നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം: തുടർനടപടികൾ റവന്യു വകുപ്പ് ഏറ്റെടുക്കും
Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനം ഇറങ്ങിയതോടെ സർവേ അടക്കമുള്ള തുടർനടപടികൾ റവന്യു വകുപ്പ് ഏറ്റെടുക്കും. 11(1) വിജ്ഞാപനം ഇറങ്ങി 3 വർഷത്തിനുളളിൽ സ്ഥലം പൂർണമായും ഏറ്റെടുത്ത് സർക്കാരിനു കൈമാറണമെന്നാണു ചട്ടം.
ഇനിയുള്ള നടപടിക്രമങ്ങൾ:
∙ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ ആരംഭിക്കുന്നതിന്റെ ഭാഗമായി സർവേ ടീമിനെ കലക്ടർ നിയോഗിക്കും. ഇതുവരെ സ്വകാര്യ ഏജൻസികളാണു സർവേ നടത്തിയിട്ടുള്ളത്. റവന്യു വകുപ്പിന്റെ സർവേ തുടങ്ങുന്നത് ഇനിയാണ്.
∙ ഏറ്റെടുക്കുന്ന പ്രദേശത്തെ എല്ലാ സ്ഥല ഉടമകൾക്കും സമീപ സ്ഥലം ഉടമകൾക്കും നോട്ടിസ് നൽകി വിളിച്ചുവരുത്തി സർവേ നടത്തും. 2–3 മാസം കൊണ്ടു സർവേ പൂർത്തിയാക്കും.
∙ സർവേ റിപ്പോർട്ട് ജില്ലാ സർവേ സൂപ്രണ്ടിനു സമർപ്പിക്കും.
∙ ജില്ലാ സർവേ സൂപ്രണ്ട് സ്കെച്ച് അംഗീകരിച്ച് സർക്കാർസ്ഥലമാക്കി മാറ്റും.
∙ ഈ ഘട്ടത്തിൽ എത്ര സ്ഥലം ഏറ്റെടുക്കുന്നതെന്നു വ്യക്തമാകും. ഏറ്റെടുക്കേണ്ട ഏതെങ്കിലും സ്ഥലം വിട്ടുപോകുകയോ വിജ്ഞാപനം ചെയ്ത അത്രയും സ്ഥലം വേണ്ടാതെ വരികയോ ചെയ്യുന്ന സാഹചര്യത്തിൽ അതിനു മാത്രമായി പുതിയ വിജ്ഞാപനം ഇറക്കും.
∙ ഇതിനു ശേഷം വില നിർണയം ആരംഭിക്കും. ഇതിനായി പ്രത്യേക റവന്യു സംഘത്തെ നിയോഗിക്കും.
∙ തൊഴിൽ നഷ്ടപ്പെടുന്ന വിവരങ്ങൾ രേഖപ്പെടുത്തും.
∙ സ്കെച്ച് പാസായി സ്ഥലവില നിശ്ചയിച്ച ശേഷം അവാർഡ് എൻക്വയറി നടത്തും. സ്ഥലം ഉടമകളോട് ആധാരവും മറ്റു രേഖകളും ബാങ്ക് പാസ്ബുക്കും ഹാജരാക്കാൻ ആവശ്യപ്പെടും.
∙ എല്ലാ മൂല്യനിർണയവും നടത്തിയ ശേഷം സ്ഥലവിലയും നിശ്ചയിച്ച് അവാർഡ് പാസാക്കും.
∙ ഈ സമയം തഹസിൽദാരുടെ അക്കൗണ്ടിലേക്കു പണം നൽകും. ഈ പണം ഓരോ സ്ഥലം ഉടമയുടെയും അക്കൗണ്ടിലേക്കു മാറ്റിനൽകും. .