോയെന്നു കണ്ടെത്തുന്നതിനായാണ് അന്വേഷണ സംഘത്തോടൊപ്പം മെഡിക്കൽ ടീം പങ്ക് ചേർന്നത്. കട്ടപ്പനയിലും മൃതദേഹം കണ്ടെടുക്കുമ്പോൾ ഫൊറൻസിക് സംഘമെത്തിയിരുന്നു.

English Summary:

Two boxes at Kottayam Medical College; In one, Vijayan's dead body, in the other..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com