ADVERTISEMENT

ചങ്ങനാശേരി ∙ ആ ചരിത്ര നിർമിതി ഇനി ഓർമ… ജനറൽ ആശുപത്രി പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നത്. ജീവൻ കൈവിട്ട് പോകുമെന്ന് കരുതി ഓടിയെത്തിയവരെ തിരികെ ജീവിതത്തിലേക്ക് നടത്തിവിട്ട കഥകൾ ഏറെ പറയാനുണ്ട് പഴയ ആശുപത്രി കെട്ടിടത്തിന്. പലരുടെയും ശരീരം തിരികെ ജീവിതത്തിലേക്ക് തുന്നിക്കെട്ടി പിന്നീട് പ്രശസ്തരായതും നിത്യസ്മരണയിലേക്ക് മറഞ്ഞതുമായ ഡോക്ടർമാരും ഏറെ. ചങ്ങനാശേരിക്കു പുറമേ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നുള്ള ആളുകൾ ചികിത്സ തേടിയെത്തിയ കഥയുമുണ്ട് പറയാൻ. 

kottayam-changanassery-hospital-4
ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടം പൊളിക്കാൻ തുടങ്ങിയപ്പോള്‍.

പ്രായത്തിന്റെ അവശതകൾ പുറം ചുവരുകളിലൂടെ പ്രകടമായിരുന്നെങ്കിലും 128 വർഷങ്ങൾ പിന്നിടുമ്പോഴും ചെറിയ കുന്നിൻ മുകളിൽ തലയെടുപ്പോടെ നിൽക്കുകയായിരുന്നു ഓടിട്ട പഴയ ആശുപത്രി കെട്ടിടം. തേക്കിൻ തടിയിൽ മറ്റും തീർത്ത ഇടനാഴി തൂണുകളും മേൽക്കൂരകളും പഴമയുടെ പ്രൗഢി വിളിച്ചോതി. കതകിലും ജനലുകളിലും ആ ഭംഗി നിലനിന്നിരുന്നു. ‘ഡിസ്പെൻസറി ചങ്ങനാശേരി’യെന്ന് വർഷങ്ങൾക്ക് മുൻപ് തടിയിൽ കൊത്തിവച്ചത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർമയെന്നപോലെ അവശേഷിക്കുന്നു. 

 പഴയ ആശുപത്രി കെട്ടിടത്തിനുള്ളിലെ ഇടനാഴി പൊളിച്ചു മാറ്റാൻ ആരംഭിച്ചപ്പോൾ.
പഴയ ആശുപത്രി കെട്ടിടത്തിനുള്ളിലെ ഇടനാഴി പൊളിച്ചു മാറ്റാൻ ആരംഭിച്ചപ്പോൾ.

എന്നാൽ പ്രായമേറും തോറും മനുഷ്യനെ അലട്ടുന്ന അവശതകളെന്ന പോലെ പഴയ കെട്ടിടത്തിനെയും അവശതകൾ അലട്ടിയിരുന്നു. ചുമരുകൾ പലതും ഇടിഞ്ഞു വീണു. കെട്ടിടം അപകടാവസ്ഥയിലായി. ആശുപത്രിയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്കും പാർക്കിങ്ങിനും സ്ഥലപരിമിതി വെല്ലുവിളിയായിരുന്നു. ഒടുവിൽ ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ തീരുമാനിച്ചു. സൂപ്രണ്ടിന്റെ മുറി, ഓഫിസ്, ആർഎംഒയുടെ മുറി എന്നിവയാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവ മറ്റു ബ്ലോക്കിലേക്ക് മാറ്റും. ഉടനെ തന്നെ കെട്ടിടം പൂർണമായും പൊളിച്ചു നീക്കും. 2021 മേയിൽ ആയിരുന്നു പഴയ കെട്ടിടത്തിന്റെ ശതോത്തര രജത ജൂബിലി ആഘോഷം. കോവിഡ് കാലമായിരുന്നതിനാൽ ആഘോഷമുണ്ടായിരുന്നില്ല. 

ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടസമുച്ചയം (ഫയൽ ചിത്രം)
ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടസമുച്ചയം (ഫയൽ ചിത്രം)

∙ ആശുപത്രി ചരിത്രം 
ചങ്ങനാശേരിയിൽ ആശുപത്രി ഇല്ലാതിരുന്നതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി തിരുവിതാംകൂർ ഗവൺമെന്റിലേക്കു പല തവണ അപേക്ഷിച്ചതിന്റെ തുടർച്ചയായി ജനങ്ങൾ ചെലവ് ചെയ്ത് നിർമാണം നടത്തിയാൽ ഒരു അപ്പോത്തിക്കരിയെ ഇവിടേക്കു നിയമിക്കാമെന്നും മരുന്നുകൾ സർക്കാരിൽ നിന്നു കൊടുക്കാമെന്നു സമ്മതിച്ച് ദിവാൻ ശങ്കരസുബ്ബയ്യർ അനുമതി നൽകിയതോടെയാണ് ചങ്ങനാശേരിയിൽ ആശുപത്രി രൂപപ്പെടുന്നത്. കത്തിടപാടുകൾക്കു നേതൃത്വം നൽകിയ ഫാ. സിറിയക് കണ്ടങ്കരിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ യോഗം വിളിച്ചു ചേർക്കുകയും നിർമാണത്തിനായി 500 രൂപ കണ്ടെത്തുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത പരപ്പനങ്ങാട് രാജരാജവർമ തമ്പുരാൻ 100 രൂപയാണ് നിർമാണത്തിനായി അന്ന് നൽകിയത്. സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളി ആശുപത്രിക്കായി 12 സെന്റ് സ്ഥലം നൽകിയെന്നും ബാക്കി ജനങ്ങളിൽ നിന്നു ഏറ്റെടുക്കുകയായിരുന്നു എന്നുമാണ് ചരിത്രം. 

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 84 കോടി രൂപ ചെലവഴിച്ചുള്ള പുതിയ ആശുപത്രി സമുച്ചയത്തിന്റെ നിർമാണമാണ് ആരംഭിക്കുന്നത്. 5 ഓപ്പറേഷൻ തിയേറ്റർ പുതിയ കെട്ടിടത്തിലുണ്ടാകും. ചങ്ങനാശേരിക്കു പുറമേ സമീപ ജില്ലകളിൽ നിന്നും ചികിത്സ തേടിയെത്തുന്നവരെ കൂടി മുൻകൂട്ടി കണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്.

∙ ഉദ്ഘാടനം 
1895 മേയ് 8ന് ആശുപത്രി ഉദ്ഘാടനം ചെയ്തു. ഫാ. റെക്കോർഡ്സിന്റെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. ആശുപത്രിക്കായി പള്ളി നൽകിയ താൽക്കാലിക കെട്ടിടത്തിന്റെ താക്കോൽ ഫാ.സിറിയക് കണ്ടങ്കരി , മജിസ്ട്രേട്ടിനെ ഏൽപിച്ചു. ഡോ.തോമസ് കോര ആയിരുന്നു ആദ്യ അപ്പോത്തിക്കരി (ഡോക്ടർ). ജില്ലാ ഡിസ്പെൻസറി എന്നായിരുന്നു ആദ്യ പേര്. 

∙ ഇപ്പോൾ 
വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയ ചങ്ങനാശേരി ജനറൽ‌ ആശുപത്രി ഇപ്പോൾ ഏറ്റവും മികച്ച ജനറൽ ആശുപത്രികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. പ്രധാന ഡിപ്പാർട്മെന്റുകൾ എല്ലാം ആശുപത്രിയിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഒപി റജിസ്ട്രേഷൻ ബ്ലോക്ക്, ഓക്സിജൻ പ്ലാന്റ്, നിർമാണം പുരോഗമിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ വികസനപ്രവർത്തനങ്ങൾ നടക്കുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടസമുച്ചയങ്ങൾ എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളുടെ ആദ്യപട്ടികയിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com