ADVERTISEMENT

കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് താൽക്കാലിക റോഡിലൂടെ ചെറിയ ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങൾക്കു നിരോധം ഏർപ്പെടുത്തിതോടെ യാത്രക്കാർ വീണ്ടും പെരുവഴിയിൽ. 6 വീൽ ഉള്ള മറ്റു വാഹനങ്ങളും പൊലീസ് തടഞ്ഞു.കൊഞ്ചുമട, അട്ടിപ്പീടിക റൂട്ടുകളിലെ ചെറിയ ബസുകളും ചേർത്തലക്കുള്ള ഒരു ചെറിയ ബസും താൽക്കാലിക റോഡിലൂടെ സർവീസ് നടത്തി വരികയായിരുന്നു. വൈക്കം, ചേർത്തല റൂട്ടിലെ വലിയ ബസുകൾക്കു കൂടി താൽക്കാലിക റോഡിലൂടെ കടന്നു പോകുന്നതിനു അനുമതി വേണമെന്നു ആവശ്യപ്പെട്ടു ബസ് ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് താൽക്കാലിക റോഡിലൂടെ ഒരു ബസുകളും പോകേണ്ടെന്നു ഉത്തരവ് വന്നു. താൽക്കാലിക റോഡിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നത് നിരോധിച്ചിരുന്നതാണ്. കൊഞ്ചുമട, അട്ടിപ്പീടിക റൂട്ടിലെ യാത്രാക്ലേശം പരിഗണിച്ചു ഇവിടേക്കു ചെറിയ ബസുകൾ പോകുന്നതിനു ബന്ധപ്പെട്ട കമ്മിറ്റി അനുമതി നൽകിയിരുന്നു. 

ഈ ബസുകൾ സർവീസ് നടത്തുന്നത് ചൂണ്ടിക്കാട്ടി ചേർത്തല റൂട്ടിലെ ചെറിയ ബസിന്റെ ഉടമയും താൽക്കാലിക റോഡിലൂടെ കടന്നു പോകാൻ അനുമതി നേടുകയും രണ്ടാഴ്ചയായി ഈ ബസ്, സർവീസ് നടത്തി വരികയുമായിരുന്നു. ഈ സാഹചര്യത്തിലാണു വലിയ ബസുകൾ ഉള്ള ഏതാനും ഉടമകൾ കോടതിയെ സമീപിച്ചത്. താൽക്കാലിക റോഡിലൂടെ ബസുകൾ പോകരുതെന്നു ഉത്തരവ് ഉണ്ടായിട്ടും പോകുന്നതായി കാണിച്ചു ബസ് ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചതോടെ പൊലീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ താൽക്കാലിക റോഡിലൂടെ കടന്നു പോകുന്നത് ഇന്നലെ തടയുകയായിരുന്നു. 

പാലം പൊളിച്ച ശേഷം 3 മാസക്കാലം ബസ് സർവീസ് ഇല്ലാതെ കൊഞ്ചുമട, അട്ടിപ്പീടിക റൂട്ടിലെ യാത്രക്കാർ ബുദ്ധിമുട്ടി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ചെറിയ ബസുകൾ കടത്തി വിടാൻ തീരുമാനിക്കുകയായിരുന്നു.ഈ റൂട്ടിലെ യാത്രക്കാർ വീണ്ടും യാത്ര ക്ലേശത്തിലായി. ഇന്നലെ ഉച്ചകഴിഞ്ഞു മുതൽ ബസ് സർവീസ് നിലച്ചു. രാവിലെ കോട്ടയത്തിനും മറ്റു സ്ഥലങ്ങളിലും പോയവർ ഉച്ചകഴിഞ്ഞ ആറ്റാമംഗലം പള്ളി ഭാഗത്ത് ഇറങ്ങി ഓട്ടോ റിക്ഷയിലും കാൽനടയായുമാണ് വീടുകളിൽ തിരികെ എത്തിയത്. ഇന്ന് മുതൽ യാത്രക്കാർക്കു നേരത്തെ അനുഭവിച്ച ദുരിതയാത്രയാകും. താൽക്കാലിക റോഡിലൂടെ ചെറിയ ബസുകൾ സർവീസ് നടത്തുന്നതിനായി പഞ്ചായത്ത് കോടതിയെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പറഞ്ഞു.

ബസ്  നിർത്തലാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം
കുമരകം ∙ പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ ബസ് സർവീസ് നിർത്തലാക്കിയ നടപടിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ബസ് സർവീസ് നിലച്ചതിനാൽ യാത്രക്കാർ ഇന്നലെ മുതൽ ദുരിതത്തിലാണ്. കൊഞ്ചുമട, അട്ടിപ്പീടിക ഭാഗത്തുള്ളവർ ആറ്റാമംഗലം പള്ളി ഭാഗം വരെ കിലോ മീറ്ററുകൾ നടന്നു പോകേണ്ട ഗതികേടിലാണ് . സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഓട്ടോറിക്ഷയെ ആശ്രയിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണ്.യാത്രാക്ലേശം പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സി.ജെ സാബു അധ്യക്ഷത വഹിച്ചു. എ.വി. തോമസ്, കുഞ്ഞച്ചൻ വേലിത്തറ, രഘു അകവൂർ, പി.എ. ഹരിശ്ചന്ദ്രൻ,സലിമ ശിവാത്മജൻ,പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ് നടുവിലേപ്പറമ്പിൽ, ദിവ്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com